രഘു ഇരവിപേരൂർ
(Round Table India is doing a series to put together the Bahujan perspective on the Coronavirus pandemic)
രാകേഷ് റാം എസ്: ഇന്ത്യയിൽ കോവിഡ്-19 ആദ്യ കേസ് തിരിച്ചറിഞ്ഞത് കേരളത്തിലാണ്. അതിനെതിരെ ഏറ്റവും കാര്യക്ഷമതയോടെ പ്രതികരിച്ചതും കേരളമാണ്. ആദ്യം തൊട്ടു ബോധവത്കരണമുണ്ടായിട്ടും പ്രവാസികളിൽ ചിലർ(കൂടുതലും അധികാരം കൈയ്യേറുന്നവരും അത് കൊണ്ട് തന്നെ നിയന്ത്രണങ്ങൾ ഒരിക്കലും പാലിക്കാൻ താല്പര്യമില്ലാത്തവരും) മുന്നറിയിപ്പുകൾ അവഗണിക്കുകയും ഹോം ക്വാറന്റൈന്‍ പാലിക്കാതെ സമൂഹത്തിൽ ഇറങ്ങി നടക്കുകയും അതിലൂടെ അസുഖം കൂടുതൽ പേർക്ക് പിടിപെടാൻ സാഹചര്യമുണ്ടാക്കുകയും ചെയ്തു. പക്ഷെ ആദ്യ ഘട്ടത്തിൽ തന്നെ പൊതു സമൂഹത്തിൽ കൂടുതൽ നന്നായി ഇതിനെ പറ്റി ബോധ്യമുണ്ടായി എന്ന് തോന്നുന്നു. ഇതിനെ പറ്റി താങ്കളുടെ നിരീക്ഷണങ്ങൾ എങ്ങനെയാണു?
രഘു ഇരവിപേരൂർ: ഒന്നാമത്, തലമുറകൾക്കു ശേഷമാണ് ലോകം ഇത്തരം അപ്രതീക്ഷിതവും മരണകരവുമായ സാംക്രമികരോഗാവസ്ഥയെ നേരിടുന്നത്. പ്രതിരോധത്തിനായി വാക്സിൻ പോലും കണ്ടു പിടിക്കാൻ കഴിയാത്ത ഒരു രോഗത്തിന്റെ മുന്നിൽ മരണത്തെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഒരു അപൂർവ്വ സന്ദർഭത്തെ ആണല്ലോ ലോകം നേരിടുന്നത്. ചൈനയിലും യൂറോപ്പിലും അടക്കം ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വൈറസ് ഡിസീസ് (കോവിഡ്-19) പ്രത്യക്ഷപ്പെടുകയും വലിയ തോതിൽ മരണങ്ങൾ ഉണ്ടാവുകയും ചെയ്ത ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ ഈ രോഗം കടന്നു വന്നിട്ടുണ്ടായിരുന്നില്ല. ഇവിടെ സൂചിപ്പിച്ചപോലെ കേരളത്തിലാണ്, ഇന്ത്യയിൽ ആദ്യമായി കോവിഡ് പ്രത്യക്ഷപ്പെട്ടത്. വിദേശത്തു നിന്ന് എത്തിയ മലയാളികളിലാണ് അത് ആദ്യം കാണപ്പെടുന്നത്. അവരുമായി സമ്പർക്കത്തിൽ വന്നവരിലൂടെയാണ് സംസ്ഥാനത്തു പിന്നീടത് വ്യാപിച്ചത്.
കേരളത്തിൽ ആദ്യഘട്ടത്തിൽ കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് ശരിയായ കാര്യമാണ്. ചൈനയിൽ തുടങ്ങി പിന്നീട് പല വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും അനിയന്ത്രിതമായി മരണം വിതയ്ക്കുകയും ചെയ്യുന്ന വാർത്തകൾ വന്നിട്ടും കൊറോണയെ വേണ്ടത്ര ഗൗരവത്തോടെ കാണാൻ കേരളം ആദ്യ ഘട്ടത്തിൽ ശ്രമിച്ചില്ല എന്ന് പറയാവുന്നതാണ്. സർക്കാരിനും ജനങ്ങൾക്കും ഒരേപോലെ ഇക്കാര്യത്തിൽ പിഴവ് പറ്റിയിട്ടുണ്ട്. വിദേശ മലയാളികളെ എയർപോർട്ടിൽ വച്ച് തന്നെ പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആദ്യ ഘട്ടത്തിൽ അധികൃതർക്ക് വീഴ്ച ഉണ്ടായതിന്റെ മുഖ്യ കാരണം ഇതാണെന്നു കരുതേണ്ടിയിരിക്കുന്നു. കേന്ദ്ര -സംസ്ഥാന അധികാരങ്ങൾ ഇക്കാര്യത്തിൽ ഏകോപിപ്പിക്കുന്നതിനും കഴിയാതെ വന്നു. വിദേശത്തു നിന്ന് വരുന്ന മലയാളികൾ പരിശോധനയ്ക്കു സ്വയം വിധേയരാവുമെന്നും ധാരണയുണ്ടായിരുന്നു.
മലയാളി , അത് വിദേശിയായാലും സ്വദേശിയായാലും, ഇത്രമാത്രം ഭീതിദമായ ഒരു പകർച്ച വ്യാധിയെയെയോ രോഗാതുരതയെയോ അഭിമുഖീകരിക്കേണ്ടി വരുമെന്ന ഒരു ബോധ്യം കേരളീയർ നില നിർത്തുന്നേയില്ല എന്നതാണ് ഒരു യാഥാർഥ്യം. അതുകൊണ്ടു തന്നെ, ആരോഗ്യ രംഗത്ത് കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ നൽകുന്ന ഒരു ആത്മ വിശ്വാസത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ടുള്ള ഒരു അയഞ്ഞ സമീപനം കോവിടിന്റെ കാര്യത്തിൽ കേരളസമൂഹം പൊതുവെ സ്വീകരിച്ചു എന്ന് നിരീക്ഷിക്കാവുന്നതാണ് . വിദേശ മലയാളികളിൽ പലരും രോഗപരിശോധനയ്ക്കു വിധേയരായിരിക്കുകയോ സഹവാസം അവസാനിപ്പിക്കുകയോ ചെയ്യാതിരുന്നതിനു പിന്നിൽ അജ്ഞത മാത്രമല്ല, മലയാളികൾ സൂക്ഷിക്കുന്ന സാംസ്കാരികവും പണ കേന്ദ്രീകൃതവുമായ അപ്രമാദിത്വ ഭാവനയും കാരണമായിട്ടുണ്ട്. എന്നാൽ ക്രമേണ ഈ രോഗവ്യാപനം ഉണ്ടാക്കാൻ പോകുന്ന അപകടാവസ്ഥയെ തിരിച്ചറിയുകയും അത് തടയുന്നതിനുള്ള സുരക്ഷാ നടപടികൾ നിർബ്ബന്ധപൂര്വ്വം കൈക്കൊള്ളാൻ സ്റ്റേറ്റ് തയ്യാറാവുകയും ചെയ്തു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. കേരളത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു ലോക് ഡൗൺ പോലുള്ള കാര്യങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കേരള ഭരണകൂടം ഒരുപാട് മുന്നോട്ടു പോവുകയും കോവിഡ് വ്യാപനത്തെ ഫലപ്രദമായി തടയാൻ കഴിഞ്ഞുവെന്നുള്ളതും സംസ്ഥാനത്തെ സർക്കാരിന്റെയും ജനങ്ങളുടെയും എടുത്തു പറയേണ്ട നേട്ടമാണ്.
രാകേഷ് റാം എസ്: ഈ പകർച്ചവ്യാധിയെ തുടക്കത്തിൽ തണുപ്പൻ നീക്കങ്ങളുമായി നേരിട്ട രാജ്യം പിന്നീട് ലോകത്തിൽ തന്നെ ഏറ്റവും കടുത്ത ലോക്ഡൗൺ ആണ് പ്രതിരോധത്തിനായി ഉപയോഗിച്ചതു. കൂടുതലും മധ്യവർഗ്ഗ സമൂഹം വഴി രാജ്യത്തിൽ എത്തിയ രോഗത്തെ നേരിടാൻ രാജ്യം പ്രയോഗിച്ച നിയന്ത്രണങ്ങൾ മുന്നറിയിപ്പ് കൂടാതെയും ജാതി ശ്രേണീകൃത സമൂഹത്തിൽ താഴെക്കിടയിലുള്ള അധ്വാനിക്കുന്ന ജനവർഗ്ഗങ്ങൾക്കു അത് കൊണ്ടുണ്ടാവാൻ പോകുന്ന കടുത്ത ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെയും അവർക്കു വേണ്ടി എന്തെങ്കിലും റിലീഫ് പാക്കേജ് പ്രഖ്യാപിക്കാതെയുമായിരുന്നു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കേന്ദ്രത്തേക്കാൾ കൂടുതൽ ശ്രദ്ധ കാണിച്ചെങ്കിലും എത്രത്തോളമാണ് ഈ നിയന്ത്രണങ്ങൾ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന വർഗ്ഗങ്ങളെ ബാധിച്ചത്?
രഘു ഇരവിപേരൂർ: ലോക്ഡൗൺ തികച്ചും അപ്രതീക്ഷിതമെന്നു പറയാവുന്ന തരത്തിൽ തന്നെയാണ് പ്രഖ്യാപിക്കപ്പെട്ടത്. പലർക്കും മുന്നൊരുക്കങ്ങൾ ചെയ്യുന്നതിനോ സ്വന്തം വാസസ്ഥലങ്ങളിൽ എത്തിപെടുന്നതിനോ അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനോ വേണ്ടത്ര സമയം ലഭ്യമാക്കിയില്ല എന്നതൊരു പ്രധാന പോരായ്മയായി ഉന്നയിക്കപ്പെട്ടിട്ടുണ്ട് . മധ്യ വർഗ്ഗത്തിനും അതിനു മുകളിലുള്ളവർക്കം അത് കേവലം സമയത്തിന്റെയോ സാവകാശത്തിന്റെയോ പ്രശ്നമായി ഭവിച്ചിട്ടുണ്ടെങ്കിൽ സാധാരണക്കാരുടെയും നിത്യവൃത്തിക്കായി കൂലി വേല ചെയ്യുന്നവരുടെയും സ്ഥിതിയതായിരുന്നില്ല. അവർക്കു ദിവസവും പണിയെടുക്കാതെ ജീവിക്കാൻ കഴിയുമായിരുന്നില്ല.. ലോക്ഡൗൺ സ്വാഭാവികമായും അവരുടെ വരുമാന മാർഗ്ഗത്തെ തകർത്തു. തൊഴിലിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നവർക്കു നാട്ടിലെത്താൻ കഴിയാതെയായി. തൊഴിലും കൂലിയുമില്ലാതെ അന്യ ദേശത്തു കഴിയേണ്ടി വന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണാർത്ഥം അവർക്കു ആഹാരവും പാർപ്പിടവും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ തലത്തിൽ നടപ്പിലാക്കിയെങ്കിലും അത് എല്ലാവര്ക്കും ഒരുപോലെ ലഭ്യമാകുന്ന തരത്തിൽ പ്രായോഗികതയിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.
കമ്യൂണിറ്റി കിച്ചൻ , ജനതാ കിച്ചൻ എന്നിങ്ങനെ ആഹാരം നൽകുന്നതിനുള്ള സർക്കാർ പദ്ധതികൾ പലർക്കും ഒട്ടേറെ സഹായകമായി വന്നിട്ടുണ്ടെങ്കിലും കൂലിപ്പണിക്കാരായ സാധാരണക്കാർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭ്യമാകുന്നതിനു, ആ പദ്ധതിയുടെ മാനദണ്ഡങ്ങൾ പലതും തടസ്സമായി വന്നു. സൗജന്യ റേഷൻ പദ്ധതി കൂടുതൽ ജനങ്ങൾക്ക് ഗുണപ്രദമായി വന്നു എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, നാമമാത്രമായ റേഷൻ വിഭവങ്ങൾ കൊണ്ട് മാത്രം പാവപ്പെട്ട കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്ന യാഥാർഥ്യത്തെ സ്റ്റേറ്റ് കാര്യമായി അഭിസംബോധന ചെയ്യുന്നില്ല. ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സൗജന്യ റേഷൻ അവർക്കു ഇതിനു മുൻപ് തന്നെ കിട്ടികൊണ്ടിരിക്കുന്നതാണ്. എന്നാൽ, പല ആദിവാസി മേഖലയിലും റേഷൻ വിതരണ കേന്ദ്രങ്ങൾ കിലോമീറ്ററുകൾ ദൂരെയായതിനാലും ലോക്ഡൗൺ കാലത്തു മിതമായ നിരക്കിൽ വാഹന സൗകര്യം ലഭ്യമല്ലാത്തതിനാലും അമിത പണം മുടക്കിയാണ് അവരിൽ പലർക്കും റേഷൻ വീട്ടിലെത്തിക്കേണ്ടി വരുന്നത്. സാധാരണ ജനങ്ങളുടെ കയ്യിൽ അത്യാവശ്യത്തിനു പണമെത്തുന്നതിനുള്ള വിവിധ പെൻഷനുകൾ, മറ്റു സഹായ പദ്ധതികൾ എന്നിവ വിതരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഒരു പദ്ധതിയുടെയും ഭാഗമാകാത്ത സാധാരണക്കാർ ഇവയിൽ നിന്നെല്ലാം ഒഴിവാക്കപ്പെടുന്നു എന്നതും നാം കാണേണ്ടതുണ്ട്.
രാകേഷ് റാം എസ്: ഈ പകർച്ചവ്യാധിയും അതിനെതിരെയുള്ള പ്രതിരോധവും ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. പല രാജ്യങ്ങളും ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ചു യൂണിവേഴ്സൽ ബേസിക് ഇൻകം, മെഡിക്കൽ സംവിധാനങ്ങൾ രാജ്യവൽക്കരിക്കുക തുടങ്ങിയ സാമൂഹിക തുല്യത ഉറപ്പു വരുത്താനുള്ള പല നീക്കങ്ങളും നടത്തുന്നു. ഡയറക്റ്റ് ബെനിഫിറ്സ് ട്രാൻസ്ഫറിനെ പറ്റി ഒക്കെ വര്ഷങ്ങളായി സർക്കാർ സംസാരിക്കുന്നുണ്ടെങ്കിലും താഴേക്കിടയിലുള്ളവർ കടുത്ത ബുദ്ധിമുട്ടു നേരിടുന്ന ഈ സമയത്തു പ്രതിപക്ഷം പോലും അവർക്കു നേരിട്ട് സാമ്പത്തിക സഹായം കൊടുക്കുക തുടങ്ങിയ കാര്യങ്ങളെ പറ്റി സംസാരിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ നമ്മുക്ക് മെച്ചപ്പെട്ട മെഡിക്കൽ സംവിധാനങ്ങൾ ഉണ്ടെങ്കിലും ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളിൽ വലിയൊരു ശതമാനത്തിന് ഇവിടെയും ആരോഗ്യ സംരക്ഷണം നല്ല രീതിയിൽ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ എന്തൊക്കെ കാര്യങ്ങളാണ് താങ്കളുടെ അഭിപ്രായത്തിൽ സർക്കാരും സമൂഹവും മാറ്റങ്ങൾ വരുത്തേണ്ടത്?
രഘു ഇരവിപേരൂർ: 2018 ലും 2019 ലും കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതിയിൽ അകപ്പെട്ട പല ദളിത് , ആദിവാസി കുടുംബങ്ങൾക്കും, പ്രഖ്യാപിക്കപ്പെട്ട പല സഹായ പദ്ധതികളും ഇപ്പോഴും ലഭ്യമാകാത്ത അവസ്ഥ നിലനിൽക്കുന്നു. അവർക്കു പ്രാഥമികമായി പ്രഖ്യാപിക്കപ്പെട്ട 15000 രൂപ പോലും ലഭ്യമാകാത്തവർ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നത് സഹായ വിതരണത്തിനകത്തു നിലനിൽക്കുന്ന തുല്യതയില്ലായ്മയെയും ഒഴിവാക്കലിനെയുമാണ് എടുത്തു കാണിക്കുന്നത്. മാത്രമല്ല, പണം നേരിട്ട് താഴെ തട്ടിലെ ആളുകളുടെ കയ്യിലേക്ക് എത്തിക്കുന്ന പദ്ധതികളിൽ നിന്നും അവർ പരമാവധി ഒഴിവാക്കപ്പെടുന്നു എന്നതാണ് ഇതിലെ മറ്റൊരു സൂചകം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും ലഭ്യത പലയിടത്തും താഴെ തട്ടിലെ ജനങ്ങൾക്ക് തുലോം കുറവാണ് എന്നത്, നിലനിൽക്കുന്ന മറ്റൊരു യാഥാർഥ്യമാണ്.
ഇക്കാര്യങ്ങളിലൊക്കെ കാര്യമായ മാറ്റങ്ങൾ വരേണ്ടതുണ്ട്. രാജ്യത്തെ ഒരു പൗരനും അവരുടെ കുലം, നിറം , ഭാഷ , ജാതി, പ്രദേശം , ലിംഗം എന്നിവയുടെ പേരിൽ യാതൊരു വിവേചനവും ഉണ്ടാവാൻ പാടില്ല എന്നതിൽ രാഷ്ട്രങ്ങൾ ഉറപ്പു വരുത്തണം. പ്രത്യേകിച്ചും, ജാതി പോലെയുള്ള സാമൂഹ്യ വിഭജനങ്ങൾ നില നിൽക്കുന്ന ഇന്ത്യയിൽ ഇക്കാര്യത്തിൽ സൂക്ഷ്മമായ അവബോധവും ഇച്ഛാശക്തിയും സർക്കാരുകൾ പുലർത്തേണ്ടതുണ്ട്.
മുഖ്യമായും , ദളിത് കീഴാള സമൂഹങ്ങളുടെ പ്രാതിനിധ്യം, അധികാര തലങ്ങളിൽ അർഹമായ അളവിൽ ഉറപ്പു വരുത്തുക എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ഭരണഘടനാപരമായി ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും പല പദ്ധതികളുടെയും ഗുണഫലങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാകാതെ വരുന്നതിന്റെ പ്രധാന കാരണം, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും വിതരണ സംവിധാനത്തിലും നില നിൽക്കുന്ന സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമാണ്
പൊതു സംവിധാനങ്ങളുടെ പോളിസി രൂപീകരണം, അവയുടെ നടത്തിപ്പ് പ്രവർത്തന മേൽനോട്ടം എന്നിവ കീഴാള സമുദായങ്ങളുടെ നിർണ്ണായക പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ള വ്യത്യസ്ത തലത്തിലുള്ള സമിതികൾക്ക് കീഴിലായിരിക്കണം. അതായത് ദളിത്, ആദിവാസി സാമൂഹ്യ ജനവിഭാഗങ്ങളുടെ അഭിപ്രായവും പങ്കാളിത്തവും മുൻ കയ്യും ഉറപ്പാക്കിക്കൊണ്ട് മാത്രമേ സാമൂഹ്യ ക്ഷേമ പദ്ധതികൾ രാജ്യത്തു നടപ്പാക്കാവൂ.
~~~
രഘു ഇരവിപേരൂർ റൈറ്റ്‌സ്(തിരുവനന്തപുരം) എന്ന സംഘടനയുടെ സീനിയർ കോൺസൾറ്റൻറ് ആണ്. റൈറ്റ്‌സ് ദളിത് – പിന്നോക്ക സമുദായങ്ങളിൽ തൊഴിൽ പരിശീലനം, സാമൂഹിക ഉന്നമനം, വിദ്യാഭ്യാസം, ദുരിതാശ്വാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടന ആണ്.