Round Table India
You Are Reading
ദേശത്തിന്റെ നാമത്തിൽ: ഇന്ത്യൻ യൂണിവേഴ്സിറ്റികളിലെ ജാതി ചരിത്രവൽക്കരിക്കുമ്പോൾ (ജവഹർലാൽ നെഹ്രു യൂനിവേഴ്‌സിറ്റിയെ മുൻനിർത്തിയുള്ള പഠനം)
0
Features

ദേശത്തിന്റെ നാമത്തിൽ: ഇന്ത്യൻ യൂണിവേഴ്സിറ്റികളിലെ ജാതി ചരിത്രവൽക്കരിക്കുമ്പോൾ (ജവഹർലാൽ നെഹ്രു യൂനിവേഴ്‌സിറ്റിയെ മുൻനിർത്തിയുള്ള പഠനം)

n shobhana

 

Nidhin Donald (നിധിൻ ഡൊണാൾഡ്)

(Translated into Malayalam by Abhijith Baawa)

n shobhana ആമുഖം:
 സർവ്വകലാശാല എന്ന ‘ആശയ’വും ജനാധിപത്യം, ദേശ നിർമ്മാണം(nation building), വിജ്ഞാനോൽപ്പാദനം എന്നിവയുമായുള്ള അതിന്റെ ബന്ധവും സാമൂഹ്യശാസ്‌ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും പലപ്പോഴും ആഴത്തിലുള്ളതും ചരിത്രപരവുമായ വിശകലനങ്ങൾക്കും സംവാദങ്ങൾക്കും വിധേയമാക്കിയിട്ടുണ്ട്‌.1 എന്നാൽ അത്തരം വിശകലനങ്ങൾ പലപ്പോഴും സർവകലാശാലകൾ സ്ഥാപിക്കുകയും രൂപവൽക്കരിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ അടങ്ങിയിരിക്കുന്ന സാമൂഹിക ഘടനകളുടെയും അതിന്റെ പ്രവർത്തനത്തിന്റെയും വ്യക്തവും (perceptive) ചരിത്രപരവുമായ പരിശോധനയായിരുന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, യൂനിവേഴ്‌സിറ്റികൾ എന്ന ആശയം പലപ്പോഴും മനസ്സിലാക്കപ്പെട്ടിട്ടുള്ളത് നിശ്ചിത ചരിത്ര സന്ദർഭത്തിലെ അതിന്റെ സ്ഥാനം, പ്രയോക്താക്കൾ (players) തുടങ്ങിയ ഘടകങ്ങളെ മാറ്റി നിർത്തിക്കൊണ്ടാണ്‌.

 എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായൊരു സമീപനമാണ് ഈ ലേഖനത്തിൽ സ്വീകരിച്ചിരിക്കുന്നത്‌. ബിൽഡിംഗുകൾ, സമിതികൾ, സെനറ്റുകൾ, കോടതികൾ, കൗൺസിലുകൾ, ബഡ്‌ജറ്റ്, അഫർമേറ്റീവ് നടപടികൾ, വിദ്യാർത്ഥി യൂണിയനുകൾ, അദ്ധ്യാപക നിയമനങ്ങൾ എന്നിവയുടെ ഒരു സങ്കീർണ്ണ സമുച്ചയം എന്ന നിലയ്‌ക്ക് സർവ്വകലാശാലകളുടെ സ്വഭാവത്തെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിക്കുന്നത്‌. ദേശരാഷ്ട്രത്തിന്റെ ആനുകൂല്യങ്ങളും ധനസഹായവുമാണ് ഇവയുടെ ആധാരം. ചരിത്രപരമായി അധീശത്വം പുലർത്തുന്ന ഗ്രൂപ്പുകൾക്കാണ് ഈ സമുച്ചത്തിന്റെ മേധാവിത്തം. ഇത്തരത്തിലുള്ള വീക്ഷണം പുതിയതല്ല.2 മാത്രമല്ല, ഈ ലേഖനം ഈ ഒരൊറ്റ ഘടകത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതുമല്ല. വിവിധ ഗ്രൂപ്പുകൾ പങ്കാളികളായ രാഷ്‌ട്രീയ സമരങ്ങളുടെ ചലനാത്മക ഇടങ്ങൾ എന്ന നിലയിൽ കൂടി സർവകലാശാലകളെ മനസ്സിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്‌. (അരികുവൽക്കരിക്കപ്പെട്ടവരുടെയും ബഹിഷ്‌കൃതരുടെയും സമരങ്ങളിലൂടെ മാത്രമല്ല). വ്യത്യസ്‌തമായ തരത്തിൽ സർവ്വകലാശാലകളുടെ ഭാവി രൂപപ്പെടുത്തുന്ന പ്രക്ഷോഭങ്ങൾ നടക്കുന്നത് അവയുടെ അകത്തും (സർവകലാശാലയുടെ വീഥികൾ, കോടതികൾ, സെലക്ഷൻ പാനലുകൾ, സ്‌റ്റാഫ് ക്വാർട്ടറുകൾ) പുറത്തുമായിട്ടാണ്. അപ്പോഴും, ഈ വ്യത്യസ്‌ത ഗ്രൂപ്പുകൾ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ രംഗങ്ങളിൽ ഒരേ അധികാരമല്ല കയ്യാളുന്നത് എന്ന വസ്‌തുത ഓർമ്മിക്കേണ്ടതുണ്ട്. ചരിത്രപരമായി മർദ്ദിതരായിട്ടുള്ള വിഭാഗങ്ങൾ, സർവ്വകലാശാലയുടെ വ്യത്യസ്‌ത തലങ്ങളിൽ പ്രവേശനം നേടിയെടുക്കാൻ നടത്തുന്ന സമരങ്ങൾ ചരിത്രപരമായി അധീശത്തം പുലർത്തുന്ന വിഭാഗങ്ങൾ അവരുടെ മേധാവിത്തം നിലനിർത്തിക്കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങളുമായി (politics) ചേർത്തുനിർത്തി വേണം മനസ്സിലാക്കാൻ. അത്തരത്തിൽ സർവ്വകലാശാലയെ സവിശേഷവും സംഘർഷാത്മകവുമായ ചരിത്രം [സാമൂഹ്യ ഗ്രൂപ്പുകളുടെയും അവയുടെ സംഘാടനത്തിന്റെയും(mobilization) സ്ഥലങ്ങളുടെയും] അടയാളപ്പെടുത്തുന്ന മൂർത്തമായ യാഥാർത്ഥ്യമായി മനസ്സിലാക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്‌; അല്ലാതെ ദേശീയമായ ഒരു ഇടത്തിൽ(space) സ്തംഭിച്ചുനിൽക്കുന്ന (suspended) അമൂർത്തവും അമൂല്യവുമായ ഒരു വിജ്ഞാന സങ്കേത(abode)മായല്ല. മാത്രമല്ല യൂനിവേഴ്‌സിറ്റി എന്നത് ആശയപരവും(ideational) മൂർത്തവുമായ തലങ്ങൾ പരസ്‌പരം വേർപെട്ടു നിൽക്കുന്ന ഒരിടവുമല്ല; അവ പരസ്‌പര പൂരകമായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്‌.

 രാഷ്‌ട്രീയവും തന്ത്രപരവുമായ (strategic) അവസരങ്ങളുടെ സംഘർഷാത്മക ഭൂമികയായാണ്(terrain) സർവകലാശാല വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്‌‌. ഉന്നത വിദ്യാഭ്യാസം, അധികാരം, രാഷ്‌ട്രീയം എന്നിവ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നതിനായി, ഒന്നാമത്തെ പിന്നോക്ക വർഗ്ഗ കമ്മീഷനിൽ (backward classes commission) എസ്‌. ഡി. എസ് ചൗരസ്യ തന്റെ വിയോജനക്കുറിപ്പിൽ ഡോ. അംബേദ്‌കറെ ഉദ്ധരിക്കുന്നുണ്ട്‌. ഉയർന്ന യോഗ്യതകളോട് കൂടിയ പ്രൊഫഷണലുകളെ സൃഷ്‌ടിച്ചു കൊണ്ട് ഗവൺമെന്റിലെ തന്ത്രപരവും നിർണ്ണായകവുമായ പദവികൾ (strategic postions or key positions) കൈവശപ്പെടുത്തേണ്ടത് കീഴാള സമുദായങ്ങളെ സംബന്ധിച്ച് പ്രാധാനമാണെന്ന് ഡോ. അംബേദ്‌കർ3 ചൂണ്ടിക്കാണിച്ചിരുന്നു. ബാബ സാഹേബിനെ സംബന്ധിച്ചിടത്തോളം, വ്യത്യസ്‌ത തലങ്ങളിൽ നിലനിൽക്കുന്ന അധികാരത്തെ (വ്യക്തി മനസ്സ്, അറിവ് എന്നിവ ഉൾപ്പെടെ) സംബന്ധിച്ച ധാരണകൾ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള രാഷ്‌ട്രീയോപകരണമായിരുന്നു വിദ്യാഭ്യാസം. ജനാധിപത്യ വ്യവസ്ഥയുടെ (polity) പ്രവർത്തനത്തിൽ തന്ത്രപരമായ സ്വാധീനം സ്ഥാപിച്ചെടുത്തുകൊണ്ട് മാത്രമേ ഇത് സാധ്യമാവൂ.  (ചൗരസ്യ, 1956: 75)

 ഇന്ത്യയിൽ സർവ്വകലാശാലകളെ സംബന്ധിച്ച്, അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പൊതുവിൽ നിലനിൽക്കുന്ന കാൽപ്പനികമായ ധാരണകൾ മറികടക്കാൻ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചരിത്രപരമായ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്‌. ഇതുസംബന്ധിച്ച സമഗ്രമായ ഒരു അന്വേഷണം ഈ ലേഖനത്തിന്റെ താൽപ്പര്യമല്ലെങ്കിലും, ചില സൂചനകൾ നൽകാൻ ശ്രമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, പ്രാഥമികമായി ഉന്നയിക്കേണ്ട ചില ചോദ്യങ്ങളുണ്ട്‌: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണ പ്രക്രിയയിലെ മുഖ്യ പ്രയോക്താക്കളും സഹകാരികളും ആരൊക്കെയായിരുന്നു?4 അവരുടെ സാമൂഹ്യവും രാഷ്‌ട്രീയവുമായ ആഭിമുഖ്യത്തിന്റെ (affiliation) സ്വഭാവം എന്തായിരുന്നു? ഇന്ത്യയിൽ എങ്ങനെയാണ് അവർ ഉന്നത വിദ്യാഭ്യാസം രൂപപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്‌തത്‌? അവർ സർവ്വകലാശാലകളുടെ സാംസ്‌കാരിക സ്വഭാവത്തെ (culture) സ്വാധീനിച്ചതെങ്ങനെയാണ്‌? വിജ്ഞാനോൽപ്പാദനത്തിന്റെ പ്രക്രിയകളെ അവർ നിയന്ത്രിച്ചത് എങ്ങനെയാണ്‌? അദ്ധ്യാപകരുടേതും വിദ്യാർത്ഥികളുടേതുമായ, പ്രത്യേകിച്ചും അദ്ധ്യാപകരുടെ ഒരു ആന്തരിക ദേശീയ സമൂഹത്തെ (intra national) സൃഷ്‌ടിച്ചെടുത്തത് എങ്ങനെയാണ്‌? ‘വൈജ്ഞാനിക വിഭാഗം’ (learning community) എന്ന് ബെൽ ഹുക്‌സ്5 വിശേഷിപ്പിക്കുന്ന ഒരു സമൂഹം ഇവിടെ വിഭാവനം ചെയ്യപ്പെട്ടതെങ്ങനെയാണ്‌? ഈ പ്രക്രിയയിൽ നിന്ന്‌ ബഹിഷ്‌കൃതരാക്കപ്പെട്ടത് ആരൊക്കെയായിരുന്നു? എപ്പോഴാണ് ഉൾച്ചേർക്കൽ പ്രക്രിയയ്‌ക്ക് (inclusion) ആരംഭം കുറിക്കപ്പെട്ടത്‌?

 ഈ ചോദ്യങ്ങൾ ഒരേ സമയം ചരിത്രപരവും, അതേസമയം സമൂഹശാസ്‌ത്രപരവുമാണ്‌ (sociological). വർത്തമാന കാലത്തെ, ഭൂത കാലത്തിന്റെ ഉൽപ്പന്നമായി മനസിലാക്കേണ്ടതിന്റെ സമൂഹശാസ്‌ത്രപരമായ പ്രാധാന്യത്തെ കുറിച്ച് ഫിലിപ്പ് അബ്രാംസ്6 ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വർത്തമാനകാല പരിതസ്ഥിതി കൂടുതൽ ആഴത്തിലും യാഥാർത്ഥ്യബോധത്തോടു കൂടിയും മനസ്സിലാക്കാൻ നമുക്ക്  ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടതായി വരുന്നു. ചരിത്രാത്മക സമൂഹശാസ്‌ത്രത്തിലെ (historical sociology) അത്തരത്തിലുള്ള അന്വേഷണം ചില മാതൃകകളെയോ (pattern) പ്രവണതകളെയോ (tendencies) മനസ്സിലാക്കുന്നതിനുള്ള യാന്ത്രികമായ ഒരു ഉദ്യമമല്ല. ചരിത്രാത്മക സമൂഹശാസ്‌ത്രം, നമ്മുടെ യാഥാർത്ഥ്യത്തെ ചരിത്രപരമായി മനസ്സിലാക്കാനുള്ള ശ്രമമാണ്‌. വർത്തമാനകാല പ്രക്ഷോഭങ്ങളും രാഷ്‌ട്രീയവും കൃത്യമായി മനസിലാക്കുന്നതിന് വേണ്ടി ശരിയായ ചരിത്ര ബോധ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്‌. ജാതി വിരുദ്ധ സമീപനം പുലർത്തുന്ന ഗവേഷകർ വ്യത്യസ്‌ത രീതികളിൽ വിവിധ വേദികളിലായി, വിവിധ ഭാഷകളിലും പ്രദേശങ്ങളിലും ഈ വിഷയം പല തവണ വിശദീകരിച്ചിട്ടുമുണ്ട്. അവ അടിസ്ഥാനമാക്കി ഒരു ‘ദേശീയ’ സർവകലാശാല എന്ന നിലയിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയുടെ (തുടർന്നുള്ള ഭാഗങ്ങളിൽ ജെഎൻയു) കാര്യത്തിൽ ചില ചോദ്യങ്ങൾ ആവർത്തിക്കാനും സാധ്യമാകുന്ന ഉത്തരങ്ങളിൽ എത്തിച്ചേരാനുമാണ് ഇവിടെ ശ്രമിക്കുന്നത്‌.

കഴിഞ്ഞ കാലത്തെ കുറിച്ചുള്ള കുറിപ്പുകൾ: ഇന്ത്യൻ സർവ്വകലാശാലകളെ ചരിത്രവൽക്കരിക്കുമ്പോൾ

 സയ്യിദ് നൂറുല്ലാ, ജെ. പി. നായിക്7 എന്നിവർ അവരുടെ പുസ്‌തകത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ചരിത്രം കാലാനുസൃതമായി വിശദീകരിക്കുന്നുണ്ട്‌.  ഇന്ത്യയിൽ സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ട സാഹചര്യവും അവയുടെ വളർച്ചയും മൂന്ന് അദ്ധ്യായങ്ങളിലായി പ്രത്യേകമായി പ്രതിപാദിക്കുന്നു‌. ബ്രിട്ടീഷുകാരുടെ വരവിന് മുമ്പ് ഇവിടെ നിലനിന്നിരുന്ന വൈജ്ഞാനിക സമ്പ്രദായത്തെ കുറിച്ചുള്ള പരിശോധന ഈ പുസ്‌തകത്തിന്റെ സവിശേഷതയാണ്. മദ്രാസ്, ബോബെ, കൽക്കത്ത എന്നിവിടങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മിഷനറിമാരും നടത്തിയ അന്വേഷണങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ് വിശകലനങ്ങൾ. വിദ്യാഭ്യാസം അക്കാലത്ത് ഏതാണ്ട് പൂർണ്ണമായും ബ്രാഹ്മണ, വാണിജ്യ വിഭാഗങ്ങളിലായി (brahmins and mercentile classes) പരിമിതമാക്കപ്പെട്ടിരുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

 1857-ൽ ആദ്യമായി ഇന്ത്യയിൽ സർവകലാശാലകൾ സ്ഥാപിതമാവുന്നതിന് മുമ്പു തന്നെ ബ്രിട്ടീഷുകാരുടെ സഹായത്തോടു കൂടി പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആദ്യഘട്ട ആധുനിക കോളേജുകൾ രൂപമെടുത്തിരുന്നു. മുമ്പ് നിലനിന്നിരുന്ന വൈജ്ഞാനിക സമ്പ്രദായത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്‌ത കോളേജുകൾ ബ്രാഹ്മണർക്കും സവർണർക്കും മുസ്ലിങ്ങൾക്കും വേണ്ടിയുള്ളവയായിരുന്നു. 1821-ൽ സ്ഥാപിതമായ പൂന കോളേജ് അത്തരത്തിലൊന്നാണ്. “ബോംബെ യൂണിവേഴ്‌സിറ്റിയുടെ ചരിത്രം, 1857-1957” എന്ന പുസ്‌തകത്തിൽ ഡോൻകർക്കെറി’ (Dongerkery)8 എഴുതുന്നു:

 ‘ബ്രാഹ്മണരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് 1821-ൽ ‘പൂന സംസ്കൃത കോളേജ്’ സ്ഥാപിച്ചത്‌. പിന്നീട് ‘ഡക്കാൺ കോളേജ്’ എന്നറിയപ്പെട്ട കോളേജിന്റെ സ്ഥാപകൻ അന്നത്തെ ഡക്കാൺ കമ്മീഷണായിരുന്ന ശ്രീ. ചാപ്ലിനായിരുന്നു. ബ്രാഹ്മണർക്ക് പെൻഷനും മറ്റുമായി മറാത്ത സ്‌റ്റേറ്റ് നേരത്തേ നൽകിയിരുന്ന ‘ദക്ഷിണ ഫണ്ട്’ എന്നറിയപ്പെട്ടിരുന്ന തുക ഇതിനായി ഉപയോഗിച്ചു; ബ്രാഹ്മണർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഗവണ്മെന്റ് ഈ തുക നീക്കിവച്ചു.‘(Dongerkery, 1957:2)

വിദ്യാഭ്യാസം സിദ്ധിച്ച ബ്രഹ്മണരെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ഗവൺമെന്റിൽ വന്ന മാറ്റങ്ങൾ ബ്രാഹ്മണരെ പ്രതികൂലമായി ബാധിച്ചതായി അവർ വിലയിരുത്തി. മാത്രവുമല്ല, ബഹുജനങ്ങളുടെ ജീവിതത്തിലും സ്വഭാവ രീതികളിലും ബ്രാഹ്മണർക്ക് ‘വലിയ തോതിൽ സ്വാധീന’മുണ്ടെന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിൽ ഇത്തരമൊരു ഇടപെടൽ പ്രധാനമായിരുന്നു‌. 1931-ൽ പുറത്തിറക്കിയ തന്റെ ബുക്കിൽ ഇ എ എച്ച് ബ്ലൻഡ്9 ബ്രാഹ്മണരെ ‘ഇന്ത്യൻ സമൂഹത്തിന്റെ സ്വാഭാവിക നേതാക്കൾ (natural leaders of Indian society)’ ആയാണ് വിശേഷിപ്പിക്കുന്നത്‌. ദക്ഷിണ ഫണ്ടിന്റെ ഒരു ഭാഗം (ആ തുക ബ്രാഹ്മണർക്ക് മാത്രം ലഭിച്ചിരുന്നതാണ്) 1887-ൽ ദക്ഷിണ ഫെലോഷിപ്പിനായി നീക്കിവച്ചു. അതായത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽക്ക് തന്നെ ബ്രാഹ്മണർക്ക് ആധുനിക വിദ്യാഭ്യാസത്തിനായി ഗവൺമെന്റ് സാമ്പത്തിക സഹായവും പ്രോത്സാഹനങ്ങളും (reward) ചെയ്‌തു കൊടുത്തിരുന്നു എന്നർത്ഥം. ബ്രാഹ്മണരുടെ താൽപ്പര്യ സംരക്ഷണത്തിന് വേണ്ടി പ്രത്യേകം കോളജുകൾ സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസം നേടണമെങ്കിൽ സംസ്‌കൃത പഠനം അനിവാര്യമാണെന്ന് വന്നു; മറ്റുള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബ്രാഹ്മണർക്ക് മേൽക്കൈ ലഭിച്ചു.  ബ്രാഹ്മണരുടെയും സവർണരുടെയും താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് സമാനമായ രീതിയിൽ കൽക്കത്ത, ബനാറസ് തുടങ്ങിയ നഗരങ്ങളിലും കോളേജുകൾ സ്ഥാപിക്കപ്പെട്ടു. (Dongerkery, 1957).

 കീഴ്‌ജാതി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവസരങ്ങൾ നിഷേധിച്ചുകൊണ്ട് ജാതിയുടെ സവിശേഷമായ ആനുകൂല്യം നിലനിർത്താൻ നടത്തിയ ബോധപൂർവ്വമായ ശ്രമങ്ങളാണ് കൽക്കത്ത സംസ്‌കൃത കോളേജിന്റെ ചരിത്രവും വെളിവാക്കുന്നത്‌. കൊളോണിയൽ ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം ജനാധിപത്യവൽക്കപ്പെടാതിരിക്കുന്നതിനായി കൽക്കത്ത കോളേജിന്റെ പ്രിനിസിപ്പാൾ എന്ന നിലയിൽ ഈശ്വർ ചന്ദ്ര വിദ്യാസാഗർ, സുരേന്ദ്ര നാഥ് ബാനർജിയുമായി ചേർന്ന് പ്രവർത്തിച്ചതിനെ കുറിച്ച് എ. കെ ബിശ്വാസ്10 എഴുതിയിട്ടുണ്ട്‌. ‘ബഹുജന വിദ്യാഭ്യാസം’ (mass education) ശുപാർശ ചെയ്യുന്ന 1854-ലെ11 ചാൾസ് വുഡ്‌സ് ഡിസ്പാച്ചിനെ എതിർത്തുകൊണ്ട്, ബംഗാളിന്റെ ലെഫ്‌റ്റനന്റ് ഗവർണറായിരുന്ന ജോൺ പീറ്റർ ഗ്രാന്റിന് 1859 സെപ്‌തംബർ 29-ന് വിദ്യാസാഗർ എഴുതിയ കത്ത് എ. കെ. ബിശ്വാസ് ഉദ്ധരിക്കുന്നു:

ഉന്നത വർഗ്ഗത്തിന്റെ(higher class) വിദ്യാഭ്യാസത്തിനായി വേണ്ടതൊക്കെ ചെയ്‌തു കഴിഞ്ഞെന്ന ധാരണയാണ് ഇവിടെയും ഇംഗ്ലണ്ടിലും പ്രചരിച്ചിരിക്കുന്നത്. അതിനാൽ ഇനി ശ്രദ്ധയൂന്നേണ്ടത് ബഹുജനങ്ങളുടെ വിദ്യാഭ്യാസത്തിലാണെന്ന ധാരണയാണുള്ളത്. എന്നാൽ കാര്യങ്ങൾ മറ്റൊരു വിധത്തിലാണുള്ളതെന്ന് പരിശോധനയിൽ വ്യക്തമാകും. ഉന്നത വർഗ്ഗങ്ങളുടെ വിദ്യാഭ്യാസത്തിൽ മാത്രം പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗവണ്മെന്റ് ചെയ്യേണ്ടത്‌. പ്രായോഗികമായ ഒരേയൊരു വഴിയായി കാണാൻ കഴിയില്ലെങ്കിലും, ബംഗാളിൽ വിദ്യാഭ്യാസം പ്രോത്‌സാഹിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ഇതാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം.

 പലരും ആദരണീയ വ്യക്തിത്വമായി കരുതുന്ന വിദ്യാസാഗർ, ഉന്നത വിദ്യാഭ്യാസം ഉന്നത വർഗങ്ങളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തണമെന്ന് വളരെ ശക്തമായി വാദിച്ചയാളാണ്‌. ഗോൾഡ്‌‌സ്‌മിത് (‌gold smith) വിഭാഗത്തിൽ പെടുന്ന സമ്പന്നനായ ഒരാൾക്ക്, ജാതിനിലയിലുള്ള പിന്നോക്കനിലയും കോളേജിലെ ‘ഉയർന്ന ജാതിക്കാരുടെ’ താൽപ്പര്യവും കണക്കിലെടുത്ത് സംസ്‌കൃത കോളേജിൽ വിദ്യാസാഗർ അഡ്‌മിഷൻ നിഷേധിച്ചത് എ. കെ. ബിശ്വാസ് ചൂണ്ടിക്കാണിക്കുന്നു. ‘വിദ്യാസമ്പന്നരായ വിഭാഗം’ എന്ന ആശയം പ്രായോഗികമായി സങ്കുചിതവും ഭൂരിപക്ഷത്തെ പുറത്തുനിർത്തിക്കൊണ്ടുള്ളതായിരുന്നു എന്ന് ചുരുക്കം.

 ഇന്ത്യയിലുടനീളം സ്ഥിതി സമാനമായിരുന്നു. കേരളത്തിൽ പിന്നോക്ക ജാതിക്കാരെ സംഘടിപ്പിക്കാൻ (mobilisation) നേതൃത്വം വഹിച്ച ഡോ. പൽപ്പു, തിരുവിതാംകൂറിലെ സ്‌കൂളുകളിലും പ്രൊഫഷണൽ കോളേജുകളിലും ഒപ്പം ഗവൺമെന്റ് ജോലികളിലും പ്രവേശനം ലഭിക്കാൻ ഈഴവർ നടത്തിയ ജനാധിപത്യ സമരങ്ങളെ ‘തിരുവിതാംകൂർ ഈഴവർ’12 എന്ന പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉന്നത വിദ്യാഭ്യാസമുള്ള ഈഴവർക്ക് ജോലി നിഷേധിക്കുകയോ അവരുടെ അവസരം വൈകിപ്പിക്കുകയോ ചെയ്‌‌ത സവർണ ഉദ്യോഗസ്ഥവൃന്ദത്തിന്റെ മനോഭാവത്തെ കുറിച്ച് ഡോ. പൽപ്പു പരാമർശിക്കുന്നു.

 മിഷനറിമാരുടെ ആഭിമുഖ്യത്തിൽ ബോബെ, മദ്രാസ്, ആഗ്ര, ഡൽഹി, കൽക്കത്ത എന്നിവിടങ്ങളിൽ ആധുനിക കോളേജുകൾ സ്ഥാപിക്കപ്പെട്ടതും ബ്രാഹ്മണ സവർണ വിഭാഗങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. ഈ കാലഘട്ടത്തെ കുറിച്ച് ‘ക്രിസ്‌ത്യനൈസിംഗ് ഇന്ത്യ’ എന്ന ലേഖനത്തിൽ അംബേദ്‌കർ നിരീക്ഷിക്കുന്നത് നോക്കുക: മിഷനറിമാർ ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് ബ്രാഹ്മണരെയും മറ്റ് ഉയർന്ന ജാതിക്കാരെയും പരിവർത്തനം ചെയ്യാനായിരുന്നു. കോളേജുകളും സ്‌കൂളുകളും ആശുപത്രികളും സ്ഥാപിച്ചു കൊണ്ട് ലക്ഷ്യം കൈവരിക്കാനായിരുന്നു ശ്രമം. കൃസ്‌ത്യൻ സ്ഥാപനങ്ങൾ മുഖേന പ്രധാനമായും നേട്ടമുണ്ടാക്കിയത് ‘ഉയർന്ന ജാതി ഹിന്ദുക്കളാ’യിരുന്നു.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്ന 1854-ലെ ചാൾസ്‌വുഡ് ഡിസ്‌പാച്ചും, ഉന്നതമായ യൂറോപ്യൻ വിദ്യാഭ്യാസം ‘ഉയർന്ന വർഗക്കാർക്ക്’ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ഇതിന്റെ ഫലം താഴെത്തട്ടിലേക്ക് (fellow country men) സാവധാനം ഇറങ്ങിച്ചെല്ലുമെന്നും അങ്ങനെ രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം മൊത്തത്തിൽ വർദ്ധിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. (DONKERKERY 1957:10). ഡൗൺവേഡ് ഫിൽട്രേഷൻ സിദ്ധാന്തത്തിലാണ് ചാൾസ്‌വുഡ് ഡിസ്‌പാച്ച് വിശ്വാസമർപ്പിച്ചിരുന്നത്‌.

 ആധുനിക വിദ്യാഭ്യാസം നേടിയ വിദ്യാസമ്പന്നരിലൂടെ രൂപമെടുത്ത ഒരു സവർണ പൊതുയിടത്തിന്റെ ഫലപ്രദമായ സംഘാടനമാണ് നമുക്കിവിടെ കാണാൻ കഴിയുക. കൊളോണിയൽ ഭരണാധികാരത്തിന്റെ സഹായമില്ലാതെ അത്തരമൊരു സംഘാടനം പൂർണ്ണമായ അർത്ഥത്തിൽ യാഥാർത്ഥ്യമാകുമായിരുന്നില്ല. 1857-ൽ ആദ്യ വിഭാഗം സർവ്വകലാശാലകൾ സ്ഥാപിതമാവുന്നത് മുതൽ (അതിന് മുമ്പ് തന്നെയും‌) സവർണ്ണ വിഭാഗങ്ങൾ പ്രാദേശിക ഭേദങ്ങൾക്കതീതമായി പരസ്‌പരം സഹകരിച്ചു തുടങ്ങിയിരുന്നു. അങ്ങനെയായിരിക്കുമ്പോൾ തന്നെ, ചില മേഖലകൾ വിദ്യാഭ്യാസ കാര്യത്തിൽ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് മേധാവിത്തം പുലർത്തി. കൽക്കത്ത, ബോംബെ, മദ്രാസ്, സർവ്വകലാശാലകളെ സംബന്ധിക്കുന്ന സാങ്കേതിക കാര്യങ്ങൾ(technicalities) തീരുമാനിച്ച സമിതിയിലെ ‘ഇന്ത്യക്കാരായ’ അംഗങ്ങളിൽ കൂടുതൽ പേരും കൽക്കത്തയിൽ താമസിക്കുന്നവരും കൊളോണിയൽ ഗവൺമെന്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരും ആയിരുന്നു. ജാതി സമൂഹത്തിന്റെ ‘ഉന്നതശ്രേണിയിൽ’ പെടുന്നവരായിരുന്നു അവരൊക്കെയും. അതിൽ തന്നെ ബ്രഹ്മണർക്കായിരുന്നു ആധിപത്യം. സമിതിയിൽ ഉണ്ടായിരുന്ന ‘ഇന്ത്യക്കാരനായ ഒരേയൊരു കൃസ്‌ത്യൻ തന്നെ ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് പരിവർത്തനം ചെയ്‌തയാളായിരുന്നു – ഡോ. കേദാർനാഥ് ബാനർജി.
 ഭൂമിശാസ്ത്രപരമായി ഇന്നത്തെ ഇന്ത്യ(ഇന്നത്തേതിനേക്കാൾ വലിയ മേഖല) മൊത്തമായി അതിന്റെ അധികാര പരിധിയിൽ(jurisdiction) പെടുത്തിയിരുന്ന കൽക്കത്ത, ബോംബെ, മദ്രാസ് സർവ്വകലാശാലകളിലെ അംഗങ്ങൾ, അപ്പോഴത്തെ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരും നിശ്ചിത ജാതികളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുള്ളവരും ആയിരുന്നു. അവരായിരുന്നു ഈ സർവ്വകലാശാലകളുടെ ഗതിയും(fate) സാംസ്കാരിക സ്വഭാവവും (culture) നിശ്ചയിച്ചിരുന്നത്‌.

 പൂന സർവ്വകലാശാലയുടെ കാര്യവും വ്യത്യസ്തമല്ലെന്ന് യൂനിവേഴ്‌സിറ്റി രജത ജൂബിലി റിപ്പോർട്ടിലൂടെ13 കണ്ണോടിച്ചാൽ മനസ്സിലാവും. മഹാരാഷ്‌ട്ര യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെയും (മഹാരാഷ്‌ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ പ്രാദേശിക സർവ്വകലാശാലകൾക്ക് അനുമതി നൽകിക്കൊണ്ട് ബോംബെ യൂണിവേഴ്‌സിറ്റി 1926-ൽ തീരുമാനം കൈക്കൊണ്ടിരുന്നു. അതിനെ തുടർന്ന് രൂപീകരിക്കപ്പെട്ട സമിതി)  മറാത്തി സാഹിത്യ സമ്മേളന്റെയും (മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി ഒരു സർവ്വകലാശാല എന്നത് ഇവരുടെ സമ്മേളനങ്ങളിൽ നിരന്തരമായി ഉന്നയിക്കപ്പെട്ടു വന്ന ഒരു ആവശ്യമായിരുന്നു) നേതൃത്വത്തിൽ ഹർജികളിലൂടെയും പ്രമേയങ്ങളിലൂടെയും നടത്തിയ ‘ദീർഘകാല പ്രക്ഷോഭങ്ങളുടെ’ അടിസ്ഥാനത്തിൽ 1949-ലാണ് പൂന സർവ്വകലാശാല സ്ഥാപിതമായത്‌. പൂനയിൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനായി സജീവമായ ഇടപെടൽ നടത്തിയ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നിരവധി വ്യക്തികളെ കുറിച്ച് സർവ്വകലാശാലയുടെ ഔദ്യോഗിക ചരിത്രത്തിൽ പരാമർശങ്ങളുണ്ട്. നിർദ്ദിഷ്ട പൂന യൂണിവേഴ്‌സിറ്റിയുടെ സവിശേഷമായ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി 1940-കളുടെ ആദ്യം രൂപീകരിച്ച ഔദ്യോഗിക കമ്മിറ്റി യഥാർത്ഥത്തിൽ ഒരു ബ്രാഹ്മണ സമിതി ആയിരുന്നു. വരേണ്യ വിഭാഗത്തിൽ നിന്നുള്ള ഒരു മുസ്ലിമും പിന്നീട് അതിൽ അംഗമായി. സമിതിയുടെ ഭാഗമായിരുന്ന ബ്രാഹ്മണർ പ്രധാനമായും പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ നഗര മേഖലകളിൽ നിന്നുള്ളവരായിരുന്നു. നിലവിലുണ്ടായിരുന്ന കോളേജുകളും (പ്രത്യേകിച്ച് ഡക്കാൺ എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ ഫെർഗൂസൻ കോളേജിന്റെ കാര്യത്തിൽ) തീരുമാനങ്ങൾ കൈക്കൊണ്ടിരുന്ന അധീശ വിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന ബന്ധം റിപ്പോർട്ടിൽ നിന്ന്‌ വ്യക്തമാവും. പൂന യൂനിവേഴ്‌സിറ്റിയിലെ നിയമനങ്ങളുടെയും അഡ്‌മിഷനുകളുടെയും സാംസ്‌കാരിക സ്വഭാവത്തിലും സാമ്പത്തിക ഇടപാടുകളിലും ഈ കൂട്ടുകെട്ട് നേരിട്ടുള്ള സ്വാധീനം ചെലുത്തി. 1974-ൽ രജത ജൂബിലി പിന്നിടുന്നത് വരെ ഈ സർവകലാശാലയിൽ വൈസ്‌ചാൻസലർമാരായിരുന്നത് ബ്രാഹ്മണർ മാത്രമായിരുന്നു‌. ചാൻസലർമാർ സവർണ വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസുകാരായിരുന്നു- വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലും സ്ഥാപിതമായ കോളേജുകളുമായി നേരത്തേ ബന്ധം പുലർത്തിയിരുന്നവരോ നിലവിൽ ബന്ധം പുലർത്തി വരുന്നവരോ ആയിരുന്നു അവരെല്ലാവരെല്ലാവരും. യഥാർത്ഥത്തിൽ ‘ദേശീയ സ്‌കെയിൽ’ എന്നത്, പാശ്ചാത്യ ആധുനികതയുടെ ഭാഗമായി വികസിച്ച സാങ്കേതിക, വ്യാവസായിക പുരോഗതിയുടെ നേട്ടങ്ങൾ ലഭിച്ച പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ചവരും സവർണരുമായ വ്യക്തികളുടെ കളിത്തൊട്ടിലായിരുന്നു.

 പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും ഉദയം ചെയ്‌ത സവർണ ദേശീയവാദികൾ രാജ്യമെമ്പാടും കോളേജുകൾ സ്ഥാപിച്ചു. കൊളോണിയൽ ഗവൺമെന്റിന്റെ സഹായ ധനം (grant-in-aid) ഇതിന് പിൻബലമായി. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഇത്തരുണത്തിൽ ഉയർന്നുവന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌.
 ‘സനാതന ഹിന്ദുത്വത്തെ’ കുറിച്ചുള്ള ‘അടിസ്ഥാനതലത്തിലുള്ളതും(elementary) ഉയർന്ന തലത്തിലുള്ളതുമായ (advanced) ഗ്രന്ഥങ്ങളിലൂടെ ആധുനിക ഹിന്ദുത്വം രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കു വഹിച്ച ആനി ബസന്റാണ് 1895-ൽ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി(ബിഎച്ച്‌യു) സ്ഥാപിക്കുന്നത്‌. (ഭഗവൻ ദാസിന്റെ സഹകരണവും ഉണ്ടായിരുന്നു). പിന്നീട്, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ആനി ബസന്റുമായി കൈകോർക്കുകയും ഹിന്ദുക്കൾക്ക് വേണ്ടി പൂർണ്ണ തോതിലുള്ള റെസിഡൻഷ്യൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള ആശയം പിൻപറ്റുകയും ചെയ്‌തു. പുതുതായി സംഘാടനം ചെയ്യപ്പെട്ട ബ്രാഹ്മണിക അധീശത്വ (supremacist) ദേശീയതയുടെ ഉൽപ്പന്നമായിരുന്നു ബിഎച്ച്‌യു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും നടന്ന ദീർഘകാല പ്രവർത്തനങ്ങൾ, പത്രപ്രവർത്തക ഇടപെടലുകൾ (journalism) എന്നിവയുടെ ഫലമായാണ് ഇതു സാധ്യമായത്‌. മധ്യ ഹിന്ദു സമാജ് (ഹിന്ദി പ്രചരണത്തെ സാംസ്‌കാരിക പ്രവർത്തനമായി കണ്ടിരുന്ന സംഘടന), ഹിന്ദു മഹാസഭ എന്നിവ കോൺഗ്രസുമായി ഇതിന് വേണ്ടി ലോബിയിംഗ് നടത്തി. പ്രധാനമായും അലഹബാദ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ14.

  കോളേജുകളുടെയും സർവ്വകലാശാലകളുടെയും ശൃംഖല, ഗവൺമെന്റ് ജോലികൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ള ബ്രാഹ്മണിക വരേണ്യരെ- വിവിധ മതങ്ങളിൽ നിന്നായി സൃഷ്‌ടിച്ചെടുത്തു. ഇതേ സമയം തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉദയം ഈ ഗ്രൂപ്പുകളെ വീണ്ടും ശക്തിപ്പെടുത്തി. മിഷണറി സ്‌കൂളുകളിലെയും കോളേജുകളിലെയും ഉദാരമായ (non discriminatory) വിദ്യാഭ്യാസം, സെമീന്ദാരി വ്യവസ്ഥയുടെ ശാശ്വതമായ തീർപ്പാക്കലിലൂടെ കൈവന്ന ഭൂവുടമസ്ഥത, ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയുള്ള രാഷ്‌ട്രീയാധികാരം, ജീവിതത്തിന്റെ ഓരോ തുറകളിലും നിലനിർത്താൻ കഴിഞ്ഞ സാംസ്‌കാരിക മേധാവിത്തം എന്നിവയൊക്കെ അനുകൂല ഘടകങ്ങളായിരിക്കുമ്പോഴും ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരുന്നതിനെ കുറിച്ച് എസ്. ആർ‌. താലൂക്‌ദാർ ‘ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയും സവർണ മെറിറ്റും’15 എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഈ ‘നോൺ‌-മെറിറ്റോക്രസി’ പരിഹരിക്കുന്നതിനുള്ള സമ്മർദ്ദ ഗ്രൂപ്പായി അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഉപയോഗിച്ചു. ബ്രാഹ്മണിക വരേണ്യർക്കായി ബ്രിട്ടീഷ് ഭരണകൂടം റിസർവേഷനുകൾ, പ്രായപരിധിയിലുള്ള ഇളവ്, പ്രത്യേക നിയമനങ്ങളിലുള്ള മുൻഗണന, ഇന്ത്യൻ സെന്ററുകളിൽ പരീക്ഷയെഴുതാനുള്ള സൗകര്യം, രാഷ്‌‌ട്രീയ നോമിനേഷനുകൾ എന്നിങ്ങനെ നിരവധി നടപടികൾ സ്വീകരിച്ചു. വാസ്‌തവത്തിൽ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യന്മാർ ഇന്ത്യൻ സിവിൽ സർവീസിൽ നിന്ന് പിൻവലിയാൻ തുടങ്ങിയതോടെയാണ് ഈ മേഖലയിൽ സവർണ ഇന്ത്യക്കാർക്ക് അനുകൂലമായ സ്ഥിതി സംജാതമായത്‌. മദ്രാസിലെ ബ്രാഹ്മണരും കൽക്കത്തയിലെ ഭദ്രലോകും പുതിയ വിദ്യാഭ്യാസ പോളിസികളുടെ നേട്ടങ്ങൾ കൈവശപ്പെടുത്തുകയും (colonise) അഡ്‌മിനിസ്‌ട്രേഷനിലെ കൂടുതൽ തസ്‌തികകളും സ്വന്തമാക്കുകയും ചെയ്‌തതിനെ കുറിച്ച് ഭഗവൻ ദാസ്16 ചൂണ്ടിക്കാണിക്കുന്നുണ്ട്.

 സർവ്വകലാശാലയുടെ നടത്തിപ്പിനായി രൂപീകരിച്ച സെനറ്റുകളും സിൻഡിക്കേറ്റുകളും അടക്കം വിദ്യാഭ്യാസം ലഭിച്ച സവർണ വിഭാഗങ്ങളുടെ രാഷ്‌‌ട്രീയ താൽപ്പര്യങ്ങൾ നടപ്പാക്കാനുള്ള ഉപാധികളായിരുന്നു. 1902-ൽ സ്ഥാപിച്ച യൂണിവേഴ്‌സിറ്റി കമ്മീഷനെയും അതിന്റെ ശുപാർശകളെയും ഫിറോസ്‌ഷാ മേഹ്‌തയും ഗോപാൽ കൃഷ്‌ണയും ശക്തമായി എതിർത്തത് ഇതോടൊപ്പം ചേർത്തുവായിക്കാം. കമ്മീഷന്റെ ആരംഭം മുതൽക്കുതന്നെ ‘ഇന്ത്യക്കാരായ’ അംഗങ്ങൾ അതിൽ ഇല്ലാതിരുന്നതും സെനറ്റിന്റെ അംഗത്വം നൂറാക്കി മാറ്റുന്നത് അതിനെ യൂറോപ്യനും ഔദ്യോഗിക സ്വഭാവത്തോട് കൂടിയതാക്കി മാറ്റുമെന്നതുമാണ്‌ (Donkerkery, 1957:45, 46) എതിർപ്പിന് കാരണമായി ചൂണ്ടിക്കാണിച്ചത്‌.

 പൊതുവിൽ, ബ്രാഹ്മണരുടെ നേതൃത്വത്തിലുള്ള വിദ്യാസമ്പന്നരായ വർഗം നടത്തിയ ‘സ്വത്വ രാഷ്‌‌ട്രീയ’മാണ് ഇന്ത്യൻ സർവകലാശാലകളുടെ ആദ്യ തലമുറയെ അടയാളപ്പെടുത്തുന്നത്‌. വിദേശ ഭരണാധികാരികൾക്ക് മുന്നിൽ ഉയർത്തിയ ആവശ്യങ്ങൾ മുൻനിർത്തി വ്യത്യസ്‌ത മത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇതിൽ പങ്കാളിത്തം ലഭിച്ചു. എന്നാൽ പിന്നോക്ക ജാതിക്കാർക്ക് ഇടം ഉണ്ടായിരുന്നില്ല. അഖിലേന്ത്യാടിസ്ഥാനത്തിനുള്ള സംഘടനകളിലൂടെയും പ്രയോക്താക്കളിലൂടെയും സവർണർ അവരുടെ ‘സ്വത്വ രാഷ്‌‌ട്രീയം’ ഫലപ്രദമായി നടപ്പാക്കി.

 ബ്രാഹ്മണർക്കും സവർണ വിഭാഗങ്ങൾക്കും 1947 ആഗസ്‌ത് 15, ഒരു മാന്ത്രിക ദിനം (Day of Miracle) ആയിരുന്നുവെന്ന് താലുക്‌ദർ (1998) ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥാപനങ്ങളിലെ എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളും സവർണ വിഭാഗങ്ങൾക്കായി നീക്കിവയ്‌ക്കപ്പെട്ടു. നിരവധി നിയമനങ്ങൾ ആവശ്യമായിരുന്ന പൊതു സ്ഥാപനങ്ങളുടെ തുറന്ന മേഖലയായിരുന്നു പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യ. സാമൂഹിക സമ്മതിയുള്ള ജാതി അധികാരത്തെ യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെയുള്ള നിരവധി ആധുനിക ഇടങ്ങളിൽ നിയമപരമായ അധികാരമായി (legal authority)  വികസിപ്പിച്ചുകൊണ്ടാണ്‌ ചരിത്രപരമായ ഇത്തരമൊരു സാഹചര്യം സൃഷ്‌ടിച്ചെടുത്തത്‌. ഈ പ്രക്രിയയ്‌ക്കിടെ അവർ തങ്ങൾക്കായി ഒരു ‘ദേശീയ മേൽവിലാസം’ തന്നെ സൃഷ്‌ടിച്ചെടുത്തു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അവയുടെ വളർച്ചയെ കുറിച്ചും പ്രവർത്തനരീതികളെ കുറിച്ചും അതോടൊപ്പം ഉയർന്നുവന്ന സാംസ്‌കാരികാന്തരീക്ഷത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഈ ആമുഖ കുറിപ്പ്, തുടർന്നുള്ള ഭാഗത്ത് ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയുടെ വിഷയം സവിശേഷമായി പരിശോധിക്കാൻ സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നു.

ജെ എൻ യുവിനെയും അതിന്റെ ജനസംഖ്യാനുപാതത്തെയും   ചരിത്രപരമായി മനസിലാക്കുമ്പോൾ

 ഓൾ ഇന്ത്യ സർവ്വേ ഓൺ ഹയർ എഡ്യുക്കഷന്റെ (AISHE) 2014-15-ൽ പുറത്തുവന്ന അവസാന റിപ്പോർട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിൽ എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികളിൽ 0.02 ശതമാനമാണ് ജെഎൻയുവിലുള്ളത്‌. കേന്ദ്ര സർവകലാശാലകൾ മാത്രമായെടുക്കുമ്പോൾ ഇത് 0.9 % മാത്രമാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 4.7% മാത്രമാണ് ദേശീയ നിയമാധികാരങ്ങളുള്ള കേന്ദ്ര സർവ്വകലാശാലകളിൽ പഠിക്കുന്നത്‌. എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതാണ്ട് 85% വിദ്യാർത്ഥികളും പഠിക്കുന്നത് പൊതുമേഖലയിലുള്ള സംസ്ഥാന സർവ്വകലാശാലകളിലാണ്17. കേന്ദ്ര സർവ്വകലാശാലകളിൽ മൊത്തത്തിലുള്ളതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ കേന്ദ്ര സംസ്ഥാന ഓപ്പൺ സർവ്വകലാശാലകളിൽ പഠിക്കുന്നു (5.06%).

 ജനസംഖ്യാപരമായി നോക്കുമ്പോൾ ജെഎൻയുവിനും അതു പോലെ മറ്റ് കേന്ദ്ര സർവകലാശാലകളും പ്രധാനമാകുന്നത്‌ അവ ചരിത്രപരമായി വിഭാവനം ചെയ്യപ്പെട്ടതിന്റെ സവിശേഷത കാരണമാണ്. ‘ദേശരാഷ്‌ട്രത്തിന്റെ’ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുള്ള ‘പ്രത്യേക ഇടങ്ങളായാണ്’ കേന്ദ്ര സർവ്വകലാശാലകൾ സങ്കല്പനം ചെയ്യപ്പെട്ടത്‌. വിശാലമായ അർത്ഥത്തിൽ, കേന്ദ്ര സർവ്വകലാശാലകളുടെ അടിസ്ഥാന ലക്ഷ്യം ദേശീയോദ്‌ഗ്രഥനത്തെ സഹായിക്കലാണെന്ന്(promote) ജെഎൻയു രജത ജൂബിലി സ്‌മരണികയിൽ (memoir) സതീഷ് ചന്ദ്ര അഭിപ്രായപ്പെടുന്നു18. ‘ദേശീയ സർവ്വകലാശാലകൾ’ എന്ന ആശയത്തിലേക്ക് നമുക്ക് പിന്നീട് മടങ്ങി വരാം.

 ജനസംഖ്യാപരമായി നോക്കുമ്പോൾ അപ്രധാനമാണെന്ന് പറയാമെങ്കിലും കേന്ദ്ര സർവ്വകലാശാലകളും ‘ദേശീയ പ്രാധാന്യമുള്ള ഇൻസ്‌റ്റിറ്റ്യൂട്ടുകളു’മാണ് (ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളിൽ 0.58 ശതമാനമാണ് അവയിൽ എൻറോൾ ചെയ്യുന്നത്‌19) കേന്ദ്ര ബജറ്റിലെ ഏറിയ പങ്കും കൈവശപ്പെടുത്തുന്നത്20 ‌(അനുവദിക്കുന്ന തുകയിൽ വെട്ടിക്കുറവ് വരുത്തുമ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു)‌. അതുപോലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ‘ദേശീയ’ മാധ്യമങ്ങളുടെ പരിഗണന ലഭിക്കുന്നതും ഇവയ്‌ക്കു തന്നെ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെയും അന്താരാഷ്‌ട്ര പ്രോജക്‌റ്റുകളുടെയും പൊളിറ്റിക്കൽ എക്കോണമി തന്നെയും, ഈ സ്ഥാപനങ്ങളെ അധികരിച്ചു കൊണ്ടുള്ളതാണ്‌. അങ്ങനെ അവ രൂപത്തിലും ഭാവത്തിലും (decor and architecture) ‘ദേശീയ പ്രാധാന്യത്തിന്റെ’ മൂർത്തീകരണമായി തീരുന്നു. ശക്തമായ ദേശീയ അധികാര സ്ഥാനങ്ങൾ കയ്യാളിയിട്ടുള്ളവരോ കയ്യാളുന്നവരോ ആയ വ്യക്തികളും ഗ്രൂപ്പുകളുമാണ് അവയുടെ ചുക്കാൻ പിടിക്കുന്നത്. ഒരു ദേശീയ സംസ്കാരത്തിന് തങ്ങൾ രൂപം നൽകിയെന്ന് പല ദേശീയ സർവ്വകലാശാലകളും അവകാശപ്പെടുന്നു. അത്തരം നിർമ്മിതികളുടെ(productions) മുൻനിരയിലാണ് ജെഎൻയു സ്ഥാനം പിടിക്കാറുള്ളത്‌. ഉദാഹരണത്തിന്,  രജത് ദത്ത21 തന്റെ ലേഖനത്തിൽ വിശദീകരിക്കുന്നത് നോക്കുക:

കൃത്യമായി പറഞ്ഞാൽ ജെഎൻയു ഒരു തരത്തിലുള്ളൊരു ദ്വീപാണ്‌. എല്ലാ ഭാഷകളും പ്രദേശങ്ങളും ജാതികളും സമുദായങ്ങളും, ഈ ദ്വീപിലെ നിർമ്മിച്ചെടുത്തതും തുറസ്സായതുമായ സ്ഥലങ്ങളിൽ അധിവസിക്കുന്നു. ജെഎൻയു സന്ദർശിക്കുന്നത്‌ ഭാരത ദർശനം നടത്തുന്നതിന് തുല്യമാണെന്ന് ഒരിക്കൽ ഒരു സഹപ്രവർത്തകൻ  പറഞ്ഞത് ഓർക്കുന്നു.
(…..) ആശയ പ്രകാശനത്തിനും വിയോജിപ്പിനുമുള്ള സ്വാതന്ത്ര്യം ഈ യൂണിവേഴ്‌സിറ്റിയുടെ ഡിഎൻഎയിൽ മുദ്രണം ചെയ്‌തിരിക്കുന്നു.

 പാർലമെന്റ് മുതൽ വിദൂര പ്രദേശങ്ങളിലെ പൊലിസ് ഔട്ട് പോസ്‌റ്റ് വരെ ഉൾപ്പെടുന്ന പൊതുസ്ഥാപനങ്ങളുടെ സങ്കീർണ്ണമായ ശൃംഖലയിലൂടെയാണ് ‘ഇന്ത്യ എന്ന ആശയം’ നിലനിന്നു പോരുന്നത്‌. എന്നാൽ ഇതിൽ എല്ലാ സ്ഥാപനങ്ങളും തുല്യമായ അധികാരത്തോട് കൂടിയവയല്ല. സർവ്വകലാശാലകൾ, പ്രത്യേകിച്ചും ദേശീയ യൂണിവേഴ്‌സിറ്റികൾ ഈ സങ്കീർണ്ണ ശൃംഖലയുടെ ഭാഗമാണ്‌. വിജ്ഞാനോൽപ്പാദനത്തിന്റെയും അതിനെ തുടർന്നുള്ള നയ രൂപീകരണങ്ങളുടെയും കാര്യത്തിൽ എന്താണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള (gate keeping) അധികാരം ഇവയിൽ നിക്ഷിപ്‌തമാണ്. എന്നാൽ യൂണിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അവ കയ്യാളുന്ന അധികാരത്തിലോ വിഭവങ്ങളിലോ ഒരേ പോലെയല്ല.

 ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എഐഎസ്എച്ച്ഇ 2014-15, പന്ത്രണ്ട് വ്യത്യസ്‌ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്- കേന്ദ്ര സർവ്വകലാശാലകൾ, കേന്ദ്ര ഓപ്പൺ യൂണി‌വേഴ്‌സിറ്റികൾ, ദേശീയ പ്രാധാന്യമുള്ള ഇൻസ്‌റ്റിറ്റ്യൂട്ടുകൾ, സംസ്ഥാന പബ്ലിക് യൂണിവേഴ്‌സിറ്റികൾ, സംസ്ഥാന പബ്ലിക് ഓപ്പൺ യൂണിവേഴ്‌സിറ്റികൾ, സംസ്ഥാന പ്രൈവറ്റ് യൂണിവേഴ്‌സിറ്റികൾ, സ്‌റ്റേറ്റ് പ്രൈവറ്റ് ഓപ്പൺ യൂണിവേഴ്സിറ്റികൾ, സ്‌റ്റേറ്റ് ലെജി‌സ്ലേച്ചർ ആക്‌ടിന് കീഴിൽ വരുന്ന ഇൻസ്‌റ്റിറ്റ്യൂട്ടുകൾ, ഗവൺമെന്റ്‌ കൽപിത സർവ്വകലാശാലകൾ, ഗവൺമെന്റ്‌ സഹായത്തോടെ പ്രവർത്തിക്കുന്ന കൽപിത സർവ്വകലാശാലകൾ, സ്വകാര്യ കൽപിത സർവ്വകലാശാലകൾ, മറ്റ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ എന്നിവയാണവ. ഇവ ഓൺ-ക്യാംപസ്, ഓഫ്‌-ക്യാം‌പസ് വിഭാഗങ്ങളായി വീണ്ടും വർഗ്ഗീകരിച്ചിട്ടുണ്ട് (ഗവണ്മെന്റ്/ ഗവ. എയ്‌ഡഡ്/ പ്രൈവറ്റ് മാനേജ്‌മെന്റ് കോളേജുകൾ‌). അഫിലിയേറ്റഡ് കോളേജുകളിൽ വലിയൊരു വിഭാഗം പ്രൊഫഷണൽ കോഴ്‌സുകൾ നടത്തുന്നതും സ്വകാര്യ മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലുള്ളവയുമാണ്22. വിഭവങ്ങൾ, അവസരങ്ങൾ, വിദഗ്‌ധ വ്യക്തിത്വങ്ങളിലൂടെയോ സെന്ററുകളിലൂടെയോ സ്‌റ്റേറ്റിന്റെ അധികാരവുമായി പുലർത്താൻ കഴിയുന്ന ബന്ധം എന്നിവയുടെ കാര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ ശ്രേണീകൃതമായ അസന്തുലിത്വം നിലനിൽക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാമൂഹികാനുപാതം (social composition) സാമൂഹ്യമായി സമ്മതി ആർജ്ജിച്ചിച്ചിട്ടുള്ള ജാതി, വർഗ്ഗ, ലിംഗഭേദ ഘടനകളും അവയുടെ ഫലമായി വിഭവങ്ങളിലും ‘ദേശീയ’ അധികാരത്തിലുമുള്ള പങ്കാളിത്തവും പ്രതിഫലിപ്പിക്കുക മാത്രമല്ല, അവ പുനരുൽപ്പാദിപ്പിക്കുക കൂടി ചെയ്യുന്നു. പൊതു സർവകലാശാലകളിലെ മാറുന്ന വിദ്യാർത്ഥി അനുപാതത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും23 സവർണ അക്കാദമികളിലെ അദ്ധ്യാപകരുടെ കാര്യത്തിൽ ബോധപൂർവ്വമായ നിശബ്‌ദത തുടരുകയാണ്. ‘ദേശീയ പ്രാധാന്യമുള്ള ഇൻസ്‌റ്റിറ്റ്യൂട്ടുകളിലെ എസ്‌സി, എസ്‌ടി, ഒബിസി, ന്യൂനപക്ഷ, വനിതാ അദ്ധ്യാപകരുടെ എണ്ണം തീർത്തും അപര്യാപ്‌തമത്രേ‌. ‘ദേശീയ പ്രാധാന്യമുള്ള 74 ഇൻസ്‌റ്റിറ്റ്യൂട്ടുകളിലെ മൊത്തം അദ്ധ്യാപകരിൽ ഈ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 2.3 ശതമാനം മാത്രമാണ്‌. പട്ടിക നോക്കുക.

national table

കേന്ദ്ര സർവകലാശാലകളുടെ കാര്യത്തിൽ സ്ഥിതി അൽപ്പം മാത്രം ഭേദമാണ്‌. ഈ സ്ഥാപനങ്ങളിൽ ഓൺ-ക്യാംപസ്, ഓഫ്‌-ക്യാംപസ്, ടീച്ചിംഗ്‌ വകുപ്പുകളിലെ എസ്‌സി, എസ്‌ടി , ഒബിസി, വനിത അദ്ധ്യാപകരുടെ എണ്ണം 6.1 ശതമാനമാണ്. ഇതിൽ 3.6 ശതമാനം മുസ്ലിം വനിതകളാണ്‌. എന്നിരുന്നാലും ഈ സംഖ്യ അതത് വിഭാഗങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിൽ അപര്യാപ്‌തമാണ്‌. അഫിലിയേറ്റഡ്‌, കോൺസ്‌റ്റിറ്റ്യുവന്റ് കോളേജുകളിൽ സ്ഥിതി കുറേക്കൂടി ഭേദമാണ്. എന്നാൽ, ഈ കോളേജുകളിലെ ജോലി ഉടമ്പടികൾ (job contracts) യൂണിവേ‌ഴ്‌സിറ്റി വകുപ്പുകളുടേതുമായി തട്ടിച്ചു നോക്കുമ്പോൾ അനിശ്ചിതത്വം നിറഞ്ഞതാണ്‌. പട്ടിക നോക്കുക. 

jnu table1

‘ദേശീയ പ്രാധാന്യമുള്ള ഇൻസ്‌റ്റിറ്റ്യൂട്ടുകളിലെ ”ചരിത്രപരമായി ചൂഷണത്തിന് വിധേയരായ ഗ്രൂപ്പുകളുടെ എണ്ണത്തെ സംബന്ധിച്ച ചോദ്യങ്ങൾ സംവരണം നടപ്പാക്കാത്തതിന്റെയോ അത് നടപ്പാക്കുന്നതിലെ വേഗതകുറവിന്റെയോ വിഷയമായി തീർച്ചയായും ലഘൂകരിക്കാം. എന്നാൽ അത്തരമൊരു സമീപനം ചരിത്രവിരുദ്ധവും സങ്കുചിതവുമായിരിക്കും. സവിശേഷ ആനുകൂല്യങ്ങളോട് കൂടിയ വിഭാഗങ്ങൾ (privileged) എണ്ണത്തിൽ കൂടുതലും അവരുടെ നിയന്ത്രണം നിലനിൽക്കുന്നതുമായ ഇടങ്ങളിലേക്ക് ‘മർദ്ദിത വിഭാഗങ്ങളിൽ’ നിന്നുള്ളവരെ ഉൾപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചത് നിരന്തരമായ പ്രക്ഷോഭങ്ങളെ തുടർന്നാണ്. മർദ്ദിത വിഭാഗങ്ങളുടെ പ്രക്ഷോഭഘട്ടം, ചരിത്രപരമായി സവിശേഷ ആനുകൂല്യം പുലർത്തിയിരുന്ന വിഭാഗങ്ങൾ അവരുടെ അവസരങ്ങൾ വിപുലീകരിക്കുന്ന ഘട്ടം കൂടിയാണ്. പൊതുസ്ഥാപനങ്ങളിലേക്കുള്ള മർദ്ദിത വിഭാഗങ്ങളുടെ പ്രവേശനത്തെയും അവയിൽ നിന്നുള്ള ബഹിഷ്‌കരണത്തെയും സംബന്ധിച്ച ഏതൊരു ചർച്ചയിലും അതിന്റെ ചരിത്ര സന്ദർഭം പ്രാധാന്യമർഹിക്കുന്നു.

 എണ്ണത്തിലുള്ള ഈ അസന്തുലിതത്വം, വ്യത്യസ്‌ത സാമൂഹിക വിഭാഗങ്ങളുടെ ‘ദേശീയ പ്രാധാന്യം’ സംശയലേശമെന്യേ വെളിവാക്കുന്നുണ്ട്‌. ദേശീയ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആരാണെന്നതും, നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതികളിൽ പ്രാതിനിധ്യ നീതി നിലനിൽക്കുന്നില്ല എന്നിരിക്കേ അവയ്‌ക്ക് എങ്ങനെയാണ് ദേശീയ സംസ്‌കാരം ഉൽപ്പാദിപ്പിക്കാൻ കഴിയുക എന്നതും പ്രസക്തമായ ചോദ്യങ്ങളാണ്. ചരിത്രപരമായി രൂപീകരിക്കപ്പെട്ട സവർണ പൊതു ഇടത്തിന്റെ തുടരുന്ന ആധിപത്യമാണ് അമിത പ്രാതിനിധ്യത്തിന്റെ കാരണം.

വ്യത്യസ്‌ത ഭൂമിശാസ്‌ത്ര മേഖലകളിലായി വ്യത്യസ്‌‌തങ്ങളായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന 5000 ജാതികളും ഗോത്രങ്ങളും അവയുടെ ഉപവിഭാഗങ്ങളും ലിംഗ‌ഭേദങ്ങളും വ്യത്യസ്‌ത ഭാഷകളും അടങ്ങുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, ദേശീയതലത്തിൽ നടപ്പാക്കുന്ന പ്രതിനിധാനപരമായ നീതിയിലൂടെ ഇന്ത്യയുടെ മൈക്രോകോസം സൃഷ്‌ടിച്ചെടുക്കാമെന്ന സങ്കൽപ്പം തന്നെ പ്രശ്‌നഭരിതമാണ്‌.24

 എഐഎസ്എച്ച് 2014-15 റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജെഎൻയുവിനെ ‘ദേശീയ’ യൂണിവേഴ്‌സിറ്റികൾ എന്ന പ്രശ്‌നമണ്ഡലത്തിനകത്ത്‌ പ്രതിഷ്‌ഠിച്ച സാഹചര്യത്തിൽ, എണ്ണത്തിലുള്ള മേൽപ്പറഞ്ഞ അപര്യാപ്‌തതയും സാംസ്‌കാരിക പ്രത്യേകതയും വിശദീകരിക്കുന്ന ചരിത്രപരമായ പ്രക്രിയ പരിശോധിക്കാം.

ജെഎൻയു: ചരിത്രം, സംസ്‌കാരം, എണ്ണം

 ഫാക്കൽറ്റി ഭവനങ്ങളോടും ഹോസ്‌റ്റലുകളോടും കൂടി, ഒരു കുടുംബത്തിന് സമാനമായ മാതൃകയിലാണ് പുതിയ ക്യാംപസിന്റെ ഘടന വിഭാവനം ചെയ്‌തത്‌.[..] ലോകത്തെ മാറ്റിത്തീർക്കാനും അത് കുറേക്കൂടി സമത്വപൂർണ്ണമാക്കി(egalitarian) മാറ്റാനുമുള്ള ബൗദ്ധിക പ്രതിബദ്ധതയുടെ പരിസരം.‌[….] ശ്രീ. ജി. പാർത്ഥസാരഥിയുടെ വീക്ഷണത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്ന ജെ‌എൻയുവിന്റെ സങ്കൽപ്പനം‌ പ്രൗഢമാണ്.’ (Harbans Mukhia in JNU; The years, 1996;97).

‘അടിയന്തിര പ്രാധാന്യമുള്ള ഒരു നിയമമായി 1966 നവംബർ 16-ന് ജെഎൻയു ബിൽ പാസാക്കി. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയുടെ മാതൃകയിൽ ഒരു ‘ദേശീയ’ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ സംയുക്ത സെലക്ഷൻ കമ്മിറ്റിയ്‌ക്ക്‌ നേരത്തേ രൂപം നൽകിയിരുന്നു. എന്നാൽ ജെഎൻയുവിന് അടിത്തറയിട്ടത് പിന്നെയും മൂന്നു വർഷം 1969-ലാണ്‌. ജെഎൻ‌യുവിനെ തുടർന്ന് 1970-കളിൽ നോർത്ത് ഈസ്‌റ്റ് ഹിൽ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്നിവ സ്ഥാപിക്കപ്പെട്ടു.

 നിരവധി ചരിത്രപരമായ പ്രക്രിയകളുടെ ഫലമായാണ് അഖിലേന്ത്യാ തലത്തിൽ നിയമാധികാരമുള്ള ‘ദേശീയ സർവകലാശാല’ എന്ന ആശയം സാക്ഷാത്‌കരിക്കപ്പെടുന്നത്‌. സ്വതന്ത്ര ഇന്ത്യ സ്ഥാപിക്കപ്പെട്ടതിനൊപ്പം നടന്ന പ്രധാനപ്പെട്ട പ്രക്രിയകളിലൊന്ന് പ്രത്യയശാസ്‌ത്രപരവും പ്രാദേശികവും ഭാഷാപരവുമായ വൈവിധ്യങ്ങൾ അവകാശപ്പെടാവുന്ന സജീവമായൊരു സവർണ പൊതുയിടത്തിന് ദേശത്തിനുള്ളിൽ (intra national) രൂപംനൽകുകയാണ്. അത്തരം ചരിത്രപരമായ രൂപീകരണ പ്രക്രിയയുടെ സ്വഭാവം നമ്മൾ പരിശോധിക്കുകയുണ്ടായി. മാധ്യമ, വ്യവസായ, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമ്പത്തിക വിഭവങ്ങൾക്ക് മേൽ നിയന്ത്രണം പുലർ‌ത്തുന്ന ഒരു സ്വയം പര്യാപ്‌തമായ ദേശീയ സമുദായം എന്ന നിലയ്‌ക്കാണ് ഇതു പ്രവർത്തിക്കുന്നത്. അവർ നിരന്തരമായ ആശയ വിനിമയത്തിൽ ഏർപ്പെടുകയും പൊതുവായ സ്‌കൂളുകൾ, കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ, പൊതു ഓഫീസുകൾ, ലൈബ്രറികൾ എന്നിവ പങ്കിടുകയും ഏറെക്കുറെ ഒരേ ഭാഷ സംസാരിക്കുകയും ചെയ്യുന്നവരാണ്‌.

 ജെഎൻയുവിന്റെ സ്ഥാപന അംഗങ്ങളിൽ കൂടുതലും ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലുള്ള സവർണരും തമ്മിൽ തമ്മിൽ ബന്ധമുള്ളവരുമാണെന്ന് അവരുടെ ജീവചരിത്ര വിശദാംശങ്ങളിൽ നിന്ന് വ്യക്തമാവും. ഉദാഹരണത്തിന്, ജെഎൻയുവിന്റെ സ്ഥാപക ചാൻസലറായ ജി. പാർത്ഥസാരഥി പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച തമിഴ്‌ ബ്രാഹ്മണനാണ്. മദ്രാസ് പ്രസിഡൻസിയ്‌ക്ക് കീഴിൽ സിവിൽ സെർവന്റ്, കാഷ്‌മിർ ദിവാൻ നെഹ്രു മന്ത്രിസഭാംഗം എന്നീ പദവികൾ വഹിച്ച എൻ. ഗോപാലസ്വാമി അയ്യങ്കാർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ജി. പാർത്ഥസാരഥി വിദ്യാഭ്യാസം പൂർത്തീകരിച്ചത്‌. അദ്ദേഹത്തിന്റെ പിതൃസഹോദരനായ എ. രംഗസ്വാമി അയ്യങ്കാർ ‘ദ ഹിന്ദു’വിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചു. നയതന്ത്ര മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പാർത്ഥസാരഥി തന്നെ ‘ഹിന്ദു’വിന്റെ എഡിറ്റോറിയൽ ബോർഡിൽ അംഗമായിരുന്നു. ലണ്ടനിൽ പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. ചുരുക്കിപ്പറഞ്ഞാൽ ജാതി ബന്ധു ബലത്തിലൂടെ ദേശീയ- ആന്തരഘടനയുടെ (national infrastructure) ഭാഗമായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം . ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയ, ജി. പാർത്ഥസാരഥി ജെഎൻയുവിന്റെ ശിൽപ്പിയും അതിന്റെ ഉദാര സ്വാഭാവത്തോടു കൂടിയ സംസ്‌കാരത്തിന്റെ രചയിതാവുമായി പ്രകീർത്തിക്കപ്പെടുന്നു. പത്തു വർഷക്കാലം ഐസിഎസ്എസ്ആറിന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഇത്തരം സവർണർക്ക് പ്രദേശം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട ഒരൊറ്റ വൈവിധ്യം മാത്രമായിരിക്കും അവകാശപ്പെടാൻ കഴിയുക. അവരുടെ ബന്ധങ്ങളുടെയും പരസ്‌പരം വിനിമയത്തിന്റെയും (associations and conversations) വിഭാഗീയവും സങ്കുചിതവുമായ സ്വഭാവം കണക്കിലെടുക്കേണ്ടതുണ്ട്. ഭയമോ ഭീതിയോ കൂടാതെ വ്യക്തികൾക്ക് (അവരുടെ പശ്ചാത്തലം പരിഗണിക്കാതെ) വിജ്ഞാനോൽപ്പാദനത്തിൽ ഭാഗഭാക്കാവാൻ കഴിയുന്ന ഇടങ്ങളായാണ് സർവകലാശാലകൾ സങ്കൽപ്പിക്കപ്പെടുന്നത്‌; എന്നാൽ അത്തരം ആശയങ്ങൾ വിഭാവനം ചെയ്യപ്പെടുന്നതും നടപ്പാക്കാൻ ശ്രമിക്കുന്നതും സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങളുമായി സംഘർഷാത്മകമായ ബന്ധത്തിൽ നിലകൊള്ളുന്ന സാമൂഹികവും ഭൂമിശാസ്ത്രപരവുമായ മേഖലകൾക്കകത്താണെന്നുള്ളതാണ് വിരോധാഭാസം. അടിച്ചമർത്തപ്പെട്ട ബഹുഭൂരിപക്ഷത്തിന്റെയും വിദ്യാഭ്യാസത്തിലും സാമൂഹ്യമായ ചലനാത്മകതയിലും (mobility) അപ്രതിരോധ്യവും ദീർഘകാല പ്രത്യാഘാതം സൃഷ്‌ടിക്കാൻ പോന്നതുമായ തീരുമാനങ്ങളാണ് ഇത്തരം ഇടങ്ങളിൽ നിന്നുണ്ടാവുക, എന്നാൽ തീരുമാനം കൈക്കൊള്ളുന്ന പ്രക്രിയകളിൽ നിന്ന് ആ വിഭാഗങ്ങൾ മാറ്റി നിർത്തപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബഹിഷ്‌കരണത്തെയും ഉൾപ്പെടുത്തലിനെയും (exlusion and inclusion) സംബന്ധിച്ച ഏതൊരു ചർച്ചയും സർവ്വകലാശാലകളുടെ രൂപീകരണ ഘട്ടങ്ങളിൽ തന്നെ തുടങ്ങുന്ന ‘ജനാധിപത്യത്തിന്റെ അഭാവം (lack of democray) തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്‌. പലപ്പോഴും യൂനിവേഴ്‌സിറ്റിയുടെ സാംസ്‌കാരിക പ്രത്യേകത എന്ന പേരിൽ ആഘോഷിക്കപ്പെട്ടത് അതിലടങ്ങിയിരിക്കുന്ന സ്വേഛാധികാരത്തിന്റെ ചരിത്രം വിമർശരഹിതമായി സ്വീകരിച്ചതിലൂടെയാണ്.

 ‘ദേശീയ സർവ്വകലാശാല എന്ന നിലയിൽ ‘ജെഎൻയു എന്ന ആശയം’ വിഭാവനം ചെയ്‌തു നടപ്പാക്കിയത് ഡൽഹിയിലാണ്‌. കൃത്യമായി പറയുകയാണെങ്കിൽ ആരവല്ലി മലനിരകളിലെ കല്ലിലും മണ്ണിലുമാണ് ജെഎൻയു സങ്കൽപ്പനം ചെയ്യപ്പെട്ടത്‌. (Lochan,1996:14)

 ആരവല്ലി മലനിരകളുടെ ഒരറ്റത്തു നിന്ന് (സ്‌മരണികയിൽ ഈ പ്രദേശം, ആരും അധിവസിക്കാത്ത ഒരു പാറമടയ്‌ക്ക്-stone quarry- സമാനമാണ്) തുടങ്ങുന്നതിലൂടെ, ‘ദേശീയ ഭാവനയ്‌ക്ക് അനുയോജ്യമായ വിധത്തിൽ ജെഎൻയു അത് സ്ഥാപിക്കപ്പെട്ട പ്രദേശത്തെ അതിന്റെ ‘സവിശേഷ സാമൂഹ്യ സവിശേഷതകളിൽ’ നിന്ന് വിദഗ്ധമായി അകറ്റിനിർത്തി. രജത ജൂബിലി സ്‌മരണികയിൽ അവിടെയുള്ള പ്രാദേശിക സമുദായങ്ങളെ കുറിച്ചും അവരുടെ സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ പശ്ചാത്തലത്തെ കുറിച്ചുമുള്ള സൂചനകൾ ഒന്നുമില്ല. അവർക്ക് ഈ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടതിലൂടെ ലഭിച്ച നേട്ടങ്ങൾ എന്തൊക്കെയാണ്? സ്ഥാപിക്കുന്നതിനോടുള്ള അവരുടെ പ്രതികരണം എന്തായിരുന്നു? ജെഎൻയുവിലെ പൂർവ്വ വിദ്യാർത്ഥികളിൽ എത്ര പേർ സമീപ പ്രദേശങ്ങളിലെ ജാതികളിൽ നിന്നും സമുദായങ്ങളിൽ നിന്നും ഉള്ളവരാണ്? അവരിൽ എത്ര പേർ സർവ്വകലാശാലയിലെ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരായി മാറി?- തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും സ്‌മരണികയിൽ ഇടമില്ല.

 ദേശീയ തലത്തിൽ വിഭാവനം ചെയ്യപ്പെടുന്ന സർവ്വകലാശാലയെ സംബന്ധിച്ച് ഇത്തരം ‘പ്രാദേശിക’മായ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് വേണമെങ്കിൽ വാദിക്കാം. എൻ‌ എൽ. ശർമ്മ26 ഒരു ലേഖനത്തിൽ നിരീക്ഷിക്കുന്നു:
  സമീപ ഗ്രാമങ്ങളായ മുനീർക്ക, ബെർസരായ്‌, മസൂദ്‌പൂർ, മുഹമ്മദ്പൂർ എന്നിവിടങ്ങളിൽ നിന്ന് ജെഎൻയുവിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനെ കുറിച്ച് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു. 1972 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശങ്ങളിൽ നിന്നുള്ള ഒരൊറ്റ വിദ്യർത്ഥിയെ പോലും csss-ൽ ഞാൻ കണ്ടിട്ടില്ല. സാമ്പത്തികമായി ഉന്നത നിലയിലുള്ളവരാണ് ഈ ഗ്രാമങ്ങളിൽ താമസിക്കുന്നത്. എന്നാൽ ജെഎൻയുവിനെ കുറിച്ചുള്ള അവരുടെ ധാരണ പരിമിതമാണ്‌.

 ജെഎൻയുവിനെ കുറിച്ച് മനസ്സിലാക്കാത്തതിന്റെ ഉത്തരവാദിത്തം ‘പ്രാദേശികമായ സമ്പന്ന വിഭാഗങ്ങളിൽ’ (മറിച്ചല്ല) ചുമത്തുന്നതും ലേഖനത്തിന്റെ തുടർന്നുള്ള ഭാഗത്ത് അവരെ ഉത്തർപ്രദേശിലെയും ബിഹാറിലെയും വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ‘ഗ്രാമീണ വിദ്യാർത്ഥികൾക്കെതിരെ’ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു ശർമ്മ‌. ഒരു ഭാവനാത്മക രാഷ്‌ട്രം സൃഷ്‌ടിച്ചെടുക്കാൻ അക്ഷരാർത്ഥത്തിൽ, ശുദ്ധവും (clean) ചരിത്രത്തിന് പുറത്തുനിൽക്കുന്നതും (ahistiorical) സംഘർഷരഹിതവുമായ ക്യാൻവാസ് ആവശ്യമാണ്‌. ‘പ്രാദേശികതലത്തിലുള്ള’ ചുമതലാബോധം (accountability) ദേശീയമായ ലക്ഷ്യം നിർവ്വഹിക്കാൻ പര്യാപ്‌തമാവില്ല.

 ജെഎൻയുവിലെ കാന്റീനുകൾക്കും സ്‌റ്റാഫ് ക്വാർട്ടേഴ്‌സുകൾക്കും നൽകിയിരിക്കുന്ന പേരുകളും ഒരു സ്ഥലത്തെ ‘ദേശീയവൽക്കരിക്കാനുള്ള’ ശ്രമത്തിന്റെ ഭാഗമായി കാണാം. ആരവല്ലി മലനിരകളിലെ കോട്ടയ്‌ക്കുള്ളിൽ അങ്ങനെ പെരിയാറും നീൽഗിരിയുമൊക്കെ ‘സ്ഥലങ്ങളായി’ തീരുന്നു. ഇന്ത്യയുടെ മൈക്രോകോസം എന്ന അവകാശവാദം ഇങ്ങനെയാണ് നാമകരണ പ്രക്രിയയിൽ ഉൾച്ചേർത്തിരിക്കുന്നത്‌. പ്രാദേശിക നാമങ്ങളും സവിശേഷതകളും ചരിത്രങ്ങളും മായ്‌ച്ചു കളയുന്ന ഒരു പ്രതീകാത്മക ഹിംസ ഈ പ്രക്രിയയിൽ അടങ്ങിയിരിക്കുന്നു. ‘ദേശീയം’ എന്നത് ‘പ്രാദേശികതയെ’ വിഴുങ്ങുകയോ (subsume) അദൃശ്യവൽക്കരിക്കുകയോ അധിക്ഷേപിക്കപ്പെടേണ്ടതാക്കി മാറ്റിത്തീർക്കുകയോ ചെയ്യുന്നു.
 മാത്രമല്ല, ഈ ദേശീയ ഇടം, (ദേശീയ തലസ്ഥാനത്ത് സങ്കൽപ്പനം ചെയ്തിരിക്കുന്ന ഇടം) ‘ദേശീയ’ വിശകലന വിദഗ്‌‌ധരും (analysts) (പലപ്പോഴും അന്താരാഷ്‌ട്ര പ്രസിദ്ധീകരണ ഉടമ്പടികളോടു കൂടിയവർ) വിശകലനത്തിനായി ഉപയോഗിക്കപ്പെടുന്ന പ്രാദേശിക തലത്തിലെ മനുഷ്യരും (object of analysis) തമ്മിൽ നിലനിൽക്കുന്ന അധികാരത്തിന്റേതായ ബന്ധം മറച്ചുവയ്‌ക്കുന്ന പ്രൊഫഷണൽ വിദ്യാഭ്യാസം ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ‘ഭാഷയും പ്രതീകാത്മക അധികാരവും’ (Language and Symbolic power) എന്ന പുസ്‌തകത്തിൽ അധ്വാനത്തിന്റെ ബൗദ്ധിക വിഭജനം’ (intellectual division of labor) എന്നാണ് ഇത്തരം സാഹചര്യത്തെ ബൊർദ്യൂ വിശേഷിപ്പിക്കുന്നത്‌. ഉദാഹരണത്തിന്, എൻ‌. എൽ ശർമ്മയുടെ മുകളിൽ പറഞ്ഞ നിരീക്ഷണം തന്നെ നോക്കുക. തന്റെ സ്വത്വത്തെയും മറ്റുള്ളവരെ കുറിച്ചുള്ള തന്റെ പഠനത്തെ സാധൂകരിക്കാൻ ഉപയോഗിക്കുന്ന (തെളിവിന്റെ അഭാവത്തിലുള്ളതും പരദൂഷണ സ്വഭാവത്തോട് കൂടിയതുമാണത്) വ്യവസ്ഥാപിതവും ഭാഷാപരവുമായ ഉറവിടങ്ങളെയും വിസ്‌മരിച്ചുകൊണ്ട്, ജെഎൻയുവിന് സമീപമുള്ള ജനവിഭാഗങ്ങളെ കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്ന ദേശീയ വിശകലനവിദഗ്‌ധനെയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുക. സാമൂഹ്യമായി അധീശത്വം പുലർത്തുന്ന ഇതുപോലുള്ള അക്കാഡമിക്കുകളുടെ ‘ഉത്തരവാദിത്തമില്ലായ്‌മയും (unaccountability) അഹങ്കാരവും (arrogance) ഇന്ത്യ എന്ന ദേശ രാഷ്‌ട്രത്തിന്റെ തന്നെ (indian nation) ഉൽപ്പന്നമാണ്‌.

 ഇനി, ‘ദേശീയ സ്വഭാവത്തി’ന്റെ പേരിൽ പലപ്പോഴും പ്രകീർത്തിക്കപ്പെടാറുള്ള ജെഎൻയുവിലെ വിദ്യാർത്ഥി അനുപാതം (composition) പരിശോധിക്കാം. ജെഎൻയുവിൽ ആദ്യ 20 വർഷക്കാലത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമാരുടെ പട്ടികയാണിത്‌.
 jnu presidents

(Reproduced from JNU: The Years, pp. 188)

ജെഎൻയുവിന്റെ സ്‌റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റുമാർ അധികവും ചില പ്രത്യേക പ്രദേശങ്ങളിൽ നിന്നുള്ള ‘ഉയർന്ന ജാതി’ക്കാരായിരുന്നു എന്ന വസ്‌തുത, ക്യാംപസിലെ വിദ്യാർത്ഥി സംഘടനത്തിന്റെ (student body) ‘ദേശീയ സ്വഭാവം സാമൂഹ്യമായി എത്രമാത്രം ശ്രേണീകൃതമായിരുന്നു എന്ന് വെളിപ്പെടുത്തുന്നു‌. യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ‘ദേശീയ’ വരേണ്യർ ആയിരുന്നുവെങ്കിൽ, സ്‌റ്റുഡന്റ് ബോഡി രൂപീകരിക്കപ്പെടുന്നതും അതേ വർഗ/ ജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളിൽ നിന്നാണ്.

 ഈ വിഭാഗത്തിൽ പെടുന്നവരാണ് ‘സാമൂഹികമായി അരികുവൽക്കരിക്കപ്പെട്ട’ വിഭാഗങ്ങൾക്ക് വേണ്ടി 1974-ൽ ‘ഡിപ്രിവിയേഷൻ പോയിന്റുകൾ’ (deprivation points) അവതരിപ്പിച്ചതിന്റെ പേരിൽ പ്രകീർത്തിക്കപ്പെടുന്നത്‌. 1975-ൽ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലും27 ഇത്തരത്തിലുള്ള പ്രകീർത്തനം, കാണാം. അപ്പോഴും, ജെഎൻയുവിൽ നിർണ്ണായക തീരുമാനം കൈക്കൊള്ളാൻ അധികാരം ഉണ്ടായിരുന്നവരുടെയും അദ്ധ്യാപകരുടെയും അനുപാതത്തെ കുറിച്ച് യുവാവായ പ്രകാശ് കാരാട്ടിന് പരാമർശിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, ജെഎൻയുവിന് പുറത്ത് പിന്നോക്ക വർഗ്ഗക്കാരും ദളിതരും സാമൂഹിക നീതിക്കായി നടത്തിവന്ന പ്രക്ഷോഭ പരമ്പരയുടെ പശ്ചാത്തലത്തിൽ ‘ഡിപ്രിവിയേഷൻ പൊയിന്റിനെ’ ഉൾക്കോള്ളിക്കാനും അദ്ദേഹം തയ്യാറായില്ല. പിന്നോക്ക വിഭാഗങ്ങളും ദളിതരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ രാഷ്‌ട്രീയ ‘മുന്നേറ്റ’ങ്ങളുടെ പരിസരം എഴുപതുകളെ നിർണ്ണായകമാക്കുന്നുവന്ന വസ്‌തുത ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. അത്തരം നിരവധി മേഖലകൾ ഡൽഹിയുമായി സാമൂഹികമായി അകന്ന് നിലകൊള്ളുന്നവയാണ്. ഉദാഹരണമായി, പൊതുജീവിതത്തിൽ നിലനിൽക്കുന്ന അധികാര ബന്ധങ്ങളെ തകർക്കാൻ പിന്നോക്ക വിഭാഗങ്ങൾ കർണാടകയിൽ നടത്തിയ ‘ശാക്തീകരണ പ്രവർത്തനത്തിന്റെ’ (affirmative action) രാഷ്‌ട്രീയത്തിന് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുകയുണ്ടായി. തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ മുന്നേറ്റങ്ങൾ നടന്നു. ഇന്ത്യയിലൊട്ടുക്കും സ്‌റ്റേറ്റ് ബാക്ക്‌വേഡ് ക്ലാസസ് കമ്മീഷൻ രൂപീകരിക്കുന്നതിന് അറുപതുകളും എഴുപതുകളും സാക്ഷ്യം വഹിച്ചു.

 യഥാർത്ഥത്തിൽ മുംബൈയിലെ സിദ്ധാർത്ഥ കോളേജ് എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കൊപ്പം തന്നെ പിന്നോക്ക വിഭാഗങ്ങളുടെ പ്രവേശനം അതിന്റെ നിർദ്ദിഷ്‌ട ലക്ഷ്യമാക്കി മാറ്റിയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ്‌ ബോംബയ്ക്ക്  പിന്നോക്ക വിഭാഗത്തിനായി നിർദ്ദിഷ്‌ട ലക്ഷ്യങ്ങൾ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇത്.28 പിന്നോക്കാവസ്ഥ തിരിച്ചറിയാനും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസരങ്ങൾ ലഭ്യമാക്കാനുമുള്ള സമാനമായ ശ്രമങ്ങൾ ദക്ഷിണേന്ത്യൻ ഉപദ്വിപീയ സംസ്ഥാനങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽക്കേ തുടങ്ങിയിരുന്നു.  ഇത്തരുണത്തിൽ പിന്നോക്ക വിഭാഗങ്ങൾ കൈവരിച്ച മൊബിലിറ്റിയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ ജെഎൻയു നടപ്പാക്കിയ ‘ഡിപ്രിവിയേഷൻ പോയിന്റുകളിൽ’ പുതുമയില്ലെന്ന് കാണാം.

 മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് മൂന്നു വർഷങ്ങൾക്ക് ശേഷം 1983-ൽ, ബിപൻ ചന്ദ്രയുടെ അധ്യക്ഷതയിൽ ജെഎൻയു ഒരു പുതിയ അഡ്മിഷൻ നയരൂപീകരണ സമിതി രൂപീകരിച്ചൂ. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് 20% മെറിറ്റ് റിസർവേഷൻ അനുവദിക്കുന്നതിനെതിരെ മെറിറ്റ് വാദമുന്നയിച്ച് 1974-ൽ ബിപൻ ചന്ദ്ര എതിർപ്പുന്നയിച്ചതിനെ കുറിച്ച് പ്രകാശ് കാരാട്ട് തന്റെ ലേഖനത്തിലെ പാദസൂചികയിൽ പരാമർശിക്കുന്നുണ്ട്‌. ഈ കമ്മിറ്റി യഥാക്രമം 15 ശതമാനം, 7.5 ശതമാനം റിസർവേഷനാണ്, 1982-ലെ ഗവൺമെന്റ് നയത്തിന് അനുസൃതമായി എസ്‌ടി, എസ്‌ടി വിഭാഗങ്ങൾക്ക് ശുപാർശ ചെയ്തത്. പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന് അനുസരിച്ചായിരിക്കും പ്രവേശനം. ഇന്ത്യയിലാകെ ഉയർന്നു വന്ന പിന്നോക്കവിഭാഗ മൊബിലൈസേഷന്റെ ഭാഗമായി സംഭവിച്ച രാഷ്‌ട്രീയ വ്യവഹാരത്തിന് തികച്ചും വിരുദ്ധമായ തരത്തിൽ നയരൂപീകരണ സമിതി സാമൂഹിക സാമ്പത്തിക ഡിപ്രിവിയേഷൻ നിരസിച്ചത് സ്മരണികാ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ കാലത്തിന്റെ രാഷ്‌ട്രീയ വിഷയങ്ങൾ (concerns of the political moment) പ്രതിഫലിപ്പിക്കാത്തതായിരുന്നു ജെഎൻയുവിന്റെ ഔദ്യോഗിക അഡ്‌മിഷൻ നയം.

 ചൗധരി ചരൺസിങ്ങ്, ചന്ദ്രശേഖർ എന്നിവരെ പോലുള്ള ദേശീയ നേതാക്കൾ പോളിസിയെ അപലപിച്ചതായും മണ്ഡൽ കമ്മീഷൻ ശുപാർശകൾ പൂർണ്ണമായും നടപ്പാക്കുന്നത് വരെ ജെഎൻയു അധികൃതർ അതിന്റെ ഇപ്പറയുന്ന മെറിറ്റ് അധിഷ്‌ഠിത പോളിസി പിൻവലിക്കുമെന്ന ‘പ്രതീക്ഷ’ പ്രകടിപ്പിച്ചതായും സ്‌മരണികാ കമ്മിറ്റി വ്യക്തമാക്കുന്നു. (Lochan, 1996:27). പട്ടിക ജാതി വിഭാഗത്തിൽ നിന്നും പട്ടിക വർഗ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥി പ്രാതിനിധ്യം 1987 വരെ, മൊത്തത്തിലുള്ള എൻറോൾമെന്റിന്റെ 11 ശതമാനത്തിൽ കുറവായിരുന്ന കാര്യവും ഇതേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. (അതായത്, അനുവദിക്കപ്പെട്ട സീറ്റുകളുടെ 50 %-ൽ താഴെ‌).

 അത്തരത്തിൽ, പ്രവേശനത്തിൽ ഡിപ്രിവിയേഷൻ പോയിന്റിന്റെയും റിസർവേഷന്റെയും രാഷ്‌ട്രീയം 1990-കൾ വരെ വരെ മുൻനിരയിലേക്ക് വരാതെയും, മണ്ഡൽ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പ്രശ്‌നങ്ങളിൽ പെട്ടും മരവിച്ചുകിടന്നു. സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിച്ചു കൊണ്ടുള്ള ഡിപ്രിവിയേഷന്റെ പരിമിതികൾ ചൂണ്ടിക്കാണ്ടിച്ച് 1982-ൽ  ഒരു സംഘം വിദ്യാർത്ഥികൾ ഇപിഡബ്ല്യുവിൽ ഒരു കത്തെഴുതി. വൈവയിലെയും എഴുത്ത് പരീക്ഷയിലെയും സ്‌കോറിൽ തിരിമറി (manipulate) നടത്താൻ അദ്ധ്യാപകർക്ക് കഴിയുമെന്നും അതുവഴി ഡിപ്രിവിയേഷൻ സ്‌കോർ കുറയ്‌ക്കാനും/അസാധുവാക്കാനും (dilute/ nullify) അവർക്ക് സാധിക്കുമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

 പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾക്കൊള്ളിക്കുന്ന കാര്യത്തിൽ ജെഎൻയു രാഷ്‌ട്രീയത്തിന് സംഭവിച്ച പരിമിതികളെ കുറിച്ച്‌ പറഞ്ഞുപോകുന്നുവെന്നല്ലാതെ ജാതിയെ സംബന്ധിച്ച ചോദ്യങ്ങളെ ഗൗരവത്തോടെ പരിഗണിക്കാൻ രജത ജൂബിലി സ്‌മരണിക തയ്യാറാവുന്നില്ല. ‘ജെഎൻയുവിന്റെ സാംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള പര്യാലോചന’ (Reflections on JNU Culture and Tradition) എന്ന അദ്ധ്യായത്തിൽ നിന്നുള്ള ഭാഗമാണിത്:
 ‘ജാതി അധി‌ഷ്‌ഠിതമായ പ്രവേശനം ചെറിയ തോതിൽ നിലനിൽക്കുന്നുണ്ടെങ്കിലും, ജാതിപ്പേരിലൂടെയല്ല, പേരിന്റെ ആദ്യഭാഗം കൊണ്ടാണ് ഇവിടെ ആളുകൾ അഭിസംബോധന ചെയ്യപ്പെടുന്നത്‌. പാണ്ഡേ, മിശ്ര, ഖാൻ, ശ്രീവാസ്‌തവ എന്നിവരേക്കാൾ കൂടുതലായി ‘പ്രേം’മാരെയും ‘നന്ദന്മാ’രെയും ‘ഫിറോസു’മാരെയും ‘അൽപ്പന’മാരെയും ഇവിടെ കാണാൻ കഴിയും. (p.p 201-202)

 സർനെയിമുകളുടെ തിരഞ്ഞെടുപ്പ് പ്രാധാന്യമർഹിക്കുന്നുവെങ്കിലും, ഇപ്പോൾ ആ വിഷയം വിശദമായി പരിശോധിക്കാൻ തുനിയുന്നില്ല. സാം‌സ്‌കാരിക പ്രതലത്തിൽ ‘ജാതി’യുടെ പ്രശ്‌നം വ്യക്തിഗതമായ ഒരു തിരഞ്ഞെടുപ്പായാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്‌. അതായത്, വ്യക്തികളെ അവരുടെ പേരിന്റെ ആദ്യ ഭാഗം കൊണ്ട് അഭിസംബോധന ചെയ്യുന്നതിലൂടെ ‘ദേശീയ’വും അങ്ങനെ ജാതിരഹിതവുമാകാൻ കഴിയുമെന്ന് പറഞ്ഞുവയ്‌ക്കുന്നു.

 അദ്ധ്യാപകരുടെ ജാതി അനുപാതത്തെ കുറിച്ച് സ്‌മരണിക പുലർത്തുന്ന നിശബ്‌ദത ശ്രദ്ധേയമാണ്‌. വിജ്ഞാനമായി ക്ലാസ് മുറികളിൽ എത്തേണ്ടത് എന്താണെന്ന് നിശ്ചയിക്കുന്നതിൽ അദ്ധ്യാപകർക്കുള്ള പങ്ക്, അക്കാദമിക സ്വാതന്ത്ര്യത്തിനൊപ്പം യൂണിവേഴ്‌സിറ്റി സംവിധാനത്തെ കുറിച്ചുള്ള പ്രാഥമിക പരിശോധനയിൽ നിന്നു തന്നെ വ്യക്തമാവുന്നതാണ്.29 മാത്രമല്ല, ഡൽഹി പോലൊരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ‘ദേശീയ സർവ്വകലാശാലയിൽ’ അദ്ധ്യാപകരായി നിയമിക്കപ്പെടുക എന്നതിനർത്ഥം ദേശീയ അധികാരം, ഔദ്യോഗികാംഗീകാരം (authority) എന്നിവയിലേക്കുള്ള അടുപ്പം എന്നുകൂടിയാണ്. 1970-കളിൽ ജെഎൻയുവിൽ ഫാക്കൽറ്റി അംഗങ്ങളായിരുന്നവരുടെ ബഹുതല സ്വഭാവം പുലർത്തുന്ന ഔദ്യോഗിക പ്രൊഫൈലിനെ കുറിച്ചുള്ള തെളിവുകൾ യുവാവായിരിക്കേ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിൽ നിന്ന് ലഭിക്കും. പ്രകാശ് കാരാട്ടിന്റെ ലേഖനത്തിൽ നിന്ന്:

 വൈസ് ചാൻസലറായ ബി ഡി നാഗ്‌ ചൗധരി, പൂർണ്ണമായി യൂണിവേഴ്‌സിറ്റിയ്‌ക്ക് വേണ്ടി സമയം വിനിയോഗിക്കാൻ കഴിയാത്ത തരത്തിൽ തിരക്കുള്ള വ്യക്തിയാണ്‌.
(അദ്ദേഹം വഹിക്കുന്ന മറ്റ് പദവികൾ: ഫോറിൻ നാഷണൽ സയൻസ് അക്കാദമി‌, ഡയറക്‌ടർ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്, ബാംഗ്ലൂർ, ഹെഡ്, ഇന്ത്യൻ ഡെലിഗേഷൻ, ഇന്തോ-യുഎസ് ജോയിന്റ് സബ്-കമ്മീഷൻ ഓൺ സയൻസ് ആന്റ് ടെക്നോളജി; മെമ്പർ, ഇന്ത്യൻ ടീം ഓഫ് ഇന്തോ- യുഎസ് ജോയിന്റ് മിഷൻ ഓൺ എഡ്യുക്കേഷൻ ആന്റ് കൾച്ചർ) […]
 സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ റഷീദുദ്ദീൻ ഖാൻ ഇനിപ്പറയുന്ന ബോഡികളിൽ അംഗത്വം വഹിക്കുന്നു: രാജ്യസഭ; കൗൺസിൽ ഓഫ് ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്; ഇന്തോ-യുഎസ് ജോയിന്റ് സബ്‌-കമ്മിഷൻ ഓൺ എഡ്യുക്കേഷൻ ആന്റ് കൾച്ചർ;  ബോർഡ് ഓഫ് സൗത്ത് ആന്റ് വെസ്‌റ്റ് ഏഷ്യൻ സെന്റർ ഫോർ ഫ്രണ്ട്‌സ് വേൾഡ് ഇൻസ്‌റ്റിറ്റ്യൂട്ട് (of U.S) ബാംഗ്ലൂർ, 1967 മുതൽ; അമേരിക്കൻ സ്‌റ്റഡീസ് റിസേർച്ച് സെന്റർ, ഹൈദരാബാദ്; എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ദ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്‌റ്റഡീസ്, 1965 മുതൽ; ഇതു കൂടാതെ 26 ‘ഇന്ത്യൻ യൂനിവേഴ്‌സിറ്റികളുടെ ബോർഡ്‌സ് ഓഫ് സ്‌റ്റഡീസ്, സെലക്ഷൻ കമ്മിഷനുകൾ, എക്‌സാമിനേഷൻ കമ്മിറ്റികൾ എന്നീ ഭാരിച്ച ചുമതലകളും അദ്ദേഹം വഹിക്കുന്നു)

 നിരവധി ഫാക്കൽറ്റി അംഗങ്ങൾ ദേശ രാഷ്ട്രത്തിന്റെ അധികാരം(authority) അതിന്റെ ഒന്നിലേറെ സ്ഥാപനവൽകൃത രൂപങ്ങളിലൂടെ ആവിഷ്‌കരിക്കുന്നവരാണ്‌. ഇതിന്റെ സാമ്പത്തികമായ മാനങ്ങൾ(economic implications) ഗൗരവമായ അന്വേഷണം ആവശ്യപ്പെടുന്നു. ദേശീയ പ്രധാന്യമുള്ള പദവികൾ, വ്യത്യസ്‌ത ഘട്ടങ്ങളിൽ ആരാണ് കയ്യാളുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ അദ്ധ്യാപകരുടെ അനുപാതം മനസ്സിലാക്കേണ്ടതുണ്ട്.

ഉൾക്കൊള്ളിക്കപ്പെടുന്നവരുടെ എണ്ണത്തിലൂടെ ഉൾക്കൊള്ളിക്കലിന്റെ സാംസ്‌കാരികമായ സവിശേഷത മനസ്സിലാക്കുമ്പോൾ: അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ നിയമനം

 ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക അനദ്ധ്യാപക തസ്‌തികകളിലെ എസ്‌സി/എസ്‌ടി സംവരണത്തിന്റെ സ്ഥിതി വിശദീകരിച്ചുകൊണ്ട് 2016 എപ്രിൽ 26-ന് ഫാഗൻ സിങ്ങ് കുലാസ്‌തെയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റി ഓൺ ദ വെൽഫെയർ ഓഫ് ഷെഡ്യൂൾഡ് കാസ്‌റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അദ്ധ്യാപക തസ്‌തികകളിൽ എസ്‌സി,എസ്‌ടി റിസർവേഷൻ നടപ്പാക്കാൻ ജെഎൻയു എടുത്ത സമയദൈർഘ്യം റിപ്പോർട്ട് വിശദീകരിക്കുന്നു. അസിസ്‌റ്റന്റ് പ്രൊഫസർ തലത്തിൽ യഥാക്രമം 15 ശതമാനവും 7 ശതമാനവും വരെ എസ്‌സി,എസ്‌ടി റിസർവേഷൻ നടപ്പാക്കാൻ 1983-ലെ എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് ജെ‌എൻയു തീരുമാനിക്കുന്നത്. എസ്‌സി,എസ്‌ടി പ്രാതിനിധ്യം നടപ്പാക്കുന്നതിന് (ദേശീയതലത്തിലുള്ള ജനസംഖ്യയ്‌ക്ക് ആനുപാതികമായി )1952 ൽ കേന്ദ്ര സർക്കാർ സ്വീകരിച്ച ഔദ്യോഗിക നയത്തിന്റെ ഫലമായിരുന്നു തീരുമാനം. എന്നിരുന്നാലും ഇത് നാമമാത്രമായ ഫലം മാത്രമേ സൃഷ്‌ടിച്ചുള്ളൂ.

 സംവരണ നയം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കാൻ ജെൻയുവിന് പിന്നെയും 15 വർഷങ്ങൾ കൂടി വേണ്ടി വന്നു (1997-ലാണിത് നടപ്പാക്കുന്നത്). ജെഎൻയു ആരംഭിച്ച് 12 വർഷത്തിന് ശേഷമാണ് ആദ്യത്തെ റസല്യൂഷൻ വരുന്നത് എന്നോർക്കണം. ഇതിൽ തന്നെ തുടർ നടപടികൾ സ്വീകരിക്കുന്നതും അത് പ്രാബല്യത്തിലാവുന്നതും രജത ജൂബിലിയ്‌ക്ക് ശേഷമാണ്‌.

 തസ്തിക തലത്തിൽ മുൻഗണന പട്ടിക അധിഷ്ഠിത റിസർവേഷൻ (അസി. പ്രൊഫസർ തലത്തിൽ) നടപ്പിലാക്കാൻ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചത് 2000-ൽ മാത്രമാണ്‌. മാത്രമല്ല, പ്രൊഫസർ, അസി. പ്രൊഫസർ തസ്‌തികകളിലേക്ക് റിസർവേഷൻ നടപ്പാക്കാൻ തുടങ്ങിയത് 2007-ന് ശേഷവും. 2011-ൽ യുജിസി റെഗുലേഷൻ അംഗീകരിച്ച ശേഷമാണ് എസ്‌സി, എസ്‌ടി റിസർവേഷൻ നടപ്പാക്കാൻ തുടങ്ങിയത്‌; പ്രൊഫസ്സർ/അസോസിയേറ്റ് പ്രൊഫസർ തലങ്ങളിൽ എസ്‌സി/എസ്‌ടി റിസർവേഷൻ നടപ്പാക്കാനുള്ള ആദ്യത്തെ പരസ്യം 2011 നവംബറിലാണ് പ്രസിദ്ധീകരിച്ചത്‌.30

 2010-ൽ യുജിസി റഗുലേഷൻ പുറത്തിറങ്ങി ആറു വർഷം കഴിഞ്ഞ ശേഷവും 68 എസ്‌സി തസ്‌തികകളും 38 എസ്‌ടി തസ്‌തികകളും ഒഴിഞ്ഞു കിടക്കുകയാണ്. അദ്ധ്യാപക തസ്‌തികകളിൽ ‘എസ്‌സി/എസ്‌ടി റിക്രൂട്ട്‌മെന്റ് നടപ്പാക്കുന്നതിൽ ജെഎൻയു പുലർത്തുന്ന ഉദാസീന മനോഭാവത്തിൽ കമ്മിറ്റി അതൃപ്‌തി’ പ്രകടിപ്പിക്കുകയുണ്ടായി.

 ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ തലങ്ങളിൽ ആരും അപേക്ഷ സമർപ്പിക്കുകയുണ്ടായില്ല എന്നാണ് ഈ തസ്‌തികകൾ നികത്താത്തതിന്റെ പ്രധാനപ്പെട്ട കാരണമായി ജെഎൻയു, കമ്മിറ്റിയ്‌ക്ക് നൽകിയ വിശദീകരണം. ചില കേസുകളിൽ, അപേക്ഷിച്ചവർക്കിടയിൽ പരസ്യത്തിൽ ആവശ്യപ്പെട്ട യോഗ്യതയുള്ളവർ ഉണ്ടായിരുന്നില്ല എന്ന കാരണവും ചൂണ്ടിക്കാണിക്കപ്പെട്ടു. നിർദ്ദേശിക്കപ്പെട്ട തരത്തിലുള്ള അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേഷൻ (API) സ്‌കോർ നേടാൻ അപേക്ഷിച്ചവർക്ക് കഴിയാത്തതായിരുന്നു മറ്റൊരു കാരണം. ചില കേസുകളിലാവട്ടെ നിയമനം നടത്താൻ ആവശ്യമായ സ്ഥാനാർത്ഥി/കളെ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്യുകയുണ്ടായില്ല.

 ചുവടെ കൊടുത്തിരിക്കുന്ന പട്ടിക (19.01.2016) എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കിടയിൽ നിന്ന് ജെഎൻയുവിൽ നികത്തിയതും നികത്താതെ കിടക്കുന്നതുമായ അദ്ധ്യാപക തസ്‌തികകളെ കുറിച്ചുള്ള ചിത്രം നൽകുന്നു-
 academic branch

പോളിസി നടപ്പാക്കുന്നതിൽ വരുത്തിയ കാലതാമസവും അതു നടപ്പാക്കാത്തതിലൂടെ സംഭവിച്ച കാലനഷ്‌ടവുമാണ്‌ ഇവിടെ എനിക്ക് എസ്‌‌സി‌/എസ്‌ടി സംവരണത്തെ സംബന്ധിച്ച് ഏറ്റവും ഭീതിദമായി തോന്നുന്ന കാര്യം. ഈ വിസമ്മതവും കാലതാമസവുമാണ് ശാക്തീകരണ നടപടികൾക്കിടെയുള്ള ഓരോ ഘട്ടത്തിലും കാണാനാവുക. എക്‌സിക്യൂട്ടീവ് കൗൺസിൽ, നയതീരുമാനം (policy resolution) കൈക്കൊള്ളുന്നതിൽ തുടങ്ങി ഔദ്യോഗികമായി പരസ്യപ്പെടുത്താനും നിയമനം നടത്താനും വരെ വേണ്ടി വന്ന കാലദൈർഘ്യം, അതാത് സമുദായങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായി അതിന് നൽകേണ്ടി വരുന്ന വിലയുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കേണ്ടത്‌. പ്രവേശനത്തിനായി അവർ യൂണിവേഴ്‌സിറ്റികൾക്ക് പുറത്ത് പ്രക്ഷോഭം നടത്തുകയും രാഷ്‌ട്രീയ മുന്നേറ്റത്തിലൂടെ അതിലേക്കുള്ള പാത വെട്ടിത്തുറക്കുകയുമാണുണ്ടായത്‌. ചരിത്രപരമായി അധീശത്വം പുലർത്തിവരുന്ന വിഭാഗങ്ങൾ ഇതേ കാലയളവിൽ തന്നെ നേടിയെടുത്ത സാമ്പത്തികവും പ്രൊഫഷണലുമായ അവസരങ്ങളും അവയുടെ വിപുലീകരണവും കൂടി ഇതിനൊപ്പം പരിഗണിക്കേണ്ടതുണ്ട്‌. ഫിലിപ്പ് അംബ്രാസി അഭിപ്രായപ്പെടുന്നതനുസരിച്ച് ഈ ‘കാലഘട്ടം’ കീഴാള ജാതി വിഭാഗങ്ങളുടെ മൊബിലൈസേഷന്റെ തുടർഘട്ടം എന്ന നിലയ്‌ക്കും അതേസമയം തന്നെ, ചരിത്രപരമായി അധീശത്വം പുലർത്തുന്ന വിഭാഗങ്ങൾ തങ്ങളുടെ ‘എതിർവിഭാഗത്തെ'(opponents) ഉപാധികളോടു കൂടി ഉൾക്കൊള്ളാനെടുക്കുന്ന കാലയളവ് എന്ന നിലയ്‌ക്കുമാണ് മനസ്സിലാക്കേണ്ടത്‌. രണ്ട് ഘടകങ്ങളും ചേർത്തുനിർത്തിക്കൊണ്ടുള്ള ഈ വിശദീകരണം ഇൻക്ലൂഷൻ എന്ന പ്രക്രിയയിൽ അടങ്ങിയിട്ടുള്ള അധികാര ബന്ധങ്ങൾ തുറന്നുകാട്ടുന്നു. പാർശ്വവൽകൃത വിഭാഗങ്ങളുടെ അവകാശങ്ങൾ ‘തിരിച്ചറിയാൻ’ സെലക്ഷൻ കമ്മിറ്റിയിലും യൂനിവേഴ്‌സിറ്റി അധികാരികളിലും (officialdom) നിക്ഷിപ്‌തമായിരിക്കുന്ന അധികാരവും കണ്ടില്ലെന്ന് നടിക്കാനാവില്ല.

 ‘ജെഎൻയുവിലെ ജാതി അനീതി’31 എന്ന പേരിൽ സന്തോഷ്‌, ജോഷിൽ അബ്രഹാം എന്നിവർ എഴുതിയിട്ടുള്ള ലേഖനം, പാർശ്വവത്‌കൃത വിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കുന്നതിനെതിരായി ഉയർന്ന ജാതിക്കാരായ ഫാക്കൽറ്റി അംഗങ്ങൾ നിരന്തരമായി നടത്തിയ ഉപജാപങ്ങളിലേക്ക് വെളിച്ചം വീശുന്നു. ‘ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർക്ക് വിദേശ യൂണിവേഴ്‌സികൾ തിരഞ്ഞെടുക്കാൻ കഴിയുമെന്നിരിക്കേ, ‘ഇൻക്ലൂഷന്റെ’ പേരിൽ മികവ് പണയപ്പെടുത്തുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക പാർശ്വവൽകൃത വിഭാഗങ്ങൾക്ക് തന്നെയായിരിക്കും’ എന്ന് വൈ. കെ. അലാഘ്‌ (Y K Alagh), ടി. കെ. ഉമ്മൻ‌, ബിപൻ ചന്ദ്ര എന്നിവരെ പോലുള്ള മുൻവൈസ്‌ചാൻസലർമാരും മുൻ പ്രൊഫസർമാരും 2010-ൽ ജെഎൻയു വൈസ്‌-ചാൻസലർക്ക് സമർപ്പിച്ച കുറിപ്പിൽ വാദിച്ചത് അവർ ചൂണ്ടിക്കാണിക്കുന്നു.
 ഈ വാദം ഗാന്ധിയൻ ട്രസ്‌റ്റിഷിപ്പിന്റെ ‘സൃഷ്‌ട്യുന്മുഖമല്ലാത്ത’ അനുകരണമാണെന്ന് സന്തോഷും ജോഷിയും വ്യക്തമാക്കുന്നു. സർവ്വകലാശാല ഇടങ്ങളിൽ മർദ്ദിത വിഭാഗങ്ങളുടെ അവകാശങ്ങൾ പരിമിതപ്പെടുത്താനും (conditioning) വച്ചുതാമസിപ്പിക്കാനും നിഷേധിക്കാനും സവർണ വിഭാഗങ്ങൾ പുലർത്തുന്ന നിരന്തരമായ വൈമുഖ്യമാണ് കൗതുകകരം.

  ജെഎൻയു‌വിലെ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകരുടെ എണ്ണം യഥാക്രമം 9.9%, 2.6%, 4.7% എന്നിങ്ങനെയാണ്‌ (പട്ടിക നോക്കുക)‌. എഐഎസ്എച്ച്ഇ 2014-15 റിപ്പോർട്ട് അനുസരിച്ച്  ജെഎൻയുവിൽ എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകരുടെ എണ്ണം കേന്ദ്ര സർവകലാശാലകളുടെ ദേശീയ ശരാശരിയേക്കാൾ കുറവാണ്‌. (പുതുക്കിയ സർവ്വേ ദേശീയ ശരാശരിയിൽ വർദ്ധന വരുത്തിയിരിക്കാൻ സാധ്യതയുണ്ട്‌) അതുപോലെ, എസ്‌‌സി, എസ്‌ടി വിഭാഗങ്ങൾക്ക് റിസർവേഷൻ നടപ്പാക്കി 34 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വിഭാഗങ്ങളിൽ നിന്ന് നിയമിക്കപ്പെട്ട അസിസ്‌റ്റന്റ് പ്രൊഫസർ തലത്തിലുള്ള അദ്ധ്യാപകരുടെ മൊത്തത്തിലുള്ള എണ്ണം (17.8%) നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന റിസർവേഷനേക്കാൾ താഴെയാണ്‌. (രണ്ട് വിഭാഗങ്ങളും പ്രത്യേകമായി എടുത്താൽ, എസ്‌സി :13.2%; എസ്‌ടി: 4.6% എന്നിങ്ങനെയാണ് നിയമിക്കപ്പെട്ടിരിക്കുന്ന അദ്ധ്യാപകരുടെ എണ്ണം) അതുപോലെ തന്നെ, ഒബിസി റിസർവേഷൻ നടപ്പാക്കി 10 വർഷത്തിന് ശേഷവും, നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്വാട്ടയുടെ (11.28%) പകുതിയിൽ താഴെ സീറ്റുകളിൽ മാത്രമാണ് നിയമനം നടത്തിയിട്ടുള്ളത്‌. എന്റെ അഭിപ്രായത്തിൽ, മനംമടുപ്പിക്കുന്ന ഈ നിരാസങ്ങളും കാലതാമസങ്ങളുമാണ് ജെഎൻയുവിന്റെ സംസ്‌കാരത്തെ കൃത്യമായി അടയാളപ്പെടുത്തുന്നത്‌.
 റിപ്പോർട്ടിലെ ചുവടെ കൊടുത്തിരിക്കുന്ന പട്ടിക, സ്ഥിതി കുറേക്കൂടി നന്നായി വ്യക്തമാക്കും (pp.9). എസ്‌‌സി/എസ്‌ടി അനദ്ധ്യാപക പോസ്റ്റുകളിലേക്കായി പരസ്യം ചെയ്‌ത ഒഴിവുകളുടെ എണ്ണവും യഥാർത്ഥത്തിൽ നടത്തിയ നിയമനവും പട്ടിക താരതമ്യപ്പെടുത്തുന്നുണ്ട്‌. പത്ത് വർഷത്തിനിടെ എസ്‌സി വിഭാഗത്തിൽ നിന്ന് 46 അദ്ധ്യാപക പോസ്‌റ്റുകൾ പരസ്യപ്പെടുത്തിയതിൽ 20 എണ്ണത്തിൽ മാത്രമാണ് നിയമനം നടത്തിയത്‌. പട്ടിക വർഗ്ഗ വിഭാഗത്തിന്റെ കാര്യത്തിൽ ഇത് താരതമ്യേന മെച്ചമാണ്‌.
 

st posts adv

 ജെഎൻയുവിൽ ചില വിഭാഗങ്ങളിൽ/തസ്‌തികകളിൽ റിസർവേഷൻ ബാധകമാക്കിയിരുന്നില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. വൈസ്‌ ചാൻസലർ, രജിസ്‌ട്രാർ, ഫിനാൻസ്‌ ഓഫീസർ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ആന്റ് ലൈബ്രേറിയൻ (all tenure positions). ഈ തസ്‌തികകളിൽ എസ്‌സി‌/എസ്‌ടി പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് കമ്മിറ്റി വിരൽ ചൂണ്ടുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, അനദ്ധ്യാപക വിഭാഗത്തിൽ എസ്‌സി (24%) വിഭാഗത്തിൽ നിന്ന് ഏറ്റവുമധികം ജീവനക്കാരുള്ളത് ഗ്രൂപ്പ് സി വിഭാഗത്തിലാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇത് സംബന്ധിച്ച പട്ടിക, പി. കെ. ബിജു എംപി 14.03.2016-ന് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ജെഎൻയു നൽകിയ പ്രതികരണത്തിൽ നിന്നെടുത്തിരിക്കുന്നതാണ്-

non teaching posts

 nidhin teaching posts

 ഡെപ്യൂട്ടി രജിസ്‌ട്രാർ പാർലമെന്റിന് നൽകിയ മറുപടി32 പ്രകാരം 2009-നും 2013-നും ഇടയിൽ ജെഎൻയുവിൽ എസ്‌സി വിഭാഗത്തിൽ നിന്ന് ഒരൊറ്റ പാചകക്കാരനെയും നിയമിച്ചിട്ടില്ല‌. നിയമനം നടത്തേണ്ട 10 ഒഴിവുകൾ നിലനിൽക്കേയാണിത്‌. മറിച്ച്, 141 സഫായി കർമ്മചാരി ഒഴിവുകൾ പൂർണ്ണമായും എസ്‌സി വിഭാഗത്തിന് മാത്രമായി ‘നീക്കിവയ്‌ക്കുകയും’ ചെയ്‌തു‌. കായികാധ്വാനം ആവശ്യമുള്ള മേഖലകളിൽ ഇന്ത്യയിലെ മറ്റേതൊരു സ്ഥാപനത്തെയും പൊലെ ജെഎൻ‌യുവും ജാതി കൃത്യമായും പുനരുൽപ്പാദിപ്പിക്കുന്നതായി ഇത് തെളിയിക്കുന്നു.

 

ഉപസംഹാരം:
 യൂണിവേഴ്‌സിറ്റികളെ കുറിച്ച് പൊതുവിലും ജെഎൻയു‌വിനെ കുറിച്ച് സവിശേഷമായും നടത്തിയ പരിശോധനയിലൂടെ അവയുടെ ചരിത്രം, സാംസ്‌കാരിക സവിശേഷത, എണ്ണം എന്നിവയിൽ ഒതുങ്ങുന്ന ചില കാര്യങ്ങൾ വിശദീകരിക്കാൻ മാത്രമാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, അത്തരമൊരു പ്രാഥമിക പരിശോധന തന്നെ ‘ദേശീയ’ സർവ്വകലാശാലകളുടെ ‘ദേശീയ സംസ്കാര’ത്തെ കുറിച്ചുള്ള അവകാശവാദം ചരിത്രപരമായ സൂക്ഷ്മ പരിശോധനയ്‌ക്ക് മുന്നിൽ നിലനിൽപ്പില്ലാത്തതാണെന്ന് വ്യക്തമാക്കി തരുന്നു. ‘ദേശീയ ജീവിതത്തിന്റെ’ (national life) എല്ലാ ഘടകങ്ങൾക്കും യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനത്തിൽ പങ്കാളിത്തം നൽകേണ്ടതിന്റെ ആവശ്യകത യൂണിവേഴ്‌‌സിറ്റി ഓഫ് ബോംബെയുടെ സെനറ്റ് അംഗമായിരിക്കുമ്പോൾ ഡോ. അംബേദ്‌കർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ജെഎൻഎൻയുവിന്റെ സ്ഥാപകർ അത് ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നത് അവിതർക്കിതമാണ്. ഉൾച്ചേർക്കലിനെ (inclusion) കുറിച്ചുള്ള ജെഎൻയുവിന്റെ അവകാശവാദം പൊള്ളയാണ്‌; അത് യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരുടെയും തീരുമാനം കൈക്കൊള്ളുന്നവരുടെയും തലത്തിലേക്ക് വിപുലീകരിക്കപ്പെട്ടിരിക്കുന്ന ഒന്നല്ല. സ്ഥിതിഗതികളിൽ സാവധാനത്തിലുള്ള മാറ്റം സംഭവിക്കുന്നത്‌ മണ്ഡൽ അനന്തര കാലത്താണ്, എന്നാൽ അവിടെയും ഗൗരവമായ കാലവിളംബവും നിരാസങ്ങളും കാണാം. എന്നാൽ ഇതിന്റെ അർത്ഥം സവർണ പൊതുമണ്ഡലം അതിന്റെ രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോവുന്നതിന്‌ വിരാമമായി എന്നല്ല. മർദ്ദിത വിഭാഗങ്ങളുടെ നിരന്തരമായ പോരാട്ടം , സവിശേഷ അവകാശങ്ങളോട് കൂടിയവർ നടത്തുന്ന കുത്സിത നീക്കങ്ങളുടെ ചരിത്രത്തിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്‌.

 ജെഎൻയു സ്‌റ്റുഡന്റ്‌സ് യൂണിയന്റെ നിലവിലെ ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗത്തിൽ ‘ബ്രാഹ്‌മണൻ ബ്രാഹ്മണ്യത്തിനെതിരെ നടത്തുന്ന പോരാട്ടത്തേക്കാൾ റാഡിക്കലായി മറ്റൊന്നുമില്ല’ എന്ന നിരീക്ഷണം മുന്നോട്ടുവയ്‌ക്കുന്നു.33 ജെഎൻയുവിന്റെ സാംസ്‌കാരിക സവിശേഷതയെ കൃത്യമായി വെളിപ്പെടുത്തുന്ന പ്രസ്‌താവനയാണിത്‌. ഇതിന് ചരിത്രപരമായ കീഴ്‌വഴക്കത്തിന്റെ പിൻബലവുമുണ്ട്‌. വ്യക്തമായ സവർണ ആധിപത്യത്തോടെ, ദേശീയ തലസ്ഥാനത്ത് നിലകൊള്ളുന്ന ജെഎൻയു നടത്തുന്ന മർദ്ദന വിരുദ്ധ പോരാട്ടം പ്രമുഖ രാഷ്‌ട്രീയ വ്യക്തിത്വങ്ങളുടെയും  ഗവേഷകരുടെയും ആരാധന നേടിയെടുത്തിട്ടുള്ള ഒന്നാണ്. പ്രകാശ് കാരാട്ടിന്റെ നേരത്തേ ഉദ്ധരിച്ച ലേഖനം ഇതിന്റെ സാക്ഷ്യപത്രമായി കാണാം. തങ്ങളുടെ സ്വത്വത്തെ ‘റാഡിക്കലും’ ‘വിമോചനപരവു’മായി സ്ഥാപിച്ചെടുക്കാനും അതുവഴി പരസ്‌പരം പരിലാളിക്കുന്നതിനുമുള്ള വേദിയാണ് ദേശീയ യൂണിവേഴ്‌സിറ്റികൾ യഥാർത്ഥത്തിൽ സവർണ പൊതുമണ്ഡലത്തിന് പ്രദാനം ചെയ്യുന്നത്‌. ചരിത്രപരമായ ഒരു പ്രക്രിയയുടെ (activity) ഘടനാപരമായ പര്യവസാനമാണിത്‌. എന്നിരുന്നാലും, ഏതൊരു പോരാട്ടത്തിലും ബ്രാഹ്മണൻ ബ്രാഹ്മണനായി തന്നെ നിലകൊള്ളുന്നുവെന്ന ബ്രാഹ്മണനായ ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനത്തിൽ തന്നെ ഈ സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ വിരോധാഭാസവും അടങ്ങിയിട്ടുണ്ട്‌.

 ഇത്തരത്തിലുള്ള ഒരു സംസ്‌കാരം, യൂണിവേഴ്‌‌സിറ്റികളിൽ പ്രവേശനം ലഭിക്കുന്ന ദലിത്‌, ബഹുജൻ, ആദിവാസി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിമർശനാത്മകമോ മനശാസ്ത്രപരമോ (psychological) ആയ യാതൊരു സമാശ്വാസവും പകർന്നു നൽകുന്നതല്ല. നേരെ മറിച്ച്‌, ആ സംസ്‌കാരത്തെ നിഷേധിക്കുന്നത്‌ ക്രിയാത്മക സ്വത്വങ്ങൾ നിർമ്മിച്ചെടുക്കാൻ നമ്മെ സഹായിക്കും.

~

റെഫറൻസ്

1. ഉദാഹരണമായി, 1854-ലെ ചാൾസ് വുഡ് ഡിസ്‌പാച്ച് അല്ലെങ്കിൽ 1857-ലെ ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ആക്‌റ്റ് ഒന്നോടിച്ചു നോക്കിയാൽ തന്നെ, അതിൽ ആധുനിക കാലത്തെ സർവ്വകലാശാല എന്ന ആശയം സാധൂകരിച്ചെടുക്കാൻ (legitimizing) നടത്തുന്ന ശ്രമങ്ങൾ വ്യക്തമാവും.
2. ബഹുജനങ്ങളിൽ (masses) നിയന്ത്രണം പുലർത്താൻ ഭരണ വർഗ്ഗം വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രത്യയശാസ്‌ത്ര ഉപകരണമായി (ideological state apparatus) വിദ്യാഭ്യാസ സ്ഥാപനങ്ങളെ അൽത്ത്യൂസർ സങ്കൽപ്പനം ചെയ്യുന്നു. അതുപോലെ, അധീശത്വ വിഭാഗങ്ങളിൽ നിന്നുള്ള ബുദ്ധിജീവികളെ ‘സാമൂഹ്യ അധീശത്വത്തിന്റെയും രാഷ്‌ട്രീയ ഭരണാധികാരികളുടെയും ധർമ്മങ്ങൾ നിർവ്വഹിക്കാനുള്ള ഭരണ വർഗ്ഗ ഉദ്യോഗസ്ഥരായി ഗ്രാംഷി വിശദീകരിക്കുന്നു.
3. നിരന്തരമായ പ്രക്ഷോഭങ്ങളുടെയും, കമ്മീഷൻ രൂപീകരിക്കാത്തതിനെതിരെ പ്രതിഷേധിച്ചുള്ള ഡോ. അംബേദ്‌കറുടെ രാജിയെയും (മറ്റു കാരണങ്ങൾക്കൊപ്പം) തുടർന്ന് 1953-ലാണ് ആദ്യത്തെ ബാക്ക്‌വേഡ് ക്ലാസസ് കമ്മീഷനെ നിയമിക്കുനത്.
 പൂന ബ്രാഹ്മണനായ കാക കലേൽക്കറുടെ നേതൃത്വത്തിലുള്ള കമ്മീഷൻ 1955-ൽ റിപ്പോർട്ട് സമർപ്പിച്ചു. അതിന് ശേഷം പ്രസിഡന്റ് ഓഫ് ഇന്ത്യയ്‌ക്ക് എഴുതിയ കത്തിൽ, റിസർവേഷൻ നടപ്പാക്കുന്നതിൽ ‘ജാതി’ ഒരു മാനദണ്ഡമാക്കുന്നതിനെ കാക കലേൽക്കർ തള്ളിക്കളയുകയാണ് ചെയ്യുന്നത്‌.
 ശ്രീ. എസ്‌. ഡി. എസ്‌ ചൗരസ്യ കമ്മീഷൻ അംഗമായിരുന്നു. റിസർവേഷന്റെ സാധുവായ മാനദണ്ഡമായി ജാതി പരിഗണിക്കേണ്ടത് എന്തുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കാൻ അദ്ദേഹം ഡോ. ബി. ആർ. അംബേദ്‌കറിന്റെ പുസ്‌തകങ്ങൾ ഉദ്ധരിക്കുന്നു.  (Report of the Backward Classes Commission, Vol III  Minutes of Dissent, 1956 )
4. Aloysius G. (2005). The Brahmanical Inscribed in Body Politic, Critical Quest: New Delhi
5. Hooks, B. (2014). Teaching to transgress. Routledge.
6. Abrams, P. (1982). Historical sociology. Cornell University Press.
7. Nurullah, S., & Naik, J. P. (1951).A history of education in India during the British period. Macmillan.
8. Dongerkery, S. R. (1957). A History of the University of Bombay, 1857-1957. University of Bombay.
9. Blunt, E. A. H., & Blunt, E. (1969). The caste system of northern India: with special reference to the United Provinces of Agra and Oudh. Delhi: S. Chand.
10. A.K. Biswas ‘ Universalization of Education: India in a trap’ http://mainstreamweekly.net/article1615.html
11. ‘ഉന്നത വർഗ്ഗങ്ങളുടെ’ (ഉയർന്ന ജാതിക്കാരുടെ എന്ന് വായിക്കുക) വിദ്യാഭ്യാസത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫലമുണ്ടാക്കില്ലെന്ന് ചാൾസ്‌ വുഡ്‌സ് ഡെസ്‌പാച്ച് തിരിച്ചറിയുകയും ‘കീഴ്‌ത്തട്ടിലേക്ക് അരിച്ചിറങ്ങൽ സിദ്ധാന്തം’ (‘Downwards Filtration Theory’) തള്ളിക്കളയുകയും ചെയ്‌തു.  A.K. Biswas http://www.mainstreamweekly.net/article1615.html
12. Palpu Dr. (2014). Thiruvithamkotte Ezhavar, Sithara Books: Kayamkulam.
13. Golay Wasant Hari (1974). The University of Poona (1949-1974): Silver Jubilee Commemoration Volume, The Pune University Press.
14. Renold, L. (2005). A Hindu education: early years of the Banaras Hindu University. Oxford University Press.
15. S.R.Talukder (1998), ‘Indian Civil Service Examination and  Savarna Merit’, Blumoon Books : New Delhi
16. Das Bhagwan (2000), Moments in the History of Reservations, EPW, October 28, 2000 (retrieved from www.ambedkar.org)
17. കോൺസ്‌റ്റിറ്റ്യുവന്റ് ഡിപ്പാർട്‌മെന്റുകളിലോ അഫിലിയേറ്റഡ് കോളേജുകളിലോ പഠിക്കുന്ന കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥികളുടെ എണ്ണം അറിയാൻ All India Survey on Higher Education, Final Report 2014-15 നോക്കുക. ആകെ വിദ്യാർത്ഥികൾ 15,41609 ആണ്‌. മറിച്ച്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം 3,21,77,486 ആണ്‌. വൈസ്‌ ചാൻസലറുടെ മൺസൂൺ സെഷൻ ഓറിയെന്റേഷൻ സ്‌പീച്ച് പ്രകാരം ജെഎൻയുവിലെ എൻറോൾമെന്റ് ഏതാണ്ട് 8000 ആണ്‌.
18. Lochan, K. (Ed.). (1996). JNU: The Years: an Anthology by the Silver Memoir Committee. Popular Prakashan.
19. AISHE, 2014-15 അനുസരിച്ച് Institutes of National Importance-ലെ മൊത്തം എൻറോൾമെന്റ് 186966 ആണ്‌.
20. 2012-13-ൽ, യുജിസിയിൽ നിന്നും വിദേശ ബോഡികളിൽ നിന്നും ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയ്‌ക്ക് 4618.61 ലക്ഷം രൂപ ലഭിച്ചു.
21. Datta Rajat (2016). The Spring of 2016 and the Idea of JNU, Economic and Political Weekly Vol LI No. 09 p. 10-13
22. Academics for Creative Reforms (2016). What is to be done about Indian Universities? EPW, Vol L No. 25 p. 25-29 / പ്രാഥമികമായും ഇത്തരമൊരു അഭിപ്രായപ്രകടനം ഡൽഹി യൂനിവേഴ്‌സിറ്റിയിലെയും ജെഎൻയുവിലെയും അദ്ധ്യാപകരിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്‌. അദ്ധ്യാപകരുടെ ബാധ്യതയെ കുറിച്ച് സംസാരിക്കുന്ന അവർ പക്ഷേ അദ്ധ്യാപകരുടെ സാമൂഹ്യമായ സാമൂഹിക അനുപാതത്തിന്റെ വിഷയത്തിൽ മൗനം പാലിക്കുന്നു.
23. ഈ ലേഖനങ്ങൾ കാണുക, Deshpande Satish (2016). Public University after Rohith-Kanaihya, Economic and Political Weekly, Vol LI No. 11, 32-34; Academics for Creative Reforms (2016). What is to be done about Indian Universities? EPW, Vol L No. 25 p. 25-29
24, 25. Remembering GP : The Gentle Colossus, The Hindu, July 07, 2012
http://www.thehindu.com/opinion/op-ed/remembering-gp-the-gentle-colossus/article3610515.ece
26. Sharma K.L. (2016). Why India Needs JNU, EPW, Vol LI No. 23, 15-17
27. Prakash, K. (1975). Student movement in JNU. Social Scientists, 3(10), 47-53.
28. Altbach, P. G. (1972). The university in transition: An Indian case study. Sindhu Publications.
29. സ്‌കൂൾ ഓഫ് ലൈഫ് സയൻസസിലേക്കുള്ള 80 ഒഴിവുകളെ കുറിച്ചുള്ള പരസ്യം കമ്മ്യൂണിസ്‌റ്റ് പാർടിയുമായി അഫിലിയേറ്റ് ചെയ്‌ത ഒരൊറ്റ പത്രത്തിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത് എന്നതിൽ നിന്ന് തന്നെ അദ്ധ്യാപക നിയമനത്തിൽ 1970-കളിൽ നിലനിന്നിരുന്ന രാഷ്‌ട്രീയ കൂട്ടുകെട്ട് ചെലുത്തിയ സ്വാധീനം വ്യക്തമാവും. (See Lochan, 1996 : 196)
30. Sixth Report on Ministry Of Human Resource Development (Department Of Higher Education) titled “Role of Educational Institutions including Universities, Technical, Medical and Engineering in socio-economic development of SCs and STs – Implementation of reservation policy in Jawaharlal Nehru University”. Presented to Lok Sabha on 27.04.2016 Laid in Rajya Sabha on 27.04.2016, Committee on the Welfare of Scheduled Castes and Scheduled Tribes. Retrieved from: http://164.100.47.193/lsscommittee/Welfare%20of%20Scheduled%20Castes%20and%20Scheduled%20Tribes/16_Welfare_of_Scheduled_Castes_and_Scheduled_Tribes_6.pdf
31. Santhosh, S., & Abraham, J. K. (2010). Caste Injustice in Jawaharlal Nehru University. Economic and Political Weekly, 27-29.
32. പുതിയതായി അംഗീകാരം നൽകിയ നിയമനങ്ങളുടെ സ്ഥിതിയെ കുറിച്ച് ജെഎൻയു ഡെപ്യൂട്ടി രജിസ്‌ട്രാർ 2013 ഓഗ്‌സ്‌റ്റ് 8-ന് പാർലമെന്റിന് നൽകിയ പ്രതികരണം; MHRD-ക്ക് ഡെപ്യൂട്ടി രജിസ്‌ട്രാർ 2014 ജൂലൈ 25-ന് നൽകിയ മറുപടി; “കേന്ദ്ര സർവ്വകലാശാലകളിലെ റിസർവേഷൻ” എന്ന വിഷയത്തിൽ ശ്രീ. അലി അൻവർ അൻസാരി രാജ്യസഭയിൽ ഉന്നയിച്ച, Question No. 1136 (16.12.2013) എന്ന നക്ഷത്രചിഹനമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലെ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളത്‌. ഇതും നോക്കുക http://roundtableindia.co.in/index.php?option=com_content&view=article&id=8481:challenging-heterogeneity-in-universities&catid=119:feature&Itemid=132
33. ജെഎൻയു അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ 2016 ഒക്‌ടോബർ 14-നാണ് ജനറൽ സെക്രട്ടറി ഈ പ്രസംഗം നടത്തിയത്. ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥി ഹേബ അഹ്‌മദിനോട് ഈ വിവരം പങ്കുവച്ചതിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

  ~~~

(English version was earlier published in Round Table India. The Malayalam version, translated by Abhijith Baawa was first published in Dynamic Action Magazine, Tiruvalla 2018 April edition)

 

Nidhin Donald is an artist and writer.

Abhijith Baawa is a media person.