<SiteLock

കൊറോണാക്കാലത്തെ അംബേദ്‌കർ ചിന്തകൾ

ഡോ. എം.ബി. മനോജ്

dr mb manojലോകത്തെ ഇന്ന് ഒരു മഹാമാരി പിടിമുറുക്കിയിരിക്കുന്നു. കൊറോണ എന്ന കോവിഡ്-19 എന്ന അവതാരമാണ് പ്രസ്തുത മഹാമാരി. രണ്ടാംലോക മഹായുദ്ധാനന്തരം ലോകം ഇത്രമാത്രം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഒരു വൈറസ് ആകുന്നു ഇതിന്റെ പ്രധാനപ്പെട്ട കാരണക്കാരൻ. ലോകം അതിന്റെ ഒരു നൂറ്റാണ്ടിനടുത്തുള്ള അനുഭവത്തിൽ യാദൃശ്ചികവും അപ്രധാനവുമായി കരുതിയ സന്ദർഭങ്ങളിൽ നിന്നാണ് ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. മരണം ഒന്നേകാൽ ലക്ഷം കഴിഞ്ഞിരിക്കുന്നു. രോഗബാധിതർ പതിനെട്ടു ലക്ഷത്തിനു മുകളിലാണ്. പുതിയ മേഖലകളിലേക്ക് രോഗം പടർ‍ന്നുകൊണ്ടിരിക്കുന്നു.

സമ്പന്ന രാഷ്ട്രങ്ങൾക്ക് കൊറോണ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കാതെ വന്നിരിക്കുന്നു. ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങൾക്കും അവികസിത രാജ്യങ്ങൾക്കും ഇത് അതിശയിപ്പിക്കുന്ന ദുരന്തയാഥാർത്ഥ്യമായി മാറിത്തീരുകയാണ്. ഏറ്റവും സമ്പന്നമായ, ശാസ്ത്ര സാങ്കേതിക മേഖലയിലും ആളോഹരി സാമ്പത്തിക മാനദണ്ഡത്തിലും എത്രയോ മുകളിൽ നിൽക്കുന്ന അമേരിക്ക, താരതമ്യേന ഒരു വികസ്വരരാജ്യം മാത്രമായ ഇന്ത്യയോട് മെഡിക്കൽ സഹായവും മരുന്നുകളും ആവശ്യപ്പെടുന്നു. ഒരുപക്ഷെ ഇതര വികസിത രാജ്യങ്ങൾ, ഇനി ഇതര വികസ്വര രാജ്യങ്ങളോട് ഇത്തരം അഭ്യർത്ഥനകൾ നടത്തിയേക്കാം. രണ്ടര ലക്ഷത്തോളം ആളുകൾ അമേരിക്കയിൽ മാത്രം മരണപ്പെട്ടേക്കാം എന്നായിരുന്നു ഏതാനും ദിവസങ്ങൾക്കു മുമ്പുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഒരു പ്രസ്താവന.

ഈ അവസ്ഥ നമ്മെ ചില പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്.

ആധുനിക ലോകം എന്നത് ദേശരാഷ്ട്രങ്ങളുടെ അതിരുകൾ രൂപപ്പെടുത്തുകയും ദേശീയതകളുടെ ഉദയത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ ലോകത്തിന്റെ പല പ്രദേശങ്ങളിലൂടെ സഞ്ചരിച്ചവർ, വിവിധ ഭാഷകളുള്ളവർ, ആചാരങ്ങളൊ, അനുഷ്ഠാനങ്ങളൊ ഉള്ളവർ, വംശങ്ങൾ, ഗോത്രങ്ങൾ, തുടങ്ങിയവരൊക്കെയും ദേശരാഷ്ട്രങ്ങളുടെ ഭാഗമാവുകയൊ, തിരസ്കരിക്കപ്പെടുകയൊ ചെയ്യുന്നതായിരുന്നു നാം കണ്ടത്.

സയൻസിന്റെയും സാങ്കേതിക മേഖലയുടെയും ഉദയമായിരുന്നു മറ്റൊന്ന്. പൗരസങ്കല്പങ്ങളും സമൂഹസങ്കല്പങ്ങളും ഇക്കാലത്തോടെ രൂപപ്പെട്ടു. ഇവയുടെ പ്രവർത്തനങ്ങളും അതിന്റെ പരിണാമവുമായിരുന്നു തൊണ്ണൂറുവരെ നാം കണ്ടത്.

ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ, പൊതുസമൂഹനിർമ്മിതി, പൊതുഇടങ്ങൾ തുടങ്ങിയ ആശയങ്ങളും, സാമ്പത്തിക, സാമൂഹിക അവകാശങ്ങൾ, വോട്ടവകാശം തുടങ്ങിയവ ഇതിൽ ചിലതായിരുന്നു. തൊണ്ണൂറുകളോടെ ഇത്തരം ആശയങ്ങൾക്ക് ചില മാറ്റം കണ്ടുതുടങ്ങി. ആഗോളീകരണം, സ്വകാര്യവൽകരണം, ലിബറലൈസേഷൻ എന്നിവയായിരുന്നു അത്. ഇത് സാമ്പത്തികവും സാമൂഹികവുമായ പല തിരിച്ചടികള്ക്കും കാരണമായിത്തീർന്നു. സ്വകാര്യമേഖലയുടെ വ്യാപനവും ക്ഷേമരാഷ്ട്രസങ്കല്പങ്ങളെ പിന്നോട്ടുതള്ളുന്ന, സാമ്പത്തിക നയങ്ങളും പൊതുസമൂഹ നിർമ്മിതിയെ അവഗണിക്കുന്ന പ്രിവിലേജ്ഡ് സമൂഹങ്ങളുടെ ഉദയത്തിനും കാരണമായി. അതോടൊപ്പം വിനാശകരമാംവിധം പാരിസ്ഥിതിക വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.

വൈജ്ഞാനിക മേഖലകളുടെ സ്ഥാനത്ത്, വ്യാപാരമത്സരങ്ങൾ സ്ഥാനം പിടിച്ചു. വിജ്ഞാനത്തെ അധികാര നിർമ്മിതിക്കുവേണ്ടി ഉപയോഗിക്കുന്ന ഗൂഢ പദ്ധതികൾക്കായി ഉപയോഗിച്ചു. ജനപ്രയോജനപ്രധാനമായ മാധ്യമങ്ങളുടെ സ്ഥാനത്ത്, വിനോദവ്യവസായം സ്ഥാനം പിടിച്ചു. വിഭവങ്ങൾക്കുവേണ്ടിയുള്ള കിടമത്സരങ്ങൾക്കു തുടക്കം കുറിച്ചു. ഇതാണ് തൊണ്ണൂറുകൾക്കു ശേഷം രൂപപ്പെട്ട ലോകസാഹചര്യം.

ഇത്തരമൊരു ലോകസാഹചര്യത്തിന്റെ അതിസങ്കീർണ്ണഘട്ടത്തിലാണ് കൊറോണാ വൈറസിന്റെ വ്യാപനം ലോകത്തുടനീളം സംഭവിക്കുന്നത്. അത് സൃഷ്ടിച്ച അനുഭവപാഠങ്ങളെക്കുറിച്ച് നാമിന്ന് നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടുമുതൽ 1960 വരെയുള്ള സുദീർഘമായ കാലഘട്ടത്തെ ആധുനിക കാലഘട്ടം എന്നാണ് നാം വിളിച്ചത്. 1960-നു ശേഷമുള്ള കാലഘട്ടത്തെ ആധുനികാനന്തര കാലഘട്ടം എന്നു നാം വിളിച്ചു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ചയും വ്യാപനവും. ആധുനികാനന്തര കാലഘട്ടത്തിന്റെ ഒരടയാളമായി നാം വിളിച്ച ഒരു പേര് 'ഡിജിറ്റൽ ഏജ്' എന്നായിരുന്നു. എന്നാൽ ഡിജിറ്റൽ ഏജിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ ആധുനിക, സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുള്ളതായിരുന്നു. എന്നാൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ മനുഷ്യർക്ക് അനുഗുണമായിത്തീർന്ന ചില സന്ദർഭങ്ങളിലൂടെ പ്രളയകേരളമുൾപ്പെടെ ലോകസാഹചര്യങ്ങൾ കടന്നുപോയിട്ടുണ്ട്. അതേസമയം ലോകമൊന്നടങ്കം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതയിലൂടെ കടന്നുപോകുന്ന ഒരു അനുഭവമണ്ഡലത്തിന് നിർബന്ധിതമാകുവാൻ കൊറോണകാലം നമ്മെ പഠിപ്പിക്കുന്നു.

ആരാധനകൾ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിശ്വാസികൾ കാണുന്ന സാഹചര്യം രൂപപ്പെട്ടു. ബിഷപ്പ് മാർ കൂറിലോസ് ചൂണ്ടിക്കാണിച്ചതുപോലെ മണിമന്ദിരങ്ങളും രമ്യഹർമ്മങ്ങളുമായ ആരാധനാലയങ്ങളെ നമുക്ക് ആസ്പത്രികളാക്കിയും ആതുരാലയങ്ങളാക്കിയും പരിവർത്തനപ്പെടുത്തേണ്ട സന്ദർഭങ്ങളാണ് വന്നണഞ്ഞിട്ടുള്ളത്. വായനശാലകളും ക്ലാസ്മുറികളും ഡിജിറ്റൽ സാങ്കേതിക മേഖലയിലേക്കും വീഡിയോ ക്ലാസ് മുറികളിലേയ്ക്കും പരിവർത്തനപ്പെട്ടു. സിനിമാ തിയേറ്ററുകൾ ഉള്പ്പെടെയുള്ള വിനോദ ഇടങ്ങൾ വീടിനുള്ളിലെ ടെലിവിഷൻ, മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകളിലേയ്ക്കു ചുരുങ്ങി. പാർക്കുകളും വിനോദ കേന്ദ്രങ്ങളും വീടുകൾക്കുള്ളിൽ രൂപപ്പെട്ടു. മാത്രവുമല്ല അവ സമൂഹ മാധ്യമങ്ങളിലേയ്ക്ക് പങ്കുവെയ്ക്കപ്പെട്ടു. കുടുംബാംഗങ്ങൾക്കുള്ളിൽ ഉറങ്ങിക്കിടന്ന കലാ-സാഹിത്യവാസനകൾ ലോകം അറിയുന്നതിന് കുടുംബാംഗങ്ങൾ അകമഴിഞ്ഞ് ഒപ്പം നിൽക്കുന്നു. അക്ഷരാർത്ഥത്തിൽ 'ഡിജിറ്റൽ ഏജ്' എന്നുവിളിക്കാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് 'ലോക്ഡൗൺ' കാലം പരിവർത്തിച്ചിട്ടുള്ളത്.

ലോകം ഇന്ന് കൊറോണ വൈറസിന്റെ അവതാരകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനെതിരെ ഏറ്റവും ശക്തമായ പ്രതിരോധം മുന്നോട്ടുവെയ്ക്കുന്നത് വൈദ്യശാസ്ത്രമാണ്. മെഡിക്കൽ സയൻസിന്റെ സംഭാവനയാണ് ഇന്ന് നാം ഏറ്റവും ആദരവോടെ ഓർക്കേണ്ട പ്രധാനപ്പെട്ട ഒന്ന്.

സയൻസിന്റെ പ്രത്യേകത എന്താണ്? സയൻസിനും, മതത്തിനും തമ്മിൽ എന്തെങ്കിലും അന്തരം ഉണ്ടോ? ഒരു മതം, അല്ലെങ്കിൽ ഒരു പ്രത്യയശാസ്ത്രം അത് ഉൾക്കൊള്ളുന്നവരിൽ മാത്രം സ്വാധീനിക്കുകയും അവരെ നയിക്കുകയും ചെയ്യുന്നു. എന്നാൽ സയൻസ് ആവട്ടെ, ഒരു കണ്ടുപിടുത്തമാവട്ടെ അത് എല്ലാവർക്കുമായി നിലകൊള്ളുന്നു. സയൻസ് പഠിക്കുവാനും, ആധുനിക വിജ്ഞാനം പഠിക്കുവാനും തയ്യാറാകുന്നവർ ആരായാലും അവർക്കൊക്കെയും അറിവ് നൽകുവാൻ അത് തയ്യാറാവുന്നു. ഇതാണ് അറിവിനെ സംബന്ധിച്ച ആധുനികമായ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. എന്നാൽ പല പ്രാചീന സമൂഹങ്ങളും ഇടുങ്ങിയ മനോഗണനയുള്ളവരായിരുന്നു.

അതുകൊണ്ടാണ് ആധുനിക ആശയങ്ങളെ സമഗ്രമായി പഠിക്കുകയും പരിഷ്കരിക്കുകയും ചെയ്ത ചിന്തകന്മാർ സയൻസിനും, യുക്തിചിന്തകൾക്കുമാണ് പ്രാധാന്യം നൽകിയത്. മാത്രവുമല്ല, മതേതരത്വത്തിനും, സോഷ്യലിസത്തിനും, ജനായത്തത്തിനും അവർ പ്രാധാന്യം നൽകുകയുണ്ടായി. പ്രാചീനവും പരമ്പരാഗതവുമായ ചികിത്സാരീതികളിൽ നിന്നും നിരന്തരമായി പരിവർത്തനത്തിനു വിധേയമായ ശാസ്ത്ര സാങ്കേതിക മണ്ഡലം, മനുഷ്യക്ഷേമത്തിനായി നിലയുറപ്പിക്കാൻ നിരന്തരം ശ്രമിച്ചു.

1896-ൽ ബോംബെയിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗിനെക്കുറിച്ചുള്ള പാഠങ്ങൾ മനസ്സിലാക്കുമ്പോഴാണ് നാം കടന്നുപോയ പരിണാമത്തിന്റെ പ്രാധാന്യം തിരിച്ചറിയുക. ഒരുകോടി ഇന്ത്യക്കാർ പ്ലേഗുബാധയിൽ മരണപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇന്ത്യയിൽ വികാസം നേടിയ ഒരു ആധുനിക മെഡിക്കൽ സയൻസ് അന്നുണ്ടായിരുന്നില്ല. പ്രാചീനവും പരമ്പരാഗതവുമായ മന്ത്രങ്ങളിലും മറ്റും ആശ്രയം കണ്ടെത്തിയ ബഹുഭൂരിപക്ഷം പേരും മരണത്തിന് ഇരയായി. അതുമാത്രവുമല്ല, ഇംഗ്ലീഷുകാർ കൊണ്ടുവന്ന ചികിത്സാരീതി ജാതിസ്പർദ്ധയും മതസ്പർദ്ധയും നിലനിന്നിരുന്ന നമ്മുടെ രാജ്യത്തിന് സ്വീകാര്യമായില്ല. ആധുനിക മെഡിസിനുകൾ സ്വീകരിക്കുന്നതിന് പല ഉപരിജാതികളും മടിച്ചു. ജാതിവ്യവസ്ഥയുടെ വേർതിരിവുകൾ അനുസരിച്ചുള്ള അശുപത്രികൾ രൂപംകൊണ്ടു. മരുന്നുകൾ വിതരണം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടർമാരോട് പലതരത്തിലുള്ള എതിർപ്പിന് ഇത് കാരണമായി. ഹിന്ദു, മുസ്ലിം, അയിത്തജാതി ആശുപത്രികൾ വേണമെന്നുപോലും അപരിഷ്കൃതരായ ഇന്ത്യക്കാർ വാദിച്ചു. ബോംബെയിൽ പ്ലേഗ് രോഗം കൈകാര്യം ചെയ്തിരുന്ന മെഡിക്കൽ കമ്മീഷണർ ഉന്നതജാതിക്കാരാൽ വധിക്കപ്പെടുന്നിടത്തുവരെ ഇത് എത്തിച്ചേർന്നു.

പ്രകൃതിക്ഷോഭങ്ങൾ പോലെ, മനുഷ്യൻ നേരിടേണ്ടിവന്നിരുന്ന മഹാമാരികളിലൊന്നാണ് മാരക രോഗങ്ങളുടെ വ്യാപനങ്ങളും. എന്നാൽ ഈ കാര്യം മനുഷ്യർ പലപ്പോഴും മറന്നുപോകാറുണ്ട്. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയവരാണ് ലോകത്തിലെ ഓരോ രാജ്യങ്ങളും. ബംഗാൾ ക്ഷാമം ഉൾപ്പെടെയുള്ളവയിലൂടെ കടന്നുപോകുന്നവരാണ് നാം ഇന്ത്യക്കാർ. നമ്മുടെ ക്ഷാമങ്ങൾക്ക് പ്രധാനമായും കാരണക്കാർ നമ്മൾ തന്നെയായിരുന്നു. ഇന്ത്യയിലെ ഫ്യൂഡൽ ലാന്റ് ലോർഡുകളാണ് ഇന്ത്യയിൽ ബഹുഭൂരിപക്ഷം ക്ഷാമവും വരുത്തിവെച്ചത്. നാട്ടുരാജാക്കന്മാരുടെ കിടമത്സരങ്ങളും യുദ്ധങ്ങളും പ്രകൃതിവിഭവങ്ങൾക്കു മേലുള്ള ആശാസ്ത്രീയവും ആർത്തിപൂണ്ടതുമായ കയ്യടക്കിവെക്കലുമാണ് പലപ്പോഴും രാജ്യത്ത് ക്ഷാമകാലത്തെ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. വിഭവങ്ങൾക്കു മേലുള്ള ഇത്തരം കൈകടത്തലുകൾക്ക് ഒരറുതി വരുത്തുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലത്തോടെയാണ്.

ഡോ. എം. കുഞ്ഞാമൻ ഇതിനെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. 1867-ൽ അമേരിക്കയിൽ അടിമത്തം അവസാനിച്ചു. എന്നാൽ 1965-ലാണ് കറുത്തവർക്ക് അമേരിക്കയിൽ വോട്ടവകാശം ലഭിക്കുന്നത്. അഥവാ നൂറുവര്ഷത്തിന് ശേഷം. അതേസമയം ഇന്ത്യയിൽ അയിത്തവിഭാഗങ്ങളും സ്ത്രീകളും ഉൾപ്പെടെ എല്ലാ ഇന്ത്യക്കാർക്കും 1952-ൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വോട്ടവകാശം ലഭിക്കുകയുണ്ടായി. ഡോ. അംബേദ്കറുടെ ശ്രമഫലമായിട്ടാണ് ഇത് സാധ്യമായത്.

നമുക്ക് ഒന്നുകൂടി സമകാല ലോകസാഹചര്യത്തിലേക്കുവരാം

കോവിഡ് ബോധയെത്തുടർന്ന് കഷ്ടപ്പെടുന്ന അമേരിക്കയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനവെല്ലുവിളി, സർവ്വവും സ്വകാര്യമേഖലയായതിനാൽ സാധാരണ ജനങ്ങൾക്ക് വിതരണം ചെയ്യുവാനുള്ള സംവിധാനങ്ങൾ ഓരോന്നും തകർന്നിരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. ഒബാമ മെഡിക്കൽ കെയർ സംവിധാനങ്ങൾ പിൻവലിക്കപ്പെട്ടിട്ട് വര്ഷങ്ങളായി. ഡോ. ടി.ടി. ശ്രീകുമാറും, പ്രൊഫ. എം.ആർ. അനിൽകുമാറും ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമേരിക്കയിൽ മെഡിക്കൽ ചികിത്സാമേഖല പരിപൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല ഉൾപ്പെടെ പലതും സ്വകാര്യവൽക്കരണത്തിന്റെ കീഴിലാണ്. തൊണ്ണൂറുകളിലെ, ലിബറലൈസേഷനെയും ആഗോളീകരണത്തെയും തുടർന്നു  ഇന്ത്യയും വലിയ അളവിൽ സ്വകാര്യവൽക്കരണത്തിന്റെ പാതയിലാണെന്ന് നമുക്കറിയാമല്ലൊ.

യൂറോപ്യൻ സാഹചര്യത്തിൽ ചികിത്സക്ക് പണം കണ്ടെത്താനാവാത്ത സാധാരണ മനുഷ്യർക്ക്, മരണത്തിനു കീഴടങ്ങുകയല്ലാതെ വഴിയില്ലാതെ വന്നിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യയിലെ ദേശീയ നേതാക്കൾ നടത്തിയ സംഭാവനകളെക്കുറിച്ച് നാം ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നത്. നമ്മുടേത് ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണല്ലൊ. നെഹ്റൂവിയൻ ആശയമനുസരിച്ച് വികസിതരാജ്യമാവുക എന്ന പദ്ധതിയിൽ ഊന്നിക്കൊണ്ടാണ് നാം മിശ്ര സമ്പദ് വ്യവസ്ഥയെ മാതൃകയാക്കിയത്. സാമ്പത്തികം, ഭക്ഷ്യധാന്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഊർജ്ജം, ഗതാഗതം, ശാസ്ത്രസാങ്കേതികം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളെല്ലാം തന്നെ നാം പൊതുമേഖലയ്ക്കു കീഴിൽ കൊണ്ടുവരികയുണ്ടായി.

ഈ മേഖലകളിൽ സ്വകാര്യവൽകരണത്തിന് പിടികൊടുക്കാൻ കഴിയാത്തവിധം വലിയ ഒരളവിൽ അവയെ പിടിച്ചുനിർത്താൻ കഴിഞ്ഞ അറുപതുവർഷമായി നമുക്കു സാധിച്ചു. എന്നാൽ ആഗോളീകരണ കാലത്തോടെ ഇത് വെല്ലുവിളി നേരിടുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ ഏറ്റവും ഉചിതവും നന്മനിറഞ്ഞതുമായ നിലപാടുകളായിരുന്നു അവയെന്ന് നാം തിരിച്ചറിയുന്നു.

ഇറിഗേഷൻ പദ്ധതികളുടെയും നദീജല സംയോജനത്തിന്റെയും തുടക്കവും കാർഷിക മേഖലയുടെ വ്യാപനവും തുടങ്ങിവെയ്ക്കുവാൻ അംബേദ്കർ-നെഹ്റു കൂട്ടുകെട്ടിനു സാധിച്ചിരുന്നു. മാത്രവുമല്ല സയൻസിന് പ്രാധാന്യം നൽകുകയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തള്ളിക്കളയുന്ന ഒരു വൈജ്ഞാനിക പാഠ്യപദ്ധതിക്ക് തുടക്കം കുറിക്കുന്നതിനും ഇവർക്ക് സാധിച്ചു. ഡോ. അബുൽ കലാം ആസാദ് ഉള്പ്പെടെയുള്ളവരുടെ സേവനം നാം ഈ ഘട്ടത്തിൽ ഓർക്കേണ്ടതായുണ്ട്. നർമ്മദ, ചമ്പൽ, ഖോശിനദികൾ ഉള്ളപ്പെടെ ഉള്ളവയെ കാർഷിക ആവശ്യത്തിലേക്ക് പരിവർത്തനപ്പെടുത്തുന്നതും അത് ഇന്ത്യയുടെ ഭക്ഷ്യക്ഷാമത്തിന് ഒരളവുവരെ പരിഹാരമായിത്തീരുന്നതും ഈ പ്രൊജക്ടുകളുടെ നിർമ്മാണത്തിൽ പ്രധാനപങ്കുവഹിക്കുവാൻ ഡോ. ബി.ആർ. അംബേദ്കർക്കു കഴിഞ്ഞിരുന്നു എന്നതും സവിശേഷ കാര്യങ്ങളാണ്.

താൻ ഉൾപ്പെടുന്ന സമൂഹം ഇന്ത്യയിലെ ന്യൂനപക്ഷം ആണെന്നു അദ്ദേഹം വിലയിരുത്തിയിരുന്നു. ആയതിനാൽ രാജ്യത്തെ ന്യൂനപക്ഷ ക്ഷേമം ഭരണഘടനയുടെ മൗലിക കർത്തവ്യമാണെന്നു എഴുതിച്ചേർക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ തുല്യതയ്ക്കു വേണ്ടി നിലകൊള്ളുകയും ലിംഗസമത്വത്തിന് വേണ്ടി നിലപാടെടുക്കുകയും ചെയ്തു. തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ ക്ഷേമപദ്ധതികളെല്ലാം തന്നെ എഴുതിത്തയ്യാറാക്കിയതും ഡോ. ബി. ആർ. അംബേദ്കറായിരുന്നു. ദേശീയ തൊഴിൽക്ഷേമ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം എന്ന കാര്യം നാം ഓർക്കേണ്ടതായുണ്ട്. എങ്കിലും മെയ് ഒന്നിന് അദ്ദേഹം സ്മരിക്കപ്പെടുന്നില്ല എന്നത് ഒരു വിരോധാഭാസമാണ്.

നമ്മുടെ രാജ്യത്ത് ഇന്ന് കൊറോണ വൈറസിന്റെ പിടിയിലായിരിക്കുമ്പോഴും നാമിന്ന് ഒരു ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലല്ല. എന്തെന്നാൽ ക്ഷാമകാലത്തെ മുന്നിൽകണ്ടുകൊണ്ട് രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യവിഭവങ്ങൾ സംരക്ഷിക്കണമെന്ന് നമ്മുടെ ഭരണഘടന നിർദ്ദേശിക്കുന്നുണ്ട്. ഭക്ഷ്യവിതരണ സംവിധാനം ഇന്നും പൊതുമേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഒരു ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ വായിക്കാനിടയായി. ''ഇപ്പോൾ ആർക്കും യാത്ര പോവേണ്ട, ആർക്കും ആസ്പത്രിയിലേക്കു പോകേണ്ട, സിനിമ വേണ്ട, സ്പോർട്സും വേണ്ട, ഇപ്പോൾ ആകെ പ്രവർത്തിക്കുന്നത് റേഷൻ കട മാത്രം എന്ന്. അഥവാ ഇപ്പോൾ 97 ശതമാനം ആളുകൾ റേഷൻ മേഖലയെ ആശ്രയിക്കുന്നതിനു കാരണം പൊതുമേഖലയിലുള്ള നമ്മുടെ ഭക്ഷ്യനയത്തിന്റെ ഭാഗമായിട്ടാണ്.

അതുപോലെ രോഗികൾക്ക് ചികിത്സിക്കുവാൻ കഴിയുംവിധം സുശക്തമായ ഒരു പൊതുചികിത്സാ സമ്പ്രദായം നമുക്കിപ്പോഴുമുണ്ട്. മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ നമ്മുടെ രാജ്യത്തെ ചികിത്സാ സമ്പ്രദായം പൊതുമേഖലയിൽ നിർമ്മിച്ചെടുക്കാനും നിലനിറുത്താനും നമുക്കു കഴിഞ്ഞതിനാലാണ് ജനങ്ങളുടെ ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിന് നമുക്കിപ്പോഴും സാധിക്കുന്നത്.

രാജ്യത്ത് ഒരു തരി മണ്ണില്ലാതെ അലയുന്നവരുടെയും പൗരത്വമില്ലാതെ അലയുന്നവരുടെയും ദയനീയ ചിത്രം നമുക്കിന്നു കാണേണ്ടിവരുന്നു. ബോംബെയിലെ ധാരാവിയടക്കമുള്ള ചേരികളിലേയ്ക്ക് കോവിഡ് വൈറസിന്റെ കടന്നുകയറ്റമുണ്ടായാൽ അതുണ്ടാക്കുന്ന ജനനാശം പറഞ്ഞറിയിക്കുന്നതിലും അപ്പുറത്താണ്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭൂനയം എങ്ങിനെയായിരിക്കണം എന്ന് അംബേദ്കർ വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ ഭൂമിയെ ദേശസാത്കരിക്കണമെന്നും, കർഷകർക്കും തൊഴിലാളികൾക്കും ഉദ്പാദന പ്രവർത്തനങ്ങൾക്കായി അത് നൽകണമെന്നും, സമ്പത്തിന്റെ മേൽ എല്ലാ ഇന്ത്യക്കാർക്കും സമത്വവും തുല്യതയും ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യ ഇന്ത്യയിൽ സംഭവിക്കാതെ പോയ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു അത്. രാജ്യത്തെ ഭൂമിയുടെ മേൽ അത്തരത്തിൽ ഒരു വിതരണം നടന്നിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്ന് ദരിദ്രകോടികൾ, ഭൂരഹിതരായി, ചേരികളിലും പുറമ്പോക്കിലും അലയുകയില്ലായിരുന്നു.

കൊറോണയുടെയും കോവിഡിന്റെയും മഹാമാരിയിൽ നിന്നും നമ്മുടെ രാജ്യവും നമ്മുടെ ലോകവും മോചിതമാകുവാൻ നമുക്ക് ഐക്യപ്പെട്ടു പ്രവർത്തിക്കാം. ഇനി നമുക്കു മുന്നിലുള്ള കാലം തെറ്റുകൾ തിരുത്തന്നതിനും പരിവർത്തനത്തിനും വഴി തുറക്കുന്ന ഒരു പുതിയ ലോകമാകട്ടെ എന്നു സ്വപ്നം കാണാം. ജാതി, മതം, സമ്പത്ത്, വംശം, വർഗ്ഗം, നിറം, ദേശം, ഭാഷ, ലിംഗം ഇവയുടെയൊക്കെ പേരിലുള്ള വിവേചനം ഇല്ലാത്ത ഒരു സമൂഹമാണ് ഡോ. ബി.ആർ. അംബേദ്കർ സ്വപ്നം കണ്ടത്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നതാണ് അദ്ദേഹം വിഭാവന ചെയ്യുന്ന ലോകം. അതിനായി കൈകൾ കോർക്കാം. ജയ് ഭീം.

~~~

ഡോ. എം.ബി. മനോജ്‌, അസിസ്റ്റന്റ് പ്രൊഫസർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. കവി, എഴുത്തുകാരൻ.

 

Other Related Articles

Rosa Parks: How It all Started
Monday, 18 October 2021
  Rosa Parks & Jim Haskins (Excerpt from the book 'Rosa Parks: My Story')  One evening in early December 1955 I was sitting in the front seat of the colored section of a bus in... Read More...
Buddha and caste system
Wednesday, 13 October 2021
  Bhikku U. Dhammaratana There are some writers who try to depict the Buddha, the Enlightened One, as the teacher of Nibbana who had nothing to do with the affairs of the contemporary society.... Read More...
How mainstream feminism has failed Dalit women
Tuesday, 12 October 2021
  Anamika Kumari As long as there is casteism in this country, no other '-ism' would ever stand a chance to flourish. This country follows the rule of 'brahminism' and thus follows every other... Read More...
The many shades of Saheb Kanshiram
Saturday, 09 October 2021
  Gurinder Azad Once Kanshi Ram Saheb was going somewhere with his colleagues in a car. His health was a bit bad. A colleague, probably wanting to please Saheb, asked 'Saheb, tell me, what do... Read More...
'Great boast, little roast': DSE and Bahujan students
Friday, 08 October 2021
Preeti Koli and Ritika Koli Dr. B.R. Ambedkar said: "Turn in any direction you like, caste is the monster that crosses your path. You cannot have political reform; you cannot have economic reform... Read More...

Recent Popular Articles

Casteism in City Colleges and Classrooms
Saturday, 29 May 2021
Aarushi Punia It is a common myth perpetrated by upper caste faculty, students, politicians, and media that caste superiority and casteism is exercised amongst uneducated people in the villages, and... Read More...
Govt. of India should send One Lakh SC ST youths abroad for Higher Education
Monday, 21 June 2021
  Anshul Kumar Men sitting on the pinnacle of the palace "So, I went one day to Linlithgow and said, concerning the expense of education, "If you will not get angry, I want to ask a question. I... Read More...
Understanding Cultural and Social Capital of Savarnas
Thursday, 29 April 2021
Pranav Jeevan P Why is the assertion of Bahujans branded as identity politics based on caste, but the savarna assertions are termed as “culture”, “tradition” and “merit”? The dominance of... Read More...
Conceiving a New Public: Ambedkar on Universities
Saturday, 26 June 2021
Asha Singh & Nidhin Donald Dr. B.R. Ambedkar conceptualizes education as a ‘vital need’ which helps us fight notions of ‘inescapable fate’ or ‘ascriptions of caste or religion’. He... Read More...
Outlook magazine's duplicity
Saturday, 22 May 2021
JS Vinay Recently, there was a controversy when the Outlook magazine released an issue with a cover story on “50 Dalits remaking India”. [1] Many anti-caste activists raised questions about the... Read More...