James Michael
(Translated into Malayalam by Sreerag Thalippoyil)
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഗായകന്‍ യേശുദാസ് നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. അതിന്റെ പശ്ചാത്തലത്തില്‍ “Yesudas and I: Many Hues of a Prejudice” എന്ന പേരില്‍ ജെയിംസ് മൈക്കിളിന്റെ ഒരു ലേഖനംറൗണ്ട് ടേബിള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (15 ഒക്ടോബര്‍ 2014). യേശുദാസിന്റെ വ്യക്തിപ്രഭാവം കേരളത്തിലെ കീഴാളജാതികളുടെ സവിശേഷമായ ചരിത്രത്തിനുള്ളില്‍ സ്ഥാനപ്പെടുത്തിക്കൊണ്ട് പരിശോധിക്കുന്ന ജെയിംസ് പാരമ്പര്യം, ആധുനികത എന്നീ സങ്കല്‍പങ്ങളുടെ സംഘര്‍ഷഭൂമികയില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചരിത്രപരമായി നോക്കിക്കാണാനുംശ്രമിക്കുന്നു.പ്രസ്തുത ലേഖനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ഇംഗ്ലീഷ് ലേഖനത്തില്‍ നിന്നു വ്യത്യസ്തമായിഅടിക്കുറിപ്പുകളും വിശദീകരണങ്ങളും ചിത്രങ്ങളും കൂട്ടിച്ചേര്‍ത്ത് വിപുലീകരിച്ചാണ് ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.ഇതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പിന്‍കുറിപ്പ് മറ്റൊരു ഭാഗമായി പ്രസിദ്ധീകരിക്കും.
യേശുദാസും ഞാനും: ഒരു മുന്‍വിധിയുടെ പല മാനങ്ങള്‍
ജെയിംസ് മൈക്കിള്‍
പരിഭാഷ: ശ്രീരാഗ് തളിപ്പൊയില്‍
ഒരു മുന്‍വിധിയുടെ ചരിത്രം
ജീന്‍സ് ധരിക്കുന്ന സ്ത്രീകളെക്കുറിച്ച് യേശുദാസ് നടത്തിയ പരാമര്‍ശം ഒരൊറ്റപ്പെട്ട സംഭവമല്ല. ഒരുപക്ഷെ, നിങ്ങളില്‍ ചിലരുടെയെന്നപോലെ എന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ജീന്‍സിനോട് സമാനമായ മുന്‍വിധിയുണ്ടാകാം. പക്ഷെ, അതെന്റെ അച്ഛനെയോ അമ്മയെയോ മറ്റു ബന്ധുക്കളെയോ സ്ത്രീവിരുദ്ധരാക്കിത്തീര്‍ക്കുന്നില്ല. ഒരാഴ്ചക്കാലം കൊണ്ട് ഇന്ത്യയിലെ ‘മാതൃകാ’പൗരന്മാരായിത്തീരാനുള്ള അവരുടെ യോഗ്യതകള്‍ വിലയിരുത്തപ്പെടുന്ന തരത്തില്‍ സ്ത്രീവിരുദ്ധതയെ മുന്‍നിര്‍ത്തിയുള്ള ഒരു ദേശീയ സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് അവരെ പ്രതിഷ്ഠിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നുമില്ല.
ഇന്ത്യ പോലെ ഒരു മൂന്നാംലോക രാജ്യത്ത് ‘ദേശീയ ആധുനികത’, മറ്റിതര സാംസ്കാരികരൂപകങ്ങളെ (cultural tropes) പോലെതന്നെ, വസ്ത്രധാരണത്തെക്കുറിച്ചുള്ള ജാതീയവും ലിംഗപരവുമായ ധാരണകളുടെകൂടി അടിസ്ഥാനത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആധുനികതയെ പ്രതിനിധീകരിക്കുകയും അതോടൊപ്പം വ്യവസ്ഥാപിതകുടുംബത്തിനുവേണ്ടി സമ്പാദിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത മേല്‍ജാതി പുരുഷന്മാര്‍ കൊളോണിയല്‍ മൂലധനത്തിന്റെ വ്യാപനത്തിലൂടെ സംജാതമായ സാംസ്കാരിക അന്തരീക്ഷവുമായും ഇഴചേര്‍ന്നു നിലകൊണ്ടു. അതിന്റെ ഫലമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെതന്നെ വലിയൊരു വിഭാഗം മേല്‍ജാതി നാഗരിക ഇന്ത്യന്‍ പുരുഷന്മാര്‍ (കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളില്‍ പ്രത്യേകിച്ചും) പാശ്ചാത്യ വസ്ത്രധാരണരീതികള്‍ സ്വീകരിക്കുകയുണ്ടായി. എന്നാല്‍ അതേസമയം തന്നെ തങ്ങളുടെ സവിശേഷമായ സാംസ്കാരിക ചുറ്റുപാടില്‍ ‘മാന്യ’മായി കരുതപ്പെട്ടുപ്പോന്ന വസ്ത്രധാരണരീതികളിലേക്ക്കൂടുമാറാന്‍ ഇതൊരിക്കലും അവര്‍ക്ക് തടസമായിരുന്നില്ല എന്നതാണ് പ്രസക്തമായ കാര്യം. അതോടൊപ്പം തന്നെ, പാശ്ചാത്യ-ആധുനികആശയങ്ങളുടെ ദുഷിച്ച സ്വാധീനങ്ങള്‍ക്കെതിരായി വരേണ്യ-ദേശീയതാ പാരമ്പര്യത്തിന്റെ ആശയങ്ങളുടെ മതിപ്പ് പരിശോധിക്കാനും അവയെ തികവുറ്റതാക്കിത്തീര്‍ക്കാനുമുള്ള ഒരു ഇടമായി സവര്‍ണ സ്ത്രീശരീരം മാറി.
ജനപ്രിയമായ ആവിഷ്കാരങ്ങളിലെ മോഹന്‍ദാസ് ഗാന്ധിയുടെയും ഡോ. ബാബാസാഹേബ് അംബേദ്കറിന്റെയും പ്രതിനിധാനങ്ങളെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ നമ്മുടെ ദേശീയഭാവനയില്‍ വസ്ത്രധാരണത്തെ സംബന്ധിച്ച ആധുനികതയുടെ സങ്കല്പനത്തില്‍ (sartorial modernity) വിരുദ്ധ കാഴ്ചപ്പാടുകള്‍ അടങ്ങിയിരിക്കുന്നതായി കാണാം; ഒരാള്‍ അര്‍ദ്ധനഗ്നനായ ഫക്കീറാണെങ്കില്‍ മറ്റേയാള്‍ പൂര്‍ണമായ രീതിയില്‍ പാശ്ചാത്യവേഷം ധരിച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെടുന്നത്. പാശ്ചാത്യലോകവുമായുള്ള സമ്പര്‍ക്കത്തിനുശേഷം ദരിദ്രജനവിഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധി വസ്ത്രങ്ങള്‍ ത്യജിച്ചപ്പോള്‍, അംബേദ്‌കര്‍ സ്യൂട്ട് അണിഞ്ഞുകൊണ്ട് അയിത്തജാതിക്കാരുടെ വിമോചനത്തിന്റെ ബിംബമായി സ്വയം സ്ഥാനപ്പെടുത്തി. ഞാന്‍ ജനിച്ചുവളര്‍ന്ന തെക്കന്‍ കേരളത്തില്‍ അന്തസ്സോടെ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന ചരിത്രസമരങ്ങള്‍ക്ക് ഒരു കീഴ്ജാതിക്കാരന്‍ എന്ന നിലയിലുള്ള എന്റെ സ്വത്വത്തെ വിശദീകരിക്കുന്നതില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടുവരെ കീഴാളജാതികളില്‍പെട്ട സ്ത്രീകളും പുരുഷന്മാരും എങ്ങനെ വസ്ത്രങ്ങള്‍ ധരിക്കണം എന്നതിനെക്കുറിച്ച് കണിശമായ നിയമങ്ങളും വ്യവസ്ഥകളും തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് നിലനിന്നിരുന്നു. ഉദാഹരണത്തിന്, കള്ളുചെത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന നാടാന്മാര്‍ക്ക് കുട കൊണ്ടുപോകുന്നതിനോ ഷൂസ് ധരിക്കുന്നതിനോ അനുവാദമുണ്ടായിരുന്നില്ല. ‘കൊളോണിയലിസം ആന്‍ഡ് ഇറ്റ്സ് ഫോര്‍മ്സ് ഓഫ് നോളഡ്ജ്’ (Colonialism and Its Forms of Knowledge) എന്ന പുസ്തകത്തില്‍ ബെര്‍ണാര്‍ഡ് കോഹ്ന്‍ (Bernard Cohn) എഴുതുന്നു: “നാടാര്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ഇടുപ്പില്‍ വെച്ച് കലങ്ങള്‍ കൊണ്ടുപോകാനോശരീരത്തിന്റെ മേല്‍ഭാഗം മറയ്ക്കാനോ കഴിയുമായിരുന്നില്ല. നായര്‍ സ്ത്രീകള്‍ക്ക് ഇടയ്ക്കെങ്കിലും മാറ് മറയത്തക്കവിധം തോളിനുചുറ്റും നേരിയ തുണി ധരിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാലും ബ്രാഹ്മണരുടെയോ മറ്റ് ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ആളുകളുടെയോ മുന്നില്‍ അവര്‍ ബഹുമാനസൂചകമായി മാറ് അനാവൃതമാക്കേണ്ടിയിരുന്നു. അതോടൊപ്പംതന്നെ നായര്‍ ജാതിക്ക് താഴെയുള്ള മറ്റെല്ലാ ജാതികളിലുംപെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കാല്‍മുട്ടിന് താഴേയ്ക്കും അരയ്ക്ക് മുകളിലേക്കും നീളമെത്താത്ത പരുപരുത്ത ഒരൊറ്റ തുണി മാത്രമാണ് അനുവദനീയമായിരുന്നത്. സുറിയാനി ക്രിസ്ത്യാനി, മാപ്പിള സ്ത്രീകള്‍ക്ക് കുപ്പായം എന്ന് വിളിക്കുന്ന, ചെറുതും മുറുക്കമുള്ളതുമായ ജാക്കറ്റ് ധരിക്കാന്‍ അനുവാദമുണ്ടായിരുന്നു.”
ക്രിസ്തുമതത്തിലേക്കുള്ള ക്രമാനുഗതമായ പരിവര്‍ത്തനമാണ് തങ്ങളുടെ ശരീരത്തിനുമേലുള്ള മേല്‍ജാതികളുടെ നിയന്ത്രണത്തെ ഭേദിക്കാന്‍ നാടാര്‍ ജനതയെ സഹായിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ മിഷനറിമാരുടെ അഭ്യര്‍ത്ഥനപ്രകാരം നാടാര്‍ ജാതിയില്‍പെട്ട സ്ത്രീകള്‍ ‘നീളമുള്ള വസ്ത്രങ്ങള്‍’ ധരിക്കാനാരംഭിച്ചു. മതപരിവര്‍ത്തനം തിരുവിതാംകൂറിലെത്തിയതോടുകൂടി നാടാര്‍ സ്ത്രീകള്‍ ‘നായര്‍ മുലക്കച്ച’ധരിച്ചുതുടങ്ങി. തുടര്‍ന്ന് അവര്‍ “ആക്രമിക്കപ്പെടുകയും വിവസ്ത്രരാക്കപ്പെടുകയും ചെയ്തു;അതോടൊപ്പം ചാപ്പലുകളും സ്കൂളുകളും കത്തിച്ചുചാമ്പലാക്കപ്പെട്ടു”.സവര്‍ണജാതികളുടെ ആധിപത്യത്തിനെതിരെ കീഴാളജാതിക്കാര്‍ നടത്തിയ സുദീര്‍ഘമായ പോരാട്ടങ്ങളുടെ ഫലമായി അന്തസ്സോടെ വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശം ഈഴവര്‍ പോലെയുള്ള മറ്റ് കീഴ്ജാതിക്കാര്‍ക്കുകൂടി ലഭിച്ചു.
ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ഓര്‍മിക്കേണ്ടതുണ്ട്. എന്റെയും യേശുദാസിന്റെയുമൊക്കെ നാട്ടില്‍ നിന്നും അധികം ദൂരെയല്ലാത്ത ചേര്‍ത്തലയില്‍ 200 വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവിതാംകൂര്‍ ഭരണകൂടം ചുമത്തിപ്പോന്നിരുന്ന മുലക്കരത്തിനെതിരെ പ്രതിഷേധിച്ച് നങ്ങേലി എന്ന ഈഴവസ്ത്രീ തന്റെ മുലകള്‍
‘നങ്ങേലി’: ബെന്‍ ജെ ആന്ത്രയോസ് വരച്ച ചിത്രം
മുറിക്കുകയും ചോര വാര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്തകാലത്ത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സമ്പത്തിന്റെ മുഖ്യഭാഗവും അനവധി ദശാബ്ദക്കാലം കീഴാളജാതിക്കാരുടെ ശരീരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുംമേല്‍ ചുമത്തിയ നികുതിപ്പണത്തില്‍ നിന്നും സ്വരൂപിച്ചുകൂട്ടിയതാണ്.
അന്തസ്സോടെയുള്ള ജീവിതത്തിനായി നാടാര്‍ ജനത നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം മനസിലാക്കുന്നതിന് കേരളത്തില്‍ നിന്നുമുള്ള മറ്റൊരു യേശുദാസിന്റെ – ചരിത്രകാരനായ ആര്‍. എന്‍. യേശുദാസ്– 1980ലെ പുസ്തകത്തെയും കോഹ്ന്‍ അവലംബിക്കുന്നുണ്ട്. കോഹ്ന്‍ എഴുതുന്നു, “മുലക്കച്ചയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ചരിത്രകാരനായ ആര്‍. എന്‍. യേശുദാസിന്റെ പഠനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.” സ്വാതന്ത്ര്യപൂര്‍വ തലമുറയിലെ കീഴ്ജാതി സമുദായങ്ങളില്‍പെട്ട ആര്‍. എന്‍. യേശുദാസിനെയും മറ്റ് നിരവധി ‘യേശുദാസു’മാരെയും സംബന്ധിച്ച് അന്തസ്സോടെ വസ്ത്രം ധരിച്ചുകൊണ്ട് ജീവിക്കാനുള്ള അവകാശം എന്ന സങ്കല്പത്തിന് ചരിത്രപരമായ അര്‍ത്ഥമാനങ്ങളുണ്ട്. അതാകട്ടെ, സ്ത്രീവിരുദ്ധത എന്ന വ്യവഹാരത്തിന്റെ ജാതീയവും സവര്‍ണവുമായ പ്രയോഗത്തിലൂടെ എളുപ്പത്തില്‍ എത്തിച്ചേരുന്ന നിഗമനങ്ങളെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്തവുമാണ്.
ഒരു മുന്‍വിധിയുടെ പ്രത്യയശാസ്ത്രം
കീഴാളജാതിക്കാര്‍ വസ്ത്രധാരണസംബന്ധിയായ അന്തസ്സ് നേടിയെടുത്തതിനുപിന്നില്‍ സുദീര്‍ഘമായ ഒരു ചരിത്രമുണ്ടെങ്കില്‍, ആധുനികതയുടെ വ്യവഹാരമണ്ഡലത്തിനകത്ത് ഈ സമരങ്ങളെ നമുക്കെങ്ങനെയാണ് സ്ഥാനപ്പെടുത്താന്‍ കഴിയുക? നേരത്തെ സൂചിപ്പിച്ചതുപോലെ, അന്തസ്സോടെ വസ്ത്രം ധരിക്കാനുള്ള നാടാര്‍ ജനതയുടെ പോരാട്ടങ്ങള്‍ ഉടലെടുക്കുന്നത് ഞാനും യേശുദാസുമൊക്കെ ഗുണഭോക്താക്കളായ കൊളോണിയല്‍ മുതലാളിത്തത്തിന്റെയും മിഷനറി മതപരിവര്‍ത്തനത്തിന്റെയും (മതപരിവര്‍ത്തനത്തിന്റെ വസ്തുനിഷ്ഠമായ ഗുണങ്ങള്‍ എത്ര പരിമിതമാണെന്നിരിക്കിലും) സാമൂഹ്യചുറ്റുപാടുകള്‍ക്കുള്ളിലാണ്. അതുകൊണ്ടുതന്നെ ഈ ചുറ്റുപാടിനകത്താണ് യേശുദാസിനെ സ്ഥാനപ്പെടുത്തേണ്ടത്, അല്ലാതെ നഗരകേന്ദ്രീകൃതമായ മേല്‍ജാതി കൊളോണിയല്‍ ആധുനികതയുടെ ലിബറല്‍, വലതുപക്ഷവകഭേദങ്ങള്‍ക്കകത്തല്ല.
ആധുനികത എന്ന വിശാലമായ സംജ്ഞയെ ചുരുക്കരൂപത്തില്‍ മുതലാളിത്തം എന്ന് മനസിലാക്കിയാല്‍, ഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്‌കറിന്റെയും ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിച്ചതുപോലെ രണ്ട് തരം വസ്ത്രധാരണ സമ്പ്രദായങ്ങളെ ഈ (മുതലാളിത്ത)-ആധുനികതഉത്പാദിപ്പിച്ചിട്ടുള്ളതായി കാണാം.മൂലധന വ്യാപനത്തിന്റെ ഫലം എന്ന നിലയിലും അതിന്റെ ഉപാധി എന്ന നിലയിലും നിരന്തരം നവീകരിക്കാനുള്ള ശേഷി ആധുനികതയുടെയും, അതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെയും സവിശേഷമായ സ്വഭാവങ്ങളിലൊന്നാണ്. ആധുനികതയ്ക്കുള്ളില്‍തന്നെ, അതിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായി കയ്യാളുന്നവരെയും അതിന്റെ അതിരുകള്‍ക്ക് പുറത്ത് നില്‍ക്കുന്നവരെയും കൃത്യമായി സ്ഥാനപ്പെടുത്താതെ ഈ നവീകരണം സാധ്യമല്ല. ആധുനികതയുടെ യുക്തിയ്ക്കനുസരിച്ച് രണ്ട് വിഭാഗങ്ങളായി ഇവരെ മനസിലാക്കാം: (1) മാതൃകാ ഉപഭോക്താക്കളാകാനുള്ള മൂലധനം കൈമുതലായുള്ളവര്‍, (2) ആധുനികതയെ എത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ — അതായത്, മൂലധനവ്യാപനത്തിന്റെ സമയത്തോടൊപ്പം സഞ്ചരിക്കാന്‍ കഴിയാത്തവര്‍; അതുകൊണ്ടുതന്നെ അസാന്മാര്‍ഗികരായും ചരിത്രത്തിനു പുറത്തു നില്‍ക്കുന്നവരായും പ്രാകൃതരായുംഅപരിഷ്കൃതരായും മുദ്ര കുത്തപ്പെടുന്നവര്‍.
ഉദാഹരണത്തിന്, ഞങ്ങള്‍ യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് കീഴ്ജാതിയില്‍പെട്ട വിദ്യാര്‍ഥികള്‍ ഫ്ലോപ്പി ഡിസ്കുകള്‍ ഉപയോഗിച്ചുതുടങ്ങുമ്പോഴേക്കും മേല്‍ജാതി വിദ്യാര്‍ഥികള്‍ സിഡികളുമായി പഴക്കത്തിലായിക്കഴിഞ്ഞിരുന്നു. കീഴ്ജാതി വിദ്യാര്‍ഥികള്‍ സിഡികള്‍ ഉപയോഗിച്ചു തുടങ്ങിയപ്പോഴാകട്ടെ മേല്‍ജാതിക്കാര്‍ക്ക് ഡിവിഡികള്‍ കരഗതമായി. തുടര്‍ന്ന് അത് തമ്പ്ഡ്രൈവുകളും, എക്സ്റ്റെര്‍ണല്‍ ഹാര്‍ഡ് ഡ്രൈവുകളും, ഫ്ലാഷ് ഡ്രൈവുകളും ഒക്കെയായി വികസിച്ചു. സാങ്കേതികമായ അര്‍ത്ഥത്തില്‍ ഫ്ലോപ്പി ഡിസ്കുകള്‍ ചരിത്രാതീത ഉപകരണങ്ങളല്ല. എന്നാല്‍, അവ ഉപയോഗിച്ച വിദ്യാര്‍ഥികള്‍ പൂര്‍ണമായും ആധുനികതയെ പുല്‍കുന്നതില്‍ നിന്നും ഒരു ചുവട് പിന്നിലായി കണക്കാക്കപ്പെട്ടു.
എറിക് ഹോബ്സ്ബോം നിരീക്ഷിച്ചതുപോലെ, ആധുനികത പാരമ്പര്യത്തെ നിര്‍മിച്ചെടുക്കുക കൂടി ചെയ്യുന്നുണ്ട്. ഈ പാരമ്പര്യം മൂലധനത്തിന്റെ സമയക്രമവുമായി ഒത്തുപോകുന്ന ഒന്നാണ്. ഞാന്‍ ഇവിടെ മേല്‍ജാതികള്‍ എന്ന് അടയാളപ്പെടുത്തുന്ന വിഭാഗത്തെ പാരമ്പര്യവുമായും ആധുനികതയുമായും ഒരേ സമയം പൊരുത്തപ്പെട്ടുനില്‍ക്കുന്ന വിഭാഗമായി തിരിച്ചറിയേണ്ടതുണ്ട്. ആധുനികതയും പാരമ്പര്യവും പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ആശയങ്ങളാണ്. എന്നാല്‍ അവയുടെ സഹജമായ സഹവര്‍ത്തിത്വത്തിലൂടെ രൂപപ്പെടുന്ന ഒരുവ്യവഹാരമായിമേല്‍ജാതി കര്‍തൃത്വത്തെ വിശദീകരിക്കാന്‍ കഴിയും – ഈ വ്യവഹാരത്തെ മനസിലാക്കുന്നതിന്’ഐഡിയോളജിം’ (ideologeme) എന്ന സങ്കല്‍പനംഉപയോഗക്ഷമമാണ്.കീഴാളജാതിസ്വത്വത്തിന്റെ മൗലികമായ അടയാളങ്ങളിലൊന്ന് അസ്ഥിരമായ ഐഡിയോളജിം (ideologeme)1 ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ‘ഉത്തമമായ’ പാരമ്പര്യ-ആധുനികതാ ദ്വന്ദ്വത്തിന്റെ അതിരുകള്‍ക്ക് പുറത്താണ് ഒരു താഴ്ന്നജാതിക്കാരന്റെ സ്ഥാനം.
സ്വസ്ഥമായ ജാതി ഐഡിയോളജിമിനുള്ളില്‍ സുസ്ഥിരമായി നിലകൊള്ളാന്‍ കഴിയുന്ന മേല്‍ജാതിയില്‍പെട്ട ഒരു വ്യക്തിക്ക് പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ വിമര്‍ശനാത്മകമായി സമീപിക്കാനാകുന്ന സ്ഥാനം കയ്യാളാന്‍സാധിക്കും. ഒരുപക്ഷെ, ഗാന്ധിയ്ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്; ഇടതു ലിബറലുകള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെ. വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഇടപെടലുകളെക്കുറിച്ചുള്ള കിരണ്‍ ദേശായിയുടെ പരാമര്‍ശം ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. അവര്‍ എഴുതുന്നു: “എന്തുകൊണ്ടാണ് അവ (ജീന്‍സും ടീഷര്‍ട്ടും) ഇത്രമാത്രം ജനകീയമായത്? അപരിചിതരായി കാണപ്പെടുന്ന ഏതൊരാളും ആര്‍ക്കുനേരെയും വെടിവെച്ചേക്കാം എന്ന ചിന്തയില്‍ സെപ്തംബര്‍ 11നു ശേഷം ന്യൂയോര്‍ക്ക് നിവാസികള്‍ ഭയചകിതരായി ജീവിച്ചത് ഓര്‍ക്കുന്നുണ്ടോ?എന്റെ ആന്റി അവരുടെ ജീവിതത്തിലുടനീളം സാരി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഒരിക്കല്‍ അവരുടെ മകന്‍ അവരോട് പറഞ്ഞു, “നിങ്ങള്‍ ജീന്‍സ് ധരിക്കാന്‍ ശീലിക്കണം”. അങ്ങനെ മക്കള്‍ അവരെക്കൊണ്ട് ജീന്‍സ് ധരിപ്പിച്ചു. അവര്‍ക്ക് ഇരിക്കാന്‍ പോലും പ്രയാസം നേരിടേണ്ടിവന്നു. ഇരിക്കൂ എന്ന് ഞാന്‍ പറയുമ്പോഴൊക്കെ “എന്നെ കൊണ്ട് സാധിക്കുന്നില്ല” എന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ യാത്ര ചെയ്യുന്ന ഇടങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തേണ്ടതില്ലാത്ത ഒരു ആത്മാഭിമാനം നിങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്.പ്രസരിപ്പാര്‍ന്നതും,സന്തോഷം നൽകുന്നതും, എല്ലായ്പ്പോഴും ധരിക്കാൻ കഴിയുന്നതുമായ വേഷങ്ങളാകും ഞാൻ ഇഷ്ടപ്പെടുക.”
പാരമ്പര്യം മാത്രം ഉള്‍ക്കൊള്ളുന്ന ഒരാളെന്ന രൂപേണ കിരണ്‍ ദേശായി നടത്തുന്ന വിവരണം മേല്‍ജാതി ഐഡിയോളജിമിന്റെ വ്യവസ്ഥയ്ക്കകത്തെ പിളര്‍പ്പിലേക്ക് വിരല്‍ചൂണ്ടുന്നതായി തോന്നാം. എന്നാല്‍, മൂലധനത്തിന്റെആധുനികമാനങ്ങളെ വിമര്‍ശിക്കുമ്പോള്‍തന്നെയും, അതിന്റെ മൊത്തം സമയഘടനയെ (പാരമ്പര്യവും ആധുനികതയും ഉള്‍ക്കൊള്ളുന്ന സവര്‍ണ ഐഡിയോളജിം)അവര്‍ കയ്യാളുന്നുണ്ട് എന്നത് വ്യക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം യേശുദാസ് മേല്‍ജാതി ഐഡിയോളജിമിന്റെ ഈ അധീശവ്യവസ്ഥയ്ക്ക് പുറത്താണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ, കിരണ്‍ ദേശായിയെ പോലുള്ള ആളുകള്‍ക്ക് തങ്ങളുടെ മാനസികമായ ധര്‍മസങ്കടങ്ങളെ മറികടക്കാനുള്ള ഒരു ഉപാധിയായി യേശുദാസ് എളുപ്പത്തില്‍ മാറുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇവിടെ സ്ത്രീവിരുദ്ധത എന്ന സൂചകവാക്കിന്റെ ഉപയോഗത്തിലൂടെയാണ് യേശുദാസിന്റെ സ്ഥാനം ഒരു ദുഷിച്ച ഐഡിയോളജിമിലാണ് നിലകൊള്ളുന്നത് എന്ന് ദ്യോതിപ്പിക്കുന്നത്. ശുദ്ധമായ പാരമ്പര്യമോ പൂര്‍ണമായ ആധുനികതയോ അവകാശപ്പെടാനില്ലാത്ത ഹീനമായ ഒരു സങ്കരദ്വന്ദ്വമാണത്.
ഒരു മുന്‍വിധിയുടെ രാഷ്ട്രീയം
എന്തുകൊണ്ടാണ് യേശുദാസിന്റെ ഐഡിയോളജിം ഹീനവുംസങ്കരവുമായ ഒന്നായി മനസിലാക്കപ്പെടുന്നത്? യേശുദാസിന് തന്റേതെന്ന് പറയാവുന്ന ശക്തമായ ഒരു പാരമ്പര്യം ഇല്ലാത്തതുകൊണ്ടാണോ? അതല്ല, യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആധുനികതയില്‍ എന്തെങ്കിലും ന്യൂനത ഉള്ളതുകൊണ്ടാണോ? അധീശവ്യവഹാരങ്ങളുടെ പിന്‍ബലത്തില്‍ യേശുദാസിന്റെ ലെഗസിയെ സമീപിച്ചാല്‍ അദ്ദേഹം ഒരു പിന്നണിഗായകനും ഒപ്പം ‘ശുദ്ധസംഗീത’ത്തിന്റെ വക്താവുമാണ്; മാത്രമല്ല, പിന്നോക്കജാതിയിലാണ് ജനിച്ചതെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ ആഗ്രഹിക്കുകയും അതിലൂടെ സവര്‍ണ അധീശ രാഷ്ട്രീയബോധത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നയാളുമാണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ വിശദീകരിക്കുമ്പോഴെല്ലാം ഒരു ‘പക്ഷേ’യുടെ കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമായി വരുന്നു. അതിന്റെ സൗകര്യം ഉപയോഗിച്ച്, മറ്റ് അവസരങ്ങളില്‍ ‘കര്‍തൃത്വം’ മുതലായ സങ്കല്പങ്ങളില്‍ അഭിരമിക്കുന്ന വിമര്‍ശകര്‍ ഉടനടി യേശുദാസില്‍ സവര്‍ണതയും ബ്രാഹ്മണിസവും ആരോപിക്കുന്നു.എന്നാല്‍, അത്തരം വിമര്‍ശകര്‍ തീര്‍ക്കുന്ന, രൂപകങ്ങളുടെചട്ടക്കൂടിനപ്പുറത്താണ് യേശുദാസിന്റെ വ്യക്തിപ്രഭാവം. ഒരു മത്സ്യത്തൊഴിലാളി സമുദായത്തില്‍ നിന്നും യേശുദാസിനെ പോലെ ദേശീയഭാവനയിലേക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞ മറ്റൊരാളെ കണ്ടെത്തുക ദുഷ്കരമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
യേശുദാസ് ഒരു മതേതരവാദി എന്ന നിലയിലും അറിയപ്പെടുന്നുണ്ട്. അദ്ദേഹം മുന്നോട്ട് വെക്കുന്ന മതേതരത്വത്തിന്റെ സ്വഭാവം വിശദീകരിക്കുന്നതിനുമുമ്പ് ഒന്ന് സൂചിപ്പിക്കട്ടെ, ഞാന്‍ ഭരണകൂട മതേതരത്വത്തിന്റെ ആരാധകനല്ല. കീഴാളവിമര്‍ശകര്‍ പൊതുവെ അംഗീകരിച്ചിട്ടുള്ളതുപോലെ സവര്‍ണമായ ആചാരങ്ങളും രീതികളും സ്വീകരിക്കുന്നതിനായി താഴ്ന്നജാതിക്കാരെക്കൂടി ഉള്‍ചേര്‍ക്കുന്ന, വര്‍ഗീയസ്വഭാവമുള്ള ജാതീയതയുടെ പരിഷ്കൃതരൂപമാണ് ഭരണകൂട മതേതരത്വം.നിങ്ങളൊരു ന്യൂനപക്ഷസമുദായത്തിലെ താഴ്ന്നജാതിയില്‍പെട്ട ആളാണെങ്കിലും സവര്‍ണസംസ്കാരത്തോട് നിരുപാധികമായ പ്രതിപത്തി കാണിക്കുകയാണെങ്കില്‍ ഒരു മതേതരവാദിയായി അംഗീകരിക്കപ്പെടും. ഈ സവിശേഷമായ ചട്ടക്കൂടിനകത്താണ് പൊതുവെ വിമര്‍ശകര്‍ യേശുദാസിന്റെ മതേതരത്വത്തെ സ്ഥാനപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍, ‘ചലച്ചിത്ര ശുദ്ധസംഗീത’ത്തിന്റെ വക്താവായിരിക്കുമ്പോഴും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ശാസ്ത്രീയ സംഗീതജ്ഞനായിത്തീരാന്‍ കഴിയാത്തതിനാല്‍ യാഥാസ്ഥിതികരുടെ നിന്ദയ്ക്ക് പാത്രമാകുന്ന ഗായകന്‍ കൂടിയാണ് യേശുദാസ്. കൃഷ്ണനുവേണ്ടി താന്‍ പാടിയ ഭക്തിഗാനങ്ങള്‍ നിരന്തരമെന്നോണം അലയടിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുമ്പോഴും ഒരു അഹിന്ദു ആയതിനാല്‍ അദ്ദേഹത്തിന് അതിനു കഴിയുന്നില്ല. യേശുദാസ് ജനിക്കുന്നതിന് 4 വര്‍ഷം മുമ്പ് 1936-ല്‍ മാത്രമാണ് പിന്നോക്കജാതിക്കാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ അനുമതി ലഭിച്ചത് എന്നോര്‍ക്കണം. ഭൂരിഭാഗം വരുന്ന താഴ്ന്നജാതിക്കാരെ ഉള്‍ക്കൊള്ളുന്ന ഒന്നായി ന്യൂനപക്ഷമതങ്ങളെ പരിഗണിക്കുകയാണെങ്കില്‍ ക്ഷേത്രത്തിലേക്കുള്ള കീഴാളജാതിക്കാരുടെ നിരോധനം ഇപ്പോഴും തുടരുന്നതായി കാണാന്‍ കഴിയും. ഇപ്പോള്‍ അത് നടപ്പിലാക്കപ്പെടുന്നത് കീഴാളജാതികളെ മതങ്ങളുടെ കൂടുകളില്‍ അടച്ചിടുന്ന ഭരണകൂട മതേതരയുക്തിയുടെ വിന്യാസത്തിലൂടെയാണെന്നുമാത്രം. ഈ സവിശേഷ സന്ദര്‍ഭത്തില്‍, മുസ്ലിം, കൃസ്ത്യന്‍, ഹിന്ദു ഭക്തിഗാനങ്ങള്‍ പാടുന്ന ഒരു കീഴ്ജാതി കൃസ്ത്യാനി പരിലാളിക്കുന്നമതേതരത്വം എന്ന നിലയ്ക്ക് യേശുദാസിന്റെ മതേതരത്വത്തെ അതിന്റെ ഗുണപരമായ വ്യത്യാസത്തെ മുന്‍നിര്‍ത്തി വേര്‍തിരിച്ചുതന്നെ മനസിലാക്കേണ്ടിവരും.
യേശുദാസ് ആദ്യം റെക്കോര്‍ഡ് ചെയ്ത പാട്ടിന്റെ തുടക്കം താഴ്ന്നജാതിക്കാരുടെ അന്തസ്സുറ്റ ജീവിതത്തിനായി പോരാടിയ ശ്രീ നാരായണഗുരുവിന്റെ വരികളാണ്. “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്നാണ് ആ വരികള്‍. പ്രത്യേക അവസരങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ യേശുദാസ് ഈ വരികള്‍ ആലപിക്കാറുണ്ട്. ഒരു പ്രത്യേകമതത്തിന്റെ സംവര്‍ഗങ്ങള്‍ ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയാത്ത ഒന്നായി കീഴാളജാതിസ്വത്വത്തെ നമ്മള്‍ മനസിലാക്കുകയാണെങ്കില്‍ യേശുദാസിന്റെ വ്യക്തിത്വം അതിനോട് പൂര്‍ണമായുംചേര്‍ന്നുനില്‍ക്കുന്ന ഒന്നായിരിക്കും. താഴ്ന്നജാതിയില്‍പെടുന്ന ഒരു വ്യക്തിക്ക് മതത്തിന്റെ ശുദ്ധമായ സംവര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്വയം നിര്‍വചിക്കേണ്ട ആവശ്യമില്ല എന്നല്ല അര്‍ത്ഥമാക്കുന്നത്, മറിച്ച് അങ്ങനെ നിര്‍വചിക്കപ്പെടാന്‍ ആഗ്രഹിച്ചാലും അതിനു കഴിയില്ല എന്നാണ്. ആ അര്‍ത്ഥത്തില്‍ യേശുദാസ് ഒരു ശുദ്ധഹിന്ദുവല്ല -– ആയിരുന്നെങ്കില്‍ അദ്ദേഹത്തിന് സവര്‍ണക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞേനെ. അദ്ദേഹം ഒരു ശുദ്ധക്രിസ്ത്യാനിയുമല്ല -– ആയിരുന്നെങ്കില്‍ അധീശ മേല്‍ജാതി സുറിയാനി ക്രിസ്ത്യാനികളാല്‍ അദ്ദേഹത്തിന്റെ ജാതി അവഹേളിക്കപ്പെടില്ലായിരുന്നു. ഏതെങ്കിലും പ്രത്യേകമതവുമായി ചേര്‍ന്നുനില്‍ക്കുന്ന ഭൂരിഭാഗം വരുന്ന ബഹുജനങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇത്തരത്തില്‍ അധിക്ഷേപത്തിനിരകളാകുന്നു. ഈ അധിക്ഷേപമാണ് ഒരു മതനിരപേക്ഷബഹുജനെ2 സൃഷ്ടിക്കുന്നത്. ഏതൊരു മതത്തിലും സ്വയം സമര്‍പ്പിക്കുന്നതുവഴി ഒരു ബഹുജന്‍ നേടുന്നത് അവജ്ഞ മാത്രമാണ്. ഇത്തരത്തില്‍ രൂപപ്പെടുന്ന മതനിരപേക്ഷതയെ, ശ്രീനാരായണഗുരുവിന്റെ അനുയായികളുംവീണ്ടും പിന്നിലേക്കു പോയാല്‍ ജാതിവിരുദ്ധപ്രക്ഷോഭകാരികളായ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും മുതല്‍ കബീറും ബുദ്ധനും വരെ നീളുന്ന വലിയ പൈതൃകം പ്രയോഗിച്ചുപോന്ന കീഴാളമതനിരപേക്ഷതയുടെ (subaltern secularism)3 ഒരു സവിശേഷരൂപം എന്ന നിലയില്‍ വിശദീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
താഴ്ന്നജാതികളുടെ സവിശേഷമായ ചരിത്രത്തെ കണക്കിലെടുക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്ന ശക്തമായ ഐഡിയോളജിം നല്‍കാനുള്ള അധീശമതങ്ങളുടെ കഴിവില്ലായ്മയാണ് കീഴാളമതനിരപേക്ഷതയെ ഉത്പാദിപ്പിക്കുന്നത്. തങ്ങളുടെ വ്യക്തിപ്രഭാവത്തിലൂടെയും ഇടപെടലുകളിലൂടെയും കേരളത്തിലെ ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഈ സവിശേഷധാരയുടെ വക്താക്കളായി മാറിയ കീഴാളജാതികളില്‍പ്പെട്ട ഒരു തലമുറയിലെ അവസാനത്തെ അംഗങ്ങളില്‍ ഒരാളാണ് യേശുദാസ് എന്നാണ് എന്റെ ഉറച്ച വിശ്വാസം. യേശുദാസ് തന്റെ മക്കളെ ജ്ഞാനസ്നാനം ചെയ്തിട്ടില്ല എന്നോര്‍ക്കുക. ഈയടുത്തകാലം വരെ ഈഴവ ക്ഷേത്രങ്ങളില്‍ ശ്രീനാരായണഗുരുവിന്റെ അര്‍ദ്ധകായപ്രതിമകള്‍ക്കൊപ്പം യേശുക്രിസ്തുവിന്റെ ചിത്രങ്ങളും ഖുര്‍ആനികസൂക്തങ്ങളും കൂടി ഇടംപിടിച്ചിരുന്നു എന്ന വസ്തുത കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കാം.
ചുരുക്കത്തില്‍, കിരണ്‍ ദേശായിയെ പോലുള്ള വ്യക്തിത്വങ്ങള്‍ ജീവിക്കുന്ന ‘ഉത്തമ’ ഐഡിയോളജിമിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കരുത്തുറ്റ പാരമ്പര്യത്തിന്റെ ഭാഗമാണ് യേശുദാസ്. ഇന്ത്യന്‍ ഭരണകൂട ‘പൊതുബോധ’ത്തില്‍ നിന്ന് കീഴാളജാതികളുടെ സവിശേഷപാരമ്പര്യം അസന്നിഹിതമാക്കാനോ ഇല്ലാതാക്കാനോ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളാണ് ആ ഗായകനെതിരായ അധിക്ഷേപങ്ങള്‍ ഉത്പാദിപ്പിച്ചത്. ഇക്കാര്യം വ്യക്തമാകുന്നതിന് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ലത മങ്കേഷ്കറുടെ മോഡി സ്തുതിയോടോ കിരണ്‍ ദേശായിയുടെ ജീന്‍സിനെതിരായ പരാമര്‍ശത്തോടോ അതല്ലെങ്കില്‍ സംഗീതസംവിധായകന്‍ ശരത്തും പിന്നണിഗായകന്‍ എം ജി ശ്രീകുമാറും മറ്റനവധി സംവിധായകരും താരങ്ങളുമൊക്കെ ടെലിവിഷന്‍ ചാനലുകളിലും സിനിമാ മാസികകളിലും നടത്തുന്ന ലൈംഗികസൂചകമായ പരാമര്‍ശങ്ങളോടോ ഒന്ന് താരതമ്യപ്പെടുത്തിനോക്കിയാല്‍ മതി.
യേശുദാസിനെ അദ്ദേഹത്തിന്റെ സവിശേഷമായ ചരിത്രത്തിനും പാരമ്പര്യത്തിനുമകത്ത് സ്ഥാനപ്പെടുത്താന്‍ തയ്യാറാവാതെ സവര്‍ണന്‍ എന്നു മുദ്രകുത്തുന്ന വിമര്‍ശകര്‍ യാതൊരു ഭൗതികാടിത്തറയുമില്ലാത്ത കുറെ രൂപകങ്ങളുടെ പ്രയോഗങ്ങളിലൂടെയാണ് ഈ സംഭവവികാസങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നത്. അതിനെ ജാതീയമായ ഒരു കപടവ്യവഹാരത്തിന്റെ (casteist catachresis4) ഉത്പാദനമായി മാത്രമേ കാണാന്‍ കഴിയൂ. ഭരണകൂടമോ ഇടതുലിബറല്‍ വിമര്‍ശകരോ അടിച്ചേല്‍പ്പിക്കുന്ന ഈ വ്യവഹാരത്തിന് ആ ഇതിഹാസഗായകന്റെ 50 വര്‍ഷത്തോളം നീണ്ട ലെഗസിയെ അപ്രസക്തമാക്കാനും പരിഹസിക്കാനും പോന്ന ദുര്‍ബലമായഒരു ഐഡിയോളജിം സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ. യേശുദാസിന്റെ പരാമര്‍ശവും അതുണ്ടാക്കിയ വിവാദവുമുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ അസ്വാസ്ഥ്യകരമായിരിക്കെത്തന്നെ, ഈ കാര്‍മേഘങ്ങള്‍ക്കിടയിലും ഒരു വെള്ളിരേഖ മറഞ്ഞിരിക്കുന്നുണ്ടാവും എന്ന് കരുതാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. ഈ വിവാദങ്ങളുണ്ടാക്കിയ നൈരാശ്യത്തിനപ്പുറത്ത് അദ്ദേഹത്തിനും മറ്റുബഹുജനങ്ങള്‍ക്കും പ്രതീക്ഷകള്‍ ബാക്കിയാകുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു – ഒരു നാള്‍, ചരിത്രത്തില്‍ അവര്‍ക്ക് അവകാശപ്പെട്ട സ്ഥാനം ഒരു സൂര്യരശ്മിയാലെങ്കിലുംപ്രകാശിപ്പിക്കപ്പെടും എന്ന പ്രതീക്ഷ.
അനുബന്ധം
കീഴാളമതനിരപേക്ഷത: ദളിത്-ബഹുജന്‍ തൊഴിലിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
ചിത്രം 1: യേശുക്രിസ്തു, ലക്ഷ്മി, കഅബ – ഇവിടെ സവര്‍ണബിംബമായ ലക്ഷ്മിദേവിയുടെ ഒരു ജനപ്രിയ കലണ്ടര്‍ ചിത്രം ഇസ്ലാമിക,ക്രൈസ്തവ ചിത്രങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നതുകാണാം. കേരളത്തിലെ ഒരു ബസില്‍ നിന്നും പകര്‍ത്തിയ ഈ ചിത്രഫലകം എന്റെ അഭിപ്രായത്തില്‍, നെഹ്രുവിയന്‍ മതേതരത്വത്തിന്റെ ഏറ്റവും അനുയോജ്യമായ പ്രതിനിധാനമാണ്. എന്നാല്‍ ഇത് സുസ്ഥിരമായ ഒരു പ്രതിനിധാനമല്ലെന്ന് അടുത്ത ചിത്രഫലകങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
ചിത്രം 2: യേശുക്രിസ്തു, ചോറ്റാനിക്കര അമ്മ, കഅബ – ഒരു ഓട്ടോറിക്ഷയില്‍ നിന്നുള്ളചിത്രമാണിത്. ഇവിടത്തെ പ്രധാന വ്യത്യാസം ഹിന്ദുയിസത്തിന്റെ സവര്‍ണ-ദേശീയ പ്രതിനിധാനമായ ലക്ഷ്മിയുടെ സ്ഥാനത്ത് മുഖ്യധാരാ ഹിന്ദുയിസം പിന്നീട് സ്വാംശീകരിച്ചെടുത്ത, ഗോത്രപരമ്പരയില്‍ നിന്നുള്ള ഒരു മാതൃദൈവം ഇടംപിടിക്കുന്നു എന്നതാണ്. കൃസ്ത്യന്‍-മുസ്ലിം പ്രതീകങ്ങള്‍ സുസ്ഥിരത നിലനിര്‍ത്തുമ്പോഴും ഹിന്ദുയിസത്തിന്റെ ചിത്രപ്രതീകത്തിന് അത് സാധിക്കുന്നില്ല. വ്യത്യസ്തമായ മറ്റൊന്നിലേക്ക് അത് രൂപാന്തരപ്പെടുന്നു.
ചിത്രം 3: യേശുക്രിസ്തു, തെയ്യം കലാകാരന്മാര്‍, കഅബ –ഒരു ഭക്ഷണശാലയില്‍ കാണപ്പെട്ട ഈ ചിത്രഫലകത്തില്‍ പ്രാദേശിക മാതൃദൈവത്തിന്റെ സ്ഥാനത്ത് തെയ്യം കലാകാരന്മാരുടെ ചിത്രമാണുള്ളത്. വടക്കന്‍ കേരളത്തില്‍ മാത്രമുള്ള ഒരു പ്രാദേശിക അനുഷ്ഠാനമാണ് തെയ്യം. മലയന്‍, വണ്ണാന്‍ മുതലായ ദളിത് ജാതികളില്‍പെട്ടവരാണ് തെയ്യം കെട്ടാറുള്ളത്. ആ സന്ദര്‍ഭങ്ങളില്‍ അവര്‍ ദൈവങ്ങളുടെ പ്രതീകാത്മകപദവി കൈവരിക്കുന്നു. ഇസ്ലാമിക-ക്രൈസ്തവ ആവിഷ്കാരങ്ങളില്‍നിന്നു വ്യത്യസ്തമായി അസ്ഥിരമായ രൂപകങ്ങളിലൂടെ (അവ കാറ്റക്രസിസിന് ഉദാഹരണങ്ങളാണ്) ഹിന്ദുയിസം അതിന്റെ മൗലികമായ അനിശ്ചിതത്വം വെളിപ്പെടുത്തുന്നു. ഇത്തരുണത്തില്‍ നെഹ്രുവിയന്‍ മതേതരത്വവും സുസ്ഥിരമല്ലെന്നു കാണാം. ഹിന്ദുയിസത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് വൈവിധ്യമാര്‍ന്നവയാണ് എന്ന വാദമുഖത്തെ മുന്‍നിര്‍ത്തിഹിന്ദു ദേശീയവാദികള്‍ ഹിന്ദുയിസം ഒരു മതമല്ല, മറിച്ച് സംസ്കാരമാണെന്ന് വാദിക്കാറുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൃത്യമായ വിലയിരുത്തല്‍ നടത്തിയിട്ടുള്ളത് ബാബാസാഹേബ് അംബേദ്കറാണ് : “ഹിന്ദു സമൂഹം എന്നൊന്ന് നിലനില്‍ക്കുന്നില്ല. അത് ജാതികളുടെ ഒരു കൂട്ടം മാത്രമാണ്.”
~
Notes: അടിക്കുറിപ്പുകൾ
1. മാര്‍ക്സിസ്റ്റ് വിമര്‍ശകനായ ഫ്രെഡറിക് ജെയിംസണ്‍ ഐഡിയോളജിം (ideologeme) എന്ന സങ്കല്‍പനത്തെ വിശദീകരിക്കുന്നത് ഐഡിയോളജിയുടെ ഗ്രാഹ്യമായ ഏറ്റവും ചെറിയ ഘടകം എന്ന നിലയിലാണ് (the smallest intelligible unit of the essentially antagonistic collective discourses of social classes). ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ അത് പോയകാലം, വര്‍ത്തമാനകാലം എന്നീ ഘടകങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ പോയകാലം, ഭാവികാലം എന്നീ ഘടകങ്ങള്‍ തമ്മിലോ ഉള്ള ബന്ധമാണ്. ഉദാഹരണത്തിന് ഈ ബന്ധത്തെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ബന്ധമായി ചിത്രീകരിക്കാന്‍ കഴിയും; ഇവിടെ പാരമ്പര്യം പോയകാലത്തെയും, ആധുനികത ഭാവിയുടെ സാധ്യതകള്‍ പേറുന്ന വര്‍ത്തമാനകാലത്തെയും പ്രതിനിധീകരിക്കുന്നു. എന്നാല്‍, ഐഡിയോളജിക്കല്‍ മാപ്പിങ്ങിന്റെ സാധ്യതകള്‍ എണ്ണമറ്റതും മേല്‍പറഞ്ഞ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം സങ്കീര്‍ണവുമാണ്. അത്തരത്തിലുള്ള ഒരു സാധ്യതയാണ് ഈ ലേഖനത്തിലൂടെ വരച്ചുകാട്ടാന്‍ ശ്രമിക്കുന്നത്.
2. ഇന്ത്യയിലെ ജനസംഖ്യയില്‍ 85 ശതമാനത്തോളം വരുന്ന കീഴ്ജാതിക്കാരായ ഭൂരിപക്ഷത്തെയാണ് ബഹുജന്‍ എന്ന വാക്കിലൂടെ സൂചിപ്പിക്കുന്നത്. പിന്നോക്കജാതികള്‍ (ഒബിസി), പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍,ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിങ്ങനെ ആറായിരത്തോളം ജാതികളിലായി വിഭജിക്കപ്പെട്ട് കിടക്കുന്ന ജനവിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
3. സെക്കുലറിസം എന്നതിനു തത്തുല്യമായി പ്രചാരത്തിലുള്ള മലയാളം വാക്കുകളായ ‘മതേതരത്വം’, ‘മതനിരപേക്ഷത’ എന്നിവയ്ക്ക് ഇവിടെ സെക്കുലറിസം എന്നതിലൂടെ ഉദ്ദേശിക്കുന്ന സങ്കല്പത്തെ ഉള്‍ക്കൊള്ളാനുള്ള വ്യാപ്തിയില്ല. ഈ രണ്ട് വാക്കുകളും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നെഹ്രുവിയന്‍ കാഴ്ചപ്പാടിന്റെയും പാരമ്പര്യത്തിന്റെയും ഭാരം പേറുന്നവയാണ്. ‘മതേതരം’ എന്നതിന്റെ വാച്യാര്‍ത്ഥം ‘മതബദ്ധമല്ലാത്തത്’ എന്നാണെങ്കിലും വിവിധ മതങ്ങളുടെ പരസ്പരബഹുമാനത്തിലൂന്നിയുള്ള സഹവര്‍ത്തിത്വം എന്ന നിലയിലാണ് ഈ വാക്ക് പൊതുവില്‍ മനസിലാക്കപ്പെട്ടിട്ടുള്ളത്. ‘മതനിരപേക്ഷത’യാവട്ടെ, രാഷ്ട്രീയത്തിലും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലും നിന്നുള്ള മതത്തിന്റെ അകറ്റിനിര്‍ത്തലിനെയും, ഏറെക്കുറെ മതമുക്തമായ വ്യക്തിജീവിതത്തെയും ചൂണ്ടിക്കാട്ടുന്നു. ജാതിയും മതവും ഘടനാപരമായിത്തന്നെ പരസ്പരം ഉള്‍ചേര്‍ന്നിരിക്കുന്നവയായതിനാലും, സബാള്‍ട്ടേണ്‍ സെക്കുലറിസം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ഈ ഘടനാപരമായ സങ്കീര്‍ണതയില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന ഒരു പ്രത്യയശാസ്ത്ര സാഹചര്യം ആയതിനാലും, കേരളത്തിലെ ബഹുജന്‍ പാരമ്പര്യങ്ങളുമായി ചേര്‍ന്നുപോകുന്ന സെക്കുലറിസത്തിന് ഒരു ബദല്‍വാക്ക് നമ്മള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. തല്‍ക്കാലം, വ്യക്തത കുറവാണെങ്കില്‍പോലും, ലഭ്യമായ രണ്ടു വാക്കുകളില്‍ ‘മതനിരപേക്ഷത’ എന്നത് ഇവിടെ ഉപയോഗിക്കുന്നു.
4. ഒരു സാമൂഹ്യവിഭാഗത്തിന്റെ വ്യാജമായപ്രാതിനിധ്യാവകാശം പേറുന്ന അധീശപദങ്ങളെ/രൂപകങ്ങളെ സൂചിപ്പിക്കാനാണ് ഗായത്രി സ്പിവാക് കാറ്റക്രസിസ് (catachresis) എന്ന വാക്ക് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സ്ത്രീകള്‍, തൊഴിലാളികള്‍ എന്നീ സംവര്‍ഗങ്ങള്‍ പരിഗണിക്കുക. ഈ വാക്കുകള്‍ എല്ലാ സ്ത്രീകളെയും തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നു എന്ന തോന്നലുളവാക്കുന്നുണ്ടെങ്കിലും സാര്‍വജനീനമായ സാമൂഹ്യസ്വഭാവമുള്ള ഒരു സ്ത്രീയോ തൊഴിലാളിയോ നിലനില്‍ക്കുന്നില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതുപോലെതന്നെ, ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും എന്നാല്‍ അവരുടെ സാമൂഹ്യയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതുമായ രൂപകങ്ങളും വ്യവഹാരങ്ങളും ഒരു കാറ്റക്രസിസിനെ സൂചിപ്പിക്കുന്നു. ഈ ലേഖനത്തില്‍ ഹിന്ദുയിസം, മതേതരത്വം എന്നീ വാക്കുകള്‍ അതിനുദാഹരണമാണ്. ഈ ആശയം വ്യക്തമാകുന്നതിന് അനുബന്ധമായി നല്‍കിയ ചിത്രങ്ങള്‍ 1 മുതല്‍ 3 വരെ കാണുക.
~~~
James Michael is an independent researcher. He can be reached at typetojames@gmail.com
Sreerag Thalippoyil is doing Masters in English Literature in Delhi University.