ഫാത്തിമയുടെ ആത്മഹത്യയും ഐ.ഐ.ടി സമീപനങ്ങളും

വിജു വി.വി

(ഈ എഴുത്ത് സമഗ്രമോ നിഷ്പക്ഷമോ ആണെന്ന് അവകാശപ്പെടുന്നില്ല.. വ്യക്തിപരമായ നിലപാടുകളോ പ്രത്യയശാസ്ത്രസ്വാധീനമോ ഒക്കെ കടന്നുവന്നിട്ടുണ്ടാകാം. എങ്കിലും എന്താണ് ഇവിടെ സംഭവിച്ചത് എന്നതിനെകുറിച്ച് ധാരണയുണ്ടാക്കാന്‍ ഈ കുറിപ്പ് സഹായിച്ചേക്കും)

iit madras

ഒന്ന്

ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന വിവരം അറിയുന്നത്. സ്വാഭാവികമായ ഉത്കണ്ഠയുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ അത് എന്റെ തന്നെ ഡിപ്പാര്‍ട്ട്മെന്റിലെ(ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്) ഇന്റഗ്രേറ്റഡ് എം.എയിലെ പെണ്‍കുട്ടിയാണ് എന്നറിഞ്ഞു. അപ്പോഴാണ് എനിക്ക് പരിചയമുള്ള ആര്‍ദ്രയെ വിളിച്ചതും ഫാത്തിമ എന്ന മലയാളിയാണ് മരിച്ചത്, കൊല്ലത്താണ് വീട് എന്നും അറിയുന്നത്. പെട്ടെന്ന് രണ്ട് കാര്യങ്ങള്‍ മനസിലൂടെ കടന്നുപോയി. ഏതാണ്ട് ഒരു വര്‍ഷത്തിനിടെ രണ്ടുമലയാളി വിദ്യാര്‍ഥികള്‍ ഐ.ഐ.ടിയില്‍ ആത്മഹത്യചെയ്തിരിക്കുന്നു. അതില്‍ രണ്ടുപേരും മുസ്ലിം ആണ്.

അങ്ങനെ ഓര്‍ക്കാന്‍ കാരണമുണ്ട്. 2018 സെപ്തംബറില്‍ മരിച്ച ഷഹല്‍ കോര്‍മത്തിന്റെ നിഷ്‌കളങ്കമായ മുഖം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. സംസാരിച്ചിട്ടൊന്നുമില്ലെങ്കിലം ഇടയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴൊക്കെ കണ്ടിട്ടുണ്ട്. പെട്ടെന്ന് ഒരുദിവസം ആത്മഹത്യചെയ്‌തെന്ന് വാര്‍ത്ത വന്നു. അന്ന് മലയാളി ആണ് എന്നറിഞ്ഞപ്പോള്‍ ഏതുനാട്ടുകാരനാണ് എന്നറിയാനായി കുറെപ്പേരോട് അന്വേഷിച്ചിരുന്നു. ഷഹലിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അത് വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. ഓഷ്യന്‍ എന്‍ജിനിയറിങ്ങ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡുവല്‍ ഡിഗ്രി തിരഞ്ഞെടുത്ത് ഒമ്പതാം സെമസ്റ്ററില്‍ എത്തിയപ്പോഴാണ് ഷഹല്‍ ജീവിതം അവസാനിപ്പിച്ചത്. അത് അക്കാദമിക് തലത്തിലെങ്കിലും അന്വേഷിക്കപ്പെടേണ്ട മരണമാണ് എന്ന് അന്നേ തോന്നിയിരുന്നു. എന്നിട്ടും 'ഈ സംവിധാനങ്ങളുമായി ഇണങ്ങിച്ചേരാന്‍ പറ്റാത്ത ഏതോ ഒരുവിദ്യാര്‍ഥി മരിച്ചിരിക്കുന്നു. കൂടുതല്‍ അതിനെ കുറിച്ച് ആലോചിക്കേണ്ടതില്ല' എന്നൊരു ഉദാസീന ബോധത്തില്‍ എല്ലാവരും ആശ്വാസം കൊള്ളുകയും പതിവുപ്രവൃത്തികളില്‍ വ്യാപൃതരാവുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം 'മാനസിക സമ്മര്‍ദം മൂലമോ' 'ഹാജര്‍ ഇല്ലാത്തതുകൊണ്ടോ' ആത്മഹത്യചെയ്തു എന്ന വിശദീകരണം ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. വിദ്യാര്‍ഥികളുടെ കുടുംബപശ്ചാത്തലം, രക്ഷിതാക്കളുടെ സാമൂഹ്യ പശ്ചാത്തലം എന്നിവയൊക്കെ കണക്കിലെടുത്താല്‍ ആ കുടുംബത്തോട് നീതിപൂര്‍വമായ സമീപനം ഉണ്ടായോ എന്ന സംശയം ഇപ്പോഴും ബാക്കിതന്നെയാണ്. സാധാരണഗതിയില്‍ എട്ടുസെമസ്റ്റര്‍ മതി ഒരു ബി.ടെക് പൂര്‍ത്തിയാക്കാന്‍. അതുകഴിഞ്ഞ് ഏതെങ്കിലും കമ്പനിയില്‍ ജോലി നേടി കഴിയാവുന്നതേയുള്ളൂ. അതിനപ്പുറം ഒരു വര്‍ഷം കൂടി പഠിച്ച് ഡുവല്‍ ഡിഗ്രി നേടിയേ ഇറങ്ങുന്നുള്ളൂ എന്ന് ഷഹല്‍ തീരുമാനിക്കുമ്പോള്‍ അത്രയും അധ്വാനിക്കാന്‍ തയാറാണെന്നും അതിനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും അവനുണ്ടായിരുന്നുവെന്നുമാണ് മനസിലാക്കേണ്ടത്. പക്ഷേ ആ ആത്മവിശ്വാസവും പ്രതീക്ഷയും അണായാതെ കാക്കാന്‍ ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഐ.ഐ.ടി സമൂഹത്തിന് കഴിഞ്ഞില്ല.

അന്ന് ഇതുപോലെ ഒരു കുറിപ്പ് എഴുതിയെങ്കിലും വീണ്ടുവിചാരത്തില്‍ പോസ്റ്റ് ചെയ്യാതെ ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നീട് ഉണ്ടായ ആത്മഹത്യകളുടെ വിശദാംശങ്ങളും സാമൂഹ്യജീവിതത്തിന്റെ ഭാഗം എന്ന നിലയില്‍ ഓര്‍ത്തുവെച്ചിരുന്നു. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ അതിഥി സിംഹ എന്ന അധ്യാപിക, ജാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി എന്ന പി.എച്ച്.ഡി സ്‌കോളര്‍, ഗോപാല്‍ ബാബു എന്ന കമ്പ്യൂട്ടര്‍ സയന്‍സ് പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി, ഒടുവില്‍ ഫാത്തിമ. അങ്ങനെ അഞ്ചുപേര്‍. ഇതില്‍ ജാര്‍ഖണ്ഡ് പോലെ പിന്നോക്ക മേഖലകളില്‍ നിന്ന് മികച്ച വിദ്യാഭ്യാസം നേടി മെറ്റലര്‍ജി പോലെ പെണ്‍കുട്ടികള്‍ അധികം തിരഞ്ഞെടുക്കാത്ത വിഷയങ്ങളില്‍ ഗവേഷണത്തിനെത്തുന്ന ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യമായി വിലയിരുത്തേണ്ടതുകൂടിയായിരുന്നു ഇത്. ജാംഷെഡ്പൂര്‍ എന്‍.ഐ.ടിയില്‍ റാങ്കോടുകൂടി പാസായ ആളായിരുന്നു രഞ്ജന. ഫാത്തിമയും എച്ച്.എസ്.ഇ.ഇ പരീക്ഷയില്‍ ആദ്യറാങ്കില്‍ വന്നയാളായിരുന്നു എന്നു കേട്ടപ്പോള്‍, ഏറ്റവും മികച്ച വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഐ.ഐ.ടി പരാജയപ്പെട്ടുപോകുകയാണല്ലോ എന്ന ചിന്തയാണ് ആദ്യം മനസില്‍ വന്നത്. ആത്മഹത്യ ചെയ്തവരുടെ അക്കാദമിക് പ്രകടനവും ജീവിതോത്സാഹവും അത് ശരിവെക്കുന്നുണ്ട്.

ഇക്കാലമത്രയും കൈകാര്യം ചെയ്ത രീതി നോക്കിയാല്‍, ഒരു കാക്കയോ പൂച്ചയോ ചത്തതുപോലെയാണ് ആത്മഹത്യ ഐ.ഐ.ടി സമൂഹം കൈകാര്യം ചെയ്യാറ് എന്നുതോന്നിത്തുടങ്ങിയിട്ടുണ്ട്. ഒരുതരത്തിലുള്ള മാനുഷികബോധത്തിന്റെ അഭാവം പ്രകടമാണ്. മരണ വിവരം അറിയിക്കാനായി വരുന്ന ഇ-മെയില്‍ സന്ദേശങ്ങളിലേറെയും വിദ്യാര്‍ഥികളുടെ പേരുണ്ടാവില്ല. ഫാത്തിമയുടേതും അങ്ങനെയിരുന്നു. 'ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി മരിച്ചിരിക്കുന്നു. അവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു'. മരിക്കുമ്പോള്‍ പോലും അവരുടെ പേര് പറയാന്‍ തോന്നാത്തത്, അവര്‍ ഈ സംവിധാനത്തില്‍ ഏതോ ഒരു വിദ്യാര്‍ഥിനി മാത്രമായിരുന്നു, അതിന് മുഖമോ പേരോ ഐഡന്റിറ്റിയോ വേണ്ടതില്ല എന്നൊരു ഭരണകൂടമനോഭാവമാണ് കാണിക്കുന്നത്. പിന്നെ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. വിദ്യാര്‍ഥികളുടെ ഡാറ്റ ലഭിക്കുന്ന ആപ്പില്‍ നിന്ന് മരിച്ചയാളുടെ ഫോട്ടോ ഉടനടി മാറ്റുക. അതായത് പേര് അറിഞ്ഞാല്‍ മറ്റുകുട്ടികള്‍ സെര്‍ച്ച് ചെയ്ത് ഫോട്ടോ എടുത്ത് നോക്കിയാലോ എന്ന് ഭയന്ന്. പിന്നെ ഏതെങ്കിലും പോര്‍ട്ടലില്‍ നിന്നോ പിറ്റേദിവസത്തില്‍ നിന്നുള്ള പത്രത്തില്‍ നിന്നോ ആണ് കാമ്പസിലെ മറ്റുള്ളവര്‍ വിവരങ്ങള്‍ അറിയുക. അനുശോചനങ്ങളോ ഓര്‍മിക്കലുകളോ ഒന്നുമില്ല. മൃതദേഹം നീക്കുന്നതോടൊപ്പം അവരുടെ എല്ലാ ഓര്‍മകളും തുടച്ചുനീക്കിയിട്ടുണ്ടാകും.

ഇത്രയും കാര്യങ്ങള്‍ നിരീക്ഷിച്ചതുകൊണ്ടാവണം, അക്കാദമിക് ഇടത്തില്‍ നടക്കുന്ന ആത്മഹത്യകള്‍ മാനസികാരോഗ്യത്തിന്റെ കുറവുകൊണ്ടാണ് എന്നു വിശ്വസിക്കാന്‍ വ്യക്തിപരമായി തയാറല്ല. എല്ലാ ആത്മഹത്യകളും സാമൂഹ്യവും അക്കാദമികവുമായ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ആത്മഹത്യകളുണ്ടാകുമ്പോള്‍ 'ഓ അത് ഡിപ്രഷന്‍ ആയിരിക്കും', അല്ലെങ്കില്‍ 'പരീക്ഷയില്‍ തോറ്റതുകൊണ്ടായിരിക്കും' എന്നു വിശ്വസിക്കാന്‍ ഭൂരിഭാഗം പേരും ഈ സംവിധാനത്തില്‍ ശീലിപ്പിക്കപ്പെട്ടിരിക്കുന്നു. അതെക്കുറിച്ച് സ്വയം പരിശോധനപോലും നടത്താന്‍ പലരും തയാറല്ല. ഓരോ മരണം വരുമ്പോഴും മാനസികാരോഗ്യത്തിന്റെ ആവശ്യകത, വ്യക്തികളുടെ മനോദൗര്‍ബല്യം എന്ന തലത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുക.  മരിച്ചവരെല്ലാം വ്യക്തിപരമായി ദുര്‍ബലരാണ് എന്നു പറയാനാകുമോ? ഫാത്തിമ മരിച്ച ദിവസം വൈകിട്ട് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ(എ.പി.എ്‌സ്.സി) ഗ്രൂപ്പില്‍ മാനസികാരോഗ്യ വശം ചര്‍ച്ച ചെയ്യാമോ എന്ന് ചോദ്യമുണ്ടായപ്പോള്‍ ഇതൊരു സാമൂഹ്യമായ വിഷയമായാണ് ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. മാനസികാരോഗ്യം പ്രധാനമല്ലാത്തതുകൊണ്ടല്ല അത്. മറിച്ച് ആത്മഹത്യകള്‍ ഒരു സംവിധാനത്തോടുള്ള പ്രതികരണം കൂടിയാണ്. അതിനെ അതിന്റെ ഗൗരവത്തില്‍ എടുക്കണം.

രണ്ട്

ശനിയാഴ്ചയാണ് ഫാത്തിമ മരിച്ചതെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളിലേക്കും ഊഹാപോഹങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു പരീക്ഷയ്ക്ക് കിട്ടിയത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ മാര്‍ക്കാണെന്നും അതു ചൂണ്ടിക്കാട്ടി അധ്യാപകന് മെയില്‍ അയച്ചിരുന്നുവെന്നും പോലെയുള്ള വിവരങ്ങള്‍ ആദ്യമേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വിദ്യാര്‍ഥിനിയുടെ പിതാവ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തുകയും ഒരധ്യാപകന്റെ പേര് മകള്‍ ഫോണില്‍ കുറിപ്പായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉള്ള വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. അപ്പോഴും ആരോപണ വിധേയനായ ഫിലോസഫി പ്രൊഫസര്‍ സുദര്‍ശന്‍ പദ്മനാഭനെ പ്രതിസ്ഥാനത്ത് നിര്‍ത്തണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. (വ്യക്തിപരമായി അദ്ദേഹത്തെ സംരക്ഷിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ട കാര്യം എനിക്കില്ല. വല്ലപ്പോഴും ഇടനാഴിയിലോ മറ്റോ കണ്ടാല്‍ വിഷ് ചെയ്യുകയോ കുശലാന്വേഷണം നടത്തുകയോ ചെയ്യുക എന്നതിനപ്പുറം എന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള ആളല്ല). അതേസമയം, മാനവിക വിഷയങ്ങളുടെ പരീക്ഷകളില്‍ മൂല്യനിര്‍ണയം പലപ്പോഴും ആപേക്ഷികവും വ്യക്തിയധിഷ്ഠിതവുമാണ്. കൂടാതെ ഒരു പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തി അയാളുടെ ബോധ്യം അനുസരിച്ച് മാര്‍ക്കിടാനുള്ള അവകാശം ആത്യന്തികമായി അധ്യാപകനു തന്നെയാണ്. അത്തരം ധാരണകളുടെ പുറത്താണ് അധ്യാപകജോലി തന്നെ നിലനില്‍ക്കുന്നത്. എന്നാല്‍ തനിക്ക് കിട്ടിയ മാര്‍ക്ക് തൃപ്തികരമാണ് എന്ന് വിദ്യാര്‍ഥിയെ യുക്തിസഹമായി ബോധ്യപ്പെടുത്തേണ്ടതും അധ്യാപകന്റെ ബാധ്യതയാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന ആശയവിനിമയങ്ങളില്‍ എന്താണ് ഉണ്ടായത് എന്ന് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടുദിവസം നടന്ന യോഗങ്ങളില്‍ ഏതെങ്കിലും അധ്യാപകര്‍ അത് പരാമര്‍ശിച്ചിട്ടില്ല. ഇത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതിന് കാരണം ഇതാണ്. കാമ്പസിലെ വിദ്യാര്‍ഥികളും കാര്യമായ പ്രതികരണം നടത്താതിരിക്കുന്നതും ഇതുകൊണ്ടാണ്.

രാത്രിയോടെ കാര്യങ്ങള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് പോകുകയാണ് ചെയ്തത്. കുട്ടി എഴുതി സൂക്ഷിച്ചത് എന്ന നിലയിലുള്ള ഒരു നോട്ട് മനോരമ ടിവിയുടെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ കൂടെയുള്ള ഒരു ചിത്രത്തില്‍ കാണുന്നു. അതില്‍ ഡിപാര്‍ട്ട്മെന്റിലെ തന്നെ അധ്യാപകരായ മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രന്‍ കാര എന്നിവരുടെ പേരുകള്‍ കാണാം. എന്നാല്‍ വാര്‍ത്തയിലോ അതിന്റെ കൂടെ വന്ന വീഡിയോയിലോ ഇവരുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. എങ്കില്‍ എങ്ങനെ എന്തിന് ഈ ചിത്രം വാര്‍ത്തയുടെ ചിത്രം ചേര്‍ത്തു എന്ന സംശയം പലര്‍ക്കും ഉണ്ടായി. ഇതിനിടെ ഈ അധ്യാപകരുടെ പേരും ഫാത്തിമ എഴുതിവെച്ചിട്ടുണ്ട് എന്ന രീതിയിലുള്ള പ്രചാരണവും വന്നു. എന്നാല്‍ ഈ കുറിപ്പ് കുടുംബം തന്നെ കൊടുത്തതാണോ ഇനി പോലീസ് കൊടുത്തതാണോ, അവര്‍ കൊടുത്തതാണെങ്കില്‍ എന്തിന് എന്ന ചോദ്യങ്ങളും ഉയര്‍ന്നു. ഇവിടെ അധ്യാപകരുടെ രാഷ്ട്രീയ ചായ്‌വുകൾ കൂടി പരാമര്‍ശിക്കാമെന്ന് തോന്നുന്നു. ആദ്യം ആരോപണവിധേയമായ അധ്യാപകന്‍ പൊതുവെ ഇപ്പോഴത്തെ ബി.ജെ.പി അനുകൂല നിലപാടുള്ളയാളാണ്. അതേസമയം, മിലിന്ദ് ആകട്ടെ ഇടതുസഹയാത്രികനും അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ ഫാക്കല്‍ട്ടി അഡൈ്വസര്‍ ചുമതല വഹിക്കുന്നയാളുമാണ്. മനോരമ വാര്‍ത്തയോടൊപ്പം വന്ന ചിത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കപ്പെട്ടത് ഏറെയും സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഗ്രൂപ്പുകളിലായിരുന്നു എന്നതും സംശയമുളവാക്കി. അന്നുതന്നെ എ.പി.എസ്.സിയുടെ ഗ്രൂപ്പില്‍ ഈ ഇമേജ് ഇട്ട് 'ഇദ്ദേഹം ഈ ഗ്രൂപ്പിന്റെ ഫാക്കല്‍ട്ടി അഡൈ്വസറല്ലേ?' എന്ന ചോദ്യം വലതുപക്ഷ ഗ്രൂപ്പുകളില്‍ സജീവമായ വിദ്യാര്‍ഥികള്‍ ചോദിച്ചിരുന്നു. വ്യക്തിപരമായി അനുഭവത്തില്‍ മിലിന്ദ് ബ്രഹ്മെയുടെ കൂടെ ഒരു കോഴ്സ് ഞാന്‍ ചെയ്തിട്ടുണ്ട്. മൂന്നുപേര്‍ മാത്രമുണ്ടായിരുന്ന, ഏറെയും ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോയ ഒരു കോഴ്‌സ് ആയിരുന്നു അത്. ഇടയ്ക്ക് വളരെ രൂക്ഷമായ രീതിയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അത് അക്കാദമിക് സംവാദങ്ങളുടെ സ്വഭാവമാണ് എന്ന രീതിയില്‍ അതിനെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്യാറ്. എതിരഭിപ്രായങ്ങള്‍ക്ക് വിലകൊടുക്കുകയും ചെയ്യുന്നയാളാണ്. മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യണമെന്ന് പറയുമെങ്കിലും നിര്‍ബന്ധിക്കാറില്ല. ഹേമചന്ദ്രന്‍ കാരയെയും നേരിട്ട് പരിചയമില്ലെങ്കിലും മയത്തിലും സ്നേഹപൂര്‍വവും ഇടപെടുന്നയാളായിട്ടാണ് കണ്ടിട്ടുള്ളത്. ഫാത്തിമയുടെ മരണത്തിനു ശേഷം നടന്ന അനുശോചന യോഗത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് സ്വയം പരിശോധന ആവശ്യപ്പെടുന്ന സമയമാണിത് എന്ന് ആത്മവിമര്‍ശനപരമായി ആദ്യം തന്നെ സംസാരിച്ചതും മിലിന്ദ് ആണ്. ഹേമചന്ദ്രനാണ് ഫാത്തിമയുടെ കഴിവുകളെ കുറിച്ചും ക്ലാസിലെ ഇടപെടലുകളെ കുറിച്ചും ഏറ്റവും ആത്മാര്‍ഥമായി സംസാരിച്ചതും. ഇവരുടെ പേരുകള്‍ രക്ഷിതാക്കള്‍ പറഞ്ഞിട്ടുണ്ടോ എന്നത് എന്നെപ്പോലെ തന്നെ പലര്‍ക്കും അറിയില്ല.

ഇതുപറയാന്‍ കാരണം ഈ മൂന്ന് അധ്യാപകരുടെയും പേരുകള്‍ ചേര്‍ത്ത് ഉത്തരവാദിത്തമുള്ള പല സംഘടനകളും മാധ്യമങ്ങളും പ്രസ്താവനകളും അഭിപ്രായങ്ങളും ഇറക്കുന്നത് കണ്ടതിനാലാണ്. അതിന്റെ തെളിവുകള്‍ ഞങ്ങളിലാരും കണ്ടിട്ടില്ല. മാത്രവുമല്ല, ഇതിൽ മതപരമായ വിവേചനവും ഉണ്ടായി എന്ന രീതിയിലുള്ള ചര്‍ച്ചകളും കാണുന്നു. ഒരു മീഡിയയില്‍ കുട്ടിയുടെ പിതാവ് 'മുസ്ലിം പേരും പ്രശ്നമായിട്ടുണ്ട്, അത് അന്വേഷിക്കണം' എന്ന ആവശ്യം ഉന്നയിച്ചതാണ് ഇതിന്റെ ആധാരമായി കാണുന്നത്. എന്നാല്‍ ഞാന്‍ മനസിലാക്കിയിടത്തോളം ഫാത്തിമ മതചിഹ്നങ്ങള്‍ ധരിച്ച് നടക്കാത്ത ആളാണ്. ഫാത്തിമ കാമ്പസില്‍ വരുന്നതിനുമുമ്പുതന്നെ അത്തരം വസ്ത്രങ്ങള്‍ ഇടാറില്ലെന്നും പിതാവ് ലത്തീഫ് പറഞ്ഞതായി കാണുന്നു. എങ്കിലും മുസ്ലിം പേരിന്റെ പേരില്‍ പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടാകാം. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കണമെന്ന ആഗ്രഹത്തോടെ വിദ്യാര്‍ഥികളില്‍ ചിലര്‍ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നെങ്കിലും വിവരങ്ങള്‍ ഇപ്പോഴുമില്ല.

യഥാര്‍ഥത്തില്‍ ഇപ്പോഴും നേരത്തെയും വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രധാനമായ പ്രശ്നം, ആത്മഹത്യകളെക്കുറിച്ച് നിഷ്പക്ഷമായ തെളിവെടുപ്പും അന്വേഷണവും നടത്തുകയും അത്തരം സംഭവങ്ങളില്‍ മനുഷ്യത്വപരവും നീതിപൂര്‍വവും ആയ സമീപനം ഉണ്ടാകുകയും ആണ്. കൂടാതെ ഫാത്തിമയുടെ മരണത്തിനും പിറകിലുള്ള അക്കാമദികവും സാമൂഹ്യവുമായ കാരണങ്ങളും അന്വേഷിക്കുകയും അതില്‍ പങ്കുണ്ട് എന്ന് തെളിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയുമാണ് വേണ്ടത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമികവും അല്ലാത്തതുമായ കാര്യങ്ങളില്‍ സമീപിക്കാന്‍ അയവുള്ളതും കാര്യക്ഷമവുമായ സംവിധാനം ഉണ്ടാകുകയുമാണ് വേണ്ടത്. ആ്ത്മഹത്യകളെ മൂടിവെക്കാനുള്ള ശ്രമം പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ല. ആധുനിക ബോധത്തിനനുസരിച്ച് ഐ.ഐ.ടികളും മാറണം. മരണത്തില്‍ പോലും അവസാനമായി അയാള്‍ അര്‍ഹിക്കുന്ന ആദരവ് നല്‍കണം. അല്ലാതെ അതവരുടെ ദൗര്‍ബല്യമാണ് എന്ന് എഴുതിത്തള്ളുന്നത് ക്രൂരതയും മനുഷ്യത്വമില്ലായ്മയുമാണ്.

ഇപ്പോഴത്തെ സംവിധാനമനുസരിച്ച് കാമ്പസിലെത്തി രണ്ടാമത്തെ മാസം പരീക്ഷയെഴുതേണ്ട അവസ്ഥയാണ് പ്ലസ്ടു കഴിഞ്ഞുവരുന്ന ഈ വിദ്യാര്‍ഥികള്‍ക്ക്. പിന്നീട് ഓരോ മാസവും പരീക്ഷകള്‍, പ്രസന്റേഷനുകള്‍, അസൈന്‍മെന്റുകള്‍ അങ്ങനെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാത്ത അവസ്ഥ. അത് വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെയുള്ള ആശയവിനിമയം ഇല്ലാതാക്കുന്നുണ്ട്. റസിഡന്‍ഷ്യല്‍ പ്രോഗ്രാം എന്ന നിലയില്‍ വീടുവിട്ട് വേറൊരു സ്ഥലത്ത് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് പരിചയപ്പെടാനും പരസ്പരം സംസാരിക്കാനുമായി ആ്ദ്യ സെമസ്റ്ററില്‍ പരീക്ഷകള്‍ ഒഴിവാക്കിക്കൊടുക്കുകയാണ് വേണ്ടത്. ഹോസ്റ്റലുകളില്‍ ഇടയ്ക്കു നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ ശിക്ഷാനടപടികളുണ്ടായാല്‍ അത് വീട്ടുകാരെ വിളിച്ചുപറയുന്നതുപോലുള്ള ടോര്‍ച്ചറുകള്‍ വേറെ. വീട്ടുകാരെ വിളിച്ചുപറയുന്നതുകൊണ്ടുമാത്രം മാനസിക സമ്മര്‍ദത്തിലായിപ്പോകുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്.

ഇതിനിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിവേചനം എന്നത് വേറൊരു വിഷയമാണ്. ഐ.ഐ.ടികളിലെ സംവരണവും സംവരണവിഭാഗങ്ങളില്‍ പെടുന്നവരോടുള്ള മനോഭാവവും ഗൗരവമര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ്.

~

Image courtesy: the Internet

~~~

വിജു വി.വി. ചെന്നൈ ഐ.ഐ.ടിയിലെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫിലിം സ്റ്റഡീസ് റിസര്‍ച്ച് സ്‌കോളറാണ്. നേരത്തെ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കണ്ണൂര്‍ സ്വദേശിയാണ്.

 

Other Related Articles

Migrant Tears in Untouchable India
Sunday, 31 May 2020
Mungamuri Kranthi Kumar Corona doesn’t know any Caste or Religion, Says Hindutva. It is a blatant lie, It is Brahminical Morality Mocking thousand of years of Bahujan pain and agony. Caste Hindus... Read More...
Necessity of representation: a Tribal woman vice chancellor in India
Sunday, 31 May 2020
Swapnil Dhanraj When was the last time India celebrated a success story of a woman coming from a Tribal community in Indian academia? If we think about the manner in which Indian education system has... Read More...
Feminism is Brahminism
Saturday, 30 May 2020
Anu Ramdas This is the transcript of a preliminary talk on the topic of feminism is brahminism. First, thank you. It is so lovely to see all of you. Thank you for the opportunity. And I am not at all... Read More...
Modi, BJP, Sangh Parivar and gang spell callousness
Thursday, 28 May 2020
  Sundeep Pattem (SAVARI and Round Table India are doing a series to put together the Bahujan perspective on the Coronavirus pandemic) [The conversation was recorded on April 12, 2020] Anu... Read More...
This lockdown is affecting bahujans badly: Adv Soniya Gajbhiye
Wednesday, 27 May 2020
  Adv Soniya Gajbhiye (SAVARI and Round Table India are doing a series to put together the Bahujan perspective on the Coronavirus pandemic) Rahul Gaikwad: Jai Bhim, Soniya! I have been following... Read More...

Recent Popular Articles

Citizenship Amendment Act (CAA), and the Tribal Community (Adivasi)
Wednesday, 18 December 2019
  Jawar Bheel Students' protests have rocked the country since the passage of Citizenship Amendment Bill (CAB). CAB has already become Citizenship Amendment Act (CAA). Also, on November 20th,... Read More...
Reading India in the time of protest!
Saturday, 28 December 2019
  Thongam Bipin Time and again we have seen how India unfolds itself to its margin during protests. It is violent and oppressive. It has made itself clear through its actions that the state... Read More...
The unsure stage of Indian democracy...
Saturday, 28 December 2019
  Shiva Thorat It was around the time that the Constitution of India was delivered to Rajendra Prasad: after Gandhi's assassination by Godse and in response, the former home minister Sardar... Read More...
The legacy of B. R. Ambedkar and his contribution to social justice and equality
Thursday, 19 December 2019
  Kavita Chohan There is a false perception among Indians that Dr. Ambedkar's work addresses the concerns of Dalits and Dalit women only. This perception is not only found among those from... Read More...
Why Dr. Devi Shetty’s 25 (or 2500) ‘ways to manage Covid-19’ should be rejected outright
Tuesday, 07 April 2020
  Dr. Sylvia Karpagam For far too long, Dr. Devi Shetty has been giving advice on a range of things, the most recent being the Covid-19 pandemic. This is a crucial public health period for... Read More...